എന്ന്‌ നന്നാകും ഈ പ്രതിപക്ഷം ?



വടിവെട്ടി ചെത്തിമിനുക്കി കൊണ്ടുകൊടുത്ത് അടിവാങ്ങുകയായിരുന്നു പ്രതിപക്ഷം.  സ്വർണക്കടത്ത്‌  സംബന്ധിച്ച്‌ നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസ് അത്തരമൊരു ദൈന്യതയിലാണ് അവരെ  എത്തിച്ചത്. ചർച്ച വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് സർക്കാർ അംഗീകരിക്കുമെന്ന്  അവർ ഒട്ടും പ്രതീക്ഷിച്ചില്ല. അനുമതി നിഷേധിക്കലും ഇറങ്ങിപ്പോക്കും പുറത്ത് ഏകപക്ഷീയമായ പത്രസമ്മേളനവും ആയിരുന്നു കണക്കുകൂട്ടൽ. സർക്കാർ ധീരമായി ചർച്ചയ്ക്കു തയ്യാറായതോടെ തുടക്കത്തിലേ പാളി. അടിയന്തര പ്രമേയങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ സർക്കാരും ഈ സർക്കാരും ഇത്തരത്തിലൊരു സമീപനം ആവർത്തിച്ചു സ്വീകരിക്കുന്നത് കേരളം കണ്ടതാണ്. പതിനാലാം നിയമസഭയിൽ ആറ് അടിയന്തര പ്രമേയത്തിനാണ് അനുമതി ലഭിച്ചത്. ഇത് റെക്കോഡായിരുന്നു. ഈ സഭയിലാകട്ടെ ചൊവ്വാഴ്‌ച അനുമതി ലഭിച്ചത് രണ്ടാമത്തെ അടിയന്തര പ്രമേയത്തിനാണ്. അതായത്, ഒരു കൊല്ലത്തിനിടയിൽ രണ്ടുതവണ പ്രതിപക്ഷം ഉന്നയിച്ച വിഷയം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായി എന്നർഥം. വാർത്താചാനലുകളുടെ അന്തിച്ചർച്ചയ്ക്കുള്ള ഒരു അസംബന്ധ വിഭവം മാത്രമാണ്  സ്വർണക്കടത്ത്‌  എന്നറിയാതെയല്ല ഭരണപക്ഷം ഈ ചർച്ചയെ അനുകൂലിച്ചത്; ഒന്നും ഒളിക്കാനില്ലെന്നും എന്ത് ചോദ്യത്തിനും ഉത്തരമുണ്ടെന്നുമുള്ള ഉറപ്പോടെതന്നെയാണ്. ആരോപണത്തിന്റെ പുകമറകൾ വകഞ്ഞുനീക്കാൻ  അവസരം ഉപയോഗിക്കുകതന്നെയായിരുന്നു ഭരണപക്ഷം. പ്രതിപക്ഷത്തോട് മുഖ്യമന്ത്രി എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങൾ അവസാനം ഉത്തരമില്ലാതെ ബാക്കിയാകുകയും ചെയ്തു. ഇന്നേക്ക് കൃത്യം രണ്ടുകൊല്ലംമുമ്പ് 2020 ജൂൺ മുപ്പതിന്  ദുബായിൽനിന്ന് കൊച്ചിയിലേക്ക്  അയച്ച ഒരു  നയതന്ത്ര ബാഗേജിനെ ചുറ്റിയുള്ള ഈ വിവാദം കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ പത്തുമാസം സമൂഹമധ്യത്തിൽ നിറഞ്ഞുനിന്നതാണ്. മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയപോലെ ‘നാല് കേന്ദ്ര ഏജൻസി ഇവിടെമാകെ ഉഴുതുമറിച്ച' കേസാണ്. മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ  ഒന്നോ രണ്ടോ  മന്ത്രിമാരെയെങ്കിലും പ്രതിപ്പട്ടികയിൽ എത്തിക്കാമെന്നായിരുന്നു പ്രതീക്ഷ. ഒന്നും നടന്നില്ല. നുണയുടെ കരിംപുകയ്‌ക്കു മുകളിൽ  സത്യം തലയുയർത്തി നിന്നു.  കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചെത്തി. അതോടെയാണ് പ്രതിയെ വാടകയ്‌ക്കെടുത്ത് ഒരു രണ്ടാം സീസണ് ബിജെപി തുടക്കമിട്ടത്. അവരുടെ പിന്നിൽ ഒരു നാണവുമില്ലാതെ തപ്പുകൊട്ടി കൂടുകയാണ് പ്രതിപക്ഷം. അതിന്റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാൻ പറ്റുമോ എന്നാണ് നോട്ടം. വിവാദ ബലൂണിന്റെ കാറ്റഴിച്ചുവിട്ട ആ നീക്കമാണ് നിയമസഭയിൽ കഴിഞ്ഞ ദിവസം പൊളിച്ചത്. എന്തേ സിബിഐ അന്വേഷിക്കുന്നില്ല എന്ന  പ്രതിപക്ഷത്തിന്റെ ചോദ്യം ഉത്തരമില്ലാത്ത ഒരു ഒന്നൊന്നര ചോദ്യമാണെന്നാണ്‌ ചില മാധ്യമങ്ങൾ വാദിക്കുന്നത്. സിബിഐക്കും മുകളിലെന്ന പ്രഖ്യാപനത്തോടെ, അമേരിക്കയുടെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ)യുടെ മാതൃകയിൽ കൊണ്ടുവന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ)പോലും കുത്തിമറിഞ്ഞ കേസിൽ ഇനി സിബിഐ വേണമെന്ന ആവശ്യത്തിന്‌ ഒറ്റ ലക്ഷ്യമേയുള്ളൂ. വീണ്ടും ഈ അസംബന്ധ ആരോപണങ്ങൾ പൊതുബോധത്തിലും മാധ്യമചർച്ചയിലും സജീവമാക്കുക എന്നുമാത്രം. അതിനു നിന്നുകൊടുക്കില്ല എന്നുതന്നെയാണ് സർക്കാർ നിലപാട്. പ്രതിപക്ഷം ഒരു പാഠവും പഠിക്കുന്നില്ല. കഴിഞ്ഞ ഭരണകാലത്ത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എടുത്തുപയോഗിച്ച, ഒടിഞ്ഞുതൂങ്ങി തുരുമ്പിച്ച ആയുധങ്ങളുമായി ഇങ്ങനെയൊരു ദയനീയ യുദ്ധത്തിന് അല്ലെങ്കിൽ  അവർ പുറപ്പെടുമായിരുന്നുവോ? ആർഎസ്എസ്  സംരക്ഷണയിലും ശമ്പളത്തിലും കഴിയുന്ന, സ്വർണക്കടത്ത് കേസ് പ്രതിയെ നായികയാക്കി  ഇത്തരത്തിലൊരു തിരക്കഥയ്‌ക്ക്‌ മുതിരുമായിരുന്നോ? ഗൂഢപദ്ധതികളിലൂടെ ആർഎസ്എസ് നെയ്‌തെടുക്കുന്ന തന്ത്രങ്ങളുടെ നടത്തിപ്പുകാരായി മാറുന്നതിന്റെ രാഷ്ട്രീയ അപകടം അവർക്ക് തിരിയാത്തതാണോ? ആണെന്ന് കരുതാൻ വയ്യ. കേരളത്തിലെ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഗുണപ്പെടും എന്നുവന്നാൽ എന്ത് വഴിവിട്ട നീക്കത്തിനും മുതിരുമെന്ന് തെളിയിച്ചവരാണല്ലോ  കോൺഗ്രസ്. ഏത് വർഗീയശക്തിക്കും ഒപ്പംനിൽക്കാൻ മടിക്കില്ലെന്നും കണ്ടതാണല്ലോ. ആ നിലപാട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരെ എത്തിച്ച പതനത്തിന്റെ ആഴം ഇനിയും അവർ അളന്നിട്ടില്ല. അത് മനസ്സിലാക്കുവോളം  അവർ ഈ കളി തുടരട്ടെ. അണികളെ ആർഎസ്എസിനു വളർത്താൻ നൽകി നാശത്തിന്റെ ശവക്കുഴി തോണ്ടട്ടെ. അവരെ ആർക്കും രക്ഷിക്കാനാകില്ല.   Read on deshabhimani.com

Related News