പ്രാധാന്യം നല്‍കേണ്ടത് രാഷ്ട്രീയ, നയതന്ത്ര നീക്കങ്ങള്‍ക്ക്



നിയന്ത്രണരേഖയോടുചേര്‍ന്ന പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണവും ഏല്‍പ്പിച്ച ആഘാതവും പാകിസ്ഥാന്‍ ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തിനുള്ള മറുപടിയാണ്. ഏഴ് തീവ്രവാദകേന്ദ്രങ്ങളാണ് കരസേനയുടെ പ്രത്യേക കമാന്‍ഡോ വിഭാഗം സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ തകര്‍ത്തത്. ഉറിയിലെ സൈനികകേന്ദ്രത്തിനുനേരെ ഭീകരാക്രമണം നടന്ന് പത്താംനാളിലുണ്ടായ ഈ തിരിച്ചടിയെക്കുറിച്ച് ആദ്യം നിഷേധപ്രസ്താവനകള്‍ നടത്തിയ പാകിസ്ഥാന്‍ ഒടുവില്‍ ഏഴ് ഇന്ത്യന്‍ സൈനികരെ തങ്ങള്‍ വധിച്ചു എന്ന അവകാശവാദമാണുയര്‍ത്തുന്നത്. അത് വ്യാജപ്രചാരണമാണെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നഗ്നമായ അധിനിവേശമാണ് നടന്നതെന്ന പാകിസ്ഥാന്റെ ആരോപണം ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍  രാഷ്ട്രീയ, നയതന്ത്രനീക്കങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയാണ്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യാന്‍ ജാഗ്രതയോടെയുള്ള മുന്‍കൈ ഉണ്ടാകണം. പത്താന്‍കോട്ടും ഉറിയും പോലുള്ളവ ഒരിക്കലും സംഭവിക്കരുതാത്ത അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത്.  ശത്രുത കൂടുതല്‍ വര്‍ധിക്കാന്‍ അനുവദിക്കരുത്.   സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്നാഥ്സിങ് പാകിസ്ഥാനില്‍ എത്തിയപ്പോള്‍ ആശാസ്യരീതിയിലല്ല ആ രാജ്യം പെരുമാറിയത്. പത്താന്‍കോട്ടിനുപുറമെ ഉറിയിലും ഭീകരവാദികള്‍ ഇന്ത്യന്‍ പട്ടാളത്തിനുനേരെ ആക്രമണം നടത്തുകയും പാക് അധീന കശ്മീരിലെ ഭീകരപരിശീലനകേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തതോടെ സാര്‍ക് സംവിധാനംതന്നെ മരവിപ്പിലെത്തി. സംഘര്‍ഷം തുടരുന്നത് സാര്‍ക്ക് സംവിധാനത്തെ മാത്രമല്ല ബാധിക്കുക. വിവിധ രാജ്യങ്ങള്‍തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയ്ക്കൊന്നിനും യുദ്ധം പരിഹാരമല്ല. ഇന്ത്യയുടെ ഓരോ സൈനികന്റെയും ജീവനെക്കുറിച്ച് നമുക്കാകെ കരുതലുണ്ട്. അതിര്‍ത്തിയില്‍ നാടിനെ രക്ഷിക്കാന്‍ ക്ളേശകരമായ ജീവിതം നയിക്കുന്ന നമ്മുടെ സഹോദരന്മാര്‍ക്കെതിരെ ഭീകരാക്രമണത്തിനൊരുമ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കണം. അതുകൊണ്ടാണ്, ഇന്ത്യന്‍ സൈന്യം പാക് ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ ആസൂത്രിതമായ ആക്രമണം നടത്തിയ വിവരം പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ അതിനെ സ്വാഗതംചെയ്തത്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതും സുരക്ഷാസംവിധാനങ്ങള്‍ കനപ്പെടുത്തുന്നതും