കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ പ്രാധാന്യം



ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റുവിഭജനം പൂര്‍ത്തിയാക്കിയ യോഗത്തില്‍ പാസാക്കിയ പ്രമേയം കാര്‍ഷികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ്. സംസ്ഥാനം ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് എന്ന ശരിയായ തിരിച്ചറിവിലാണ് ഇത്. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഫലമാണ് കാര്‍ഷികപ്രതിസന്ധി. അത് ജനജീവിതത്തെ ബാധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 66 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ജപ്തിഭീഷണിയെത്തുടര്‍ന്ന് ബാലരാമപുരത്ത് അജി എന്ന കര്‍ഷകന്‍ ആത്മഹത്യചെയ്തത് കഴിഞ്ഞദിവസമാണ്. കേരളത്തിലെ വടക്കന്‍ജില്ലയില്‍നിന്ന് ഒരു റബര്‍കര്‍ഷകന്‍ ദീര്‍ഘദൂരം യാത്രചെയ്ത് കെ എം മാണിയുടെ (അന്ന് മന്ത്രിയായിരുന്നു) മണ്ഡലത്തിലെത്തി ജീവനൊടുക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തില്‍ പ്രതിഷേധിച്ചാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്താകെ കര്‍ഷക ആത്മഹത്യ 26 ശതമാനമാണ് വര്‍ധിച്ചത്.  കാര്‍ഷികമേഖലയ്ക്കുള്ള വിഹിതം കേന്ദ്രബജറ്റില്‍ വര്‍ധിപ്പിച്ചില്ല; കണക്കിലെ കളിയിലൂടെ വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു എന്ന് പ്രചാരണം നടത്തുകയാണുണ്ടായത്. കാര്‍ഷികമേഖലയിലെ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന നയം തുടരുന്നു. കാര്‍ഷികോല്‍പ്പാദനവും പുറകോട്ടുപോകുന്നു. ആസിയന്‍ കരാര്‍ വന്നതോടെ കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിഞ്ഞു. കേന്ദ്രത്തില്‍ സമ്മര്‍ദംചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വന്‍ വിലയിടിവു കാരണം കര്‍ഷകര്‍ റബര്‍ വെട്ടിമാറ്റുന്നു. എടവണ്ണപ്പാറയില്‍ ഒരു കര്‍ഷകന്‍ 11,000 റബര്‍മരമാണ് വെട്ടിമാറ്റിയത്. 2011ല്‍ റബറിന് കിലോയ്ക്ക് 248 രൂപ വിലയുണ്ടായിരുന്നു. ഇന്നത് 80–90 രൂപയായി. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാഫണ്ട് മൂന