നിപായെ ഒറ്റക്കെട്ടായി അതിജീവിക്കാം



ഒരുവർഷത്തിന് ശേഷം നിപാ വൈറസ് രോഗബാധ വീണ്ടും കേരളത്തിലെത്തിയിരിക്കുന്നു. എറണാകുളത്ത് ചികിത്സയിലുള്ള വടക്കൻ പറവൂർ സ്വദേശിയായ എൻജിനിയറിങ്ങ് വിദ്യാർഥിക്ക്‌ നിപാ രോഗബാധയുണ്ടെന്ന് പുണെയിലുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കോഴിക്കോടാണ് നിപാ ബാധയുണ്ടായതും 16 പേർക്ക് ജീവഹാനി സംഭവിച്ചതും.  മാരക വൈറസിന്റെ സംക്രമണ സമയം അവസാനിക്കാറായ ഘട്ടത്തിലാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബംഗളൂരുവിലെ ഒരു സ്വകാര്യ ലാബും മണിപ്പാൽ വൈറസ്‌ റിസർച്ച്‌ സെന്ററും പിന്നീട് ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും നിപാ വൈറസ് ബാധ സംശയിച്ച ഘട്ടത്തിൽത്തന്നെ കേരളത്തിലെ ആരോഗ്യമന്ത്രാലയവും വകുപ്പും ജാഗ്രതയോടെ പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡെയും കൊച്ചിയിലെത്തുകയും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പാക്കിയിരുന്നു.  കളമശേരി, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്‌. അതോടൊപ്പം പ്രതിരോധമരുന്ന് റിവാബറിൻ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു. മാത്രമല്ല, രോഗബാധിതനായ തൊടുപുഴയിലെ എൻജിനിയറിങ് വിദ്യാർഥിയുമായി അടുത്തിടപഴകിയ സുഹൃത്തിനെയും നേഴ്സു‌മാരെയും ഉൾപ്പെടെ 86 പേരെ നിരീക്ഷിക്കാനും സംവിധാനം ഒരുക്കി. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാരിന്റെ ഭാഗത്തുനിന്ന‌് കൈക്കൊണ്ടു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന‌് തീർത്തും അനുകൂലമായ പ്രതികരണമാണുണ്ടായിട്ടുള്ളത്. എയിംസിൽനിന്നുള്ള വിദഗ‌്ധരടക്കമുള്ള ആറംഗ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിയുമായി ആശയവിനിമയം നടത്താനും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാനും തയ്യാറായിട്ടുണ്ട്.  പ്രതിപക്ഷനേതാവും എല്ലാ സഹകരണവും സർക്കാരിന് വാഗ്‌ദാനംചെയ്യുകയുണ്ടായി. ഒരുവർഷം മുമ്പ് ഒറ്റക്കെട്ടായി നിപാ ബാധയെ അതിജീവിക്കാൻ കഴിഞ്ഞ കേരളത്തിന് അതിപ്പോഴും സാധ്യമാണെന്ന  സന്ദേശംതന്നെയാണ് നൽകാനുള്ളത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ അനാവശ്യഭീതി പടർത്തുന്നതിൽനിന്ന‌് എല്ലാവരും മാറിനിൽക്കുകതന്നെ വേണം. രോഗലക്ഷണം കണ്ടാൽ ഉടൻതന്നെ ആശുപത്രിയെ സമീപിക്കുകയാണ് വേണ്ടത്. സ്വയം ചികിത്സയും മുറിവൈദ്യങ്ങളും നിരുത്സാഹപ്പെടുത്തണം. ഭീതി പടർത്തുന്നവർക്കെതിരെ അത് സാമൂഹ്യ മാധ്യമങ്ങളിലൂടെയായാലും നിരീക്ഷിക്കാനും കർശന നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.  ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മുൻ കരുതലുകളും പ്രതിരോധപ്രവർത്തനങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം.  അതോടൊപ്പം ശുചിത്വം പാലിക്കാനും പരിസരങ്ങളുംമറ്റും വൃത്തിയാക്കാനും വവ്വാലുകൾ കടിച്ച പഴവർഗങ്ങൾ കഴിക്കുന്നത് ഉപേക്ഷിക്കാനും തയ്യാറാകണം. വൈറസ് ബാധിക്കുന്നവരുടെ മരണനിരക്ക് ഏറെ ഉയർന്നതായതിനാൽ വൈറസ് ബാധ പടരാതിരിക്കാനുള്ള മുൻകരുതലിനാണ് പ്രാധാന്യം നൽകേണ്ടത്. രോഗശമനത്തിന് പ്രത്യേക ചികിത്സയോ പ്രതിരോധമരുന്നുകളോ  ഇല്ല എന്നതിനാൽ പ്രത്യേകിച്ചും.  ഒരു വർഷം മുമ്പ് നിപാ വൈറസ് ബാധിച്ചപ്പോൾ അത് എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ വ്യക്തമായ അറിവ് കേരളത്തിനുണ്ടായിരുന്നില്ല. പുസ്‌തകത്തിലുംമറ്റും വായിച്ച അറിവേ ഇവിടത്തെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഉണ്ടായിരുന്നുള്ളൂ. വൈറസ് ബാധയുള്ളവരെ ചികിത്സിച്ച് പരിചയമുണ്ടായിരുന്നില്ല. ഈ പരിമിതികളൊക്കെ നിലനിൽക്കുമ്പോഴും കേരളത്തിലെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുക വഴി അതിനെ അതിജീവിക്കാൻ അന്ന് നമുക്ക്‌ കഴിഞ്ഞു.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നും ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയും രോഗിയുമായി അടുത്ത് ബന്ധപ്പെട്ട ആയിരത്തിലധികംപേരുടെ പട്ടിക തയ്യാറാക്കി അവരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങൾ കാട്ടിയവരെ ഉടൻ ചികിത്സിക്കാനുംമറ്റും തയ്യാറായാണ് അന്ന് നമുക്ക് നിപായെ അതിജീവിക്കാൻ കഴിഞ്ഞത്. മരണസംഖ്യ കുറയ്‌ക്കാൻ കഴിഞ്ഞെന്ന് മാത്രമല്ല, രണ്ടാഴ്ചയ‌്ക്കകംതന്നെ നിപായെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് കഴിഞ്ഞു.  ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ പ്രവർത്തനമായിരുന്നു അത്. ലോകാരോഗ്യ സംഘടന പോലും കേരളത്തിന്റെ ഈ പ്രവർത്തനത്തെ പ്രകീർത്തിച്ചു.  ഈ അനുഭവം കൈമുതലാക്കിയാണ് ഇപ്പോഴത്തെ നിപാ ബാധയെ നാം നേരിടേണ്ടത്. അതിന് നമുക്ക് കഴിയുകതന്നെ ചെയ്യും. ജാഗ്രത കൈവിടാതെ ഒറ്റക്കെട്ടായി നമുക്ക് ഈ വിപത്തിനെയും നേരിടാം. Read on deshabhimani.com

Related News