സ്കൂളുകള്‍ക്കുംമറ്റും ദീര്‍ഘകാല അവധി നല്‍കുന്നതും സംബന്ധിച്ച വാര്‍ത്തകളാണ് അതിര്‍ത്തിയില്‍നിന്ന് വരുന്നത്. സംഘര്‍ഷം കനക്കുന്നതിന്റെ വിദൂരസൂചനകളെങ്കിലും നല്‍കുന്നുണ്ട് അത്തരം നടപടികള്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ മറുവശം ആ ജനങ്ങള്‍ കൂടുതല്‍ ക്ളേശകരമായ ജീവിതസാഹചര്യങ്ങളിലേക്ക് നയിക്കപ്പെടുക എന്നുമാണ്. അതാകട്ടെ, സംഘര്‍ഷാന്തരീക്ഷത്തില്‍ അനിവാര്യവുമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടല്‍ കൂടുതല്‍ ശക്തവും സാര്‍ഥകവുമാകോണ്ടതുണ്ട് എന്നാണ് ഇതിനര്‍ഥം.    ഇന്ത്യയും പാകിസ്ഥാനും  അമേരിക്കയുടെ കൂട്ടാളികളാണ്. സാമ്രാജ്യത്വത്തിന് ഇരുരാജ്യങ്ങളും സമാധാനത്തില്‍ കഴിയുന്നത് ഹിതകരമല്ല. സംഘര്‍ഷവും അതിന്റെ മറുവശമായ ആയുധവില്‍പ്പനയും സാമ്രാജ്യതാല്‍പ്പര്യമാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള മുന്‍കൈയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചത് തീര്‍ത്തും ന്യായമായ കാര്യമാണ്.  ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇനിയുമുണ്ടാകരുത് എന്നതാണ് ഇരു രാജ്യങ്ങളും ഉറപ്പിക്കേണ്ട പ്രധാന കാര്യം.  ഭീകരാക്രമണത്തെ ശക്തിയുക്തം ചെറുക്കുന്നതോടൊപ്പം  നിലവിലുള്ള പ്രശ്ങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണം. പ്രകോപനപരമായ വാക്കുകളും ഇടപെടലും ഒഴിവാക്കണം. കൈയൂക്കിലൂടെ  ഒരു പ്രശ്നത്തിനും സ്ഥായിയായ പരിഹാരം കാണാനാകില്ല. അത് തിരിച്ചറിയുന്നതാണ്  രാജ്യതന്ത്രജ്ഞതയുടെ മികവ്. ഭീകരാക്രമണങ്ങളുടെയും അതിനുള്ള മറുപടിയുടെയും ഇടയില്‍ മറന്നുപോകുന്ന ഒരു കാര്യം ജനങ്ങളുടെ ജീവതംതന്നെയാണ്. ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നേപ്പാളും ഭൂട്ടാനും ബംഗ്ളാദേശും ശ്രീലങ്കയും, മാലിദ്വീപും അടങ്ങുന്ന സാര്‍ക്ക് സമൂഹം  ലോക ജനസംഖ്യയില്‍ അഞ്ചിലൊന്ന് ഭൂവിഭാഗമാണ്. ദരിദ്രരുടെയും നിരക്ഷരരുടെയും രോഗികളുടെയും  ഇടംകൂടിയാണിത്. ലോകത്താകെയുള്ള ദരിദ്ര–നിരക്ഷര–രോഗബാധിത ജനസംഖ്യയുടെ അഞ്ചില്‍രണ്ടും ഇവിടെയാണുള്ളത്. ഒന്നിച്ചുനിന്ന് ജനങ്ങളുടെ പട്ടിണി മാറ്റുകയും അവരെ ദാരിദ്യ്രത്തിന്റെയും രോഗത്തിന്റെയും നിരക്ഷരതയുടെയും പിടിയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്യേണ്ട രാഷ്ട്രസമൂഹമാണ് സംഘര്‍ഷത്തിന്റെയും പകയുടെയും അന്തരീക്ഷത്തില്‍ ലക്ഷ്യത്തില്‍നിന്ന് അകന്നുപോകുന്നത്. സാമ്പത്തിക–സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞാലേ  രാജ്യങ്ങള്‍ക്ക് മുന്നോട്ടുപോകാനാകൂ.  ഭീകരരെ  അമര്‍ച്ചചെയ്യുന്നതോടൊപ്പം  ജനങ്ങളുടെ ജീവിതസൂചികകളിലേക്ക് കണ്ണ് പായിക്കുകയും ഇടപെടുകയും ചെയ്യുകയാണാവശ്യം Read on deshabhimani.com

Related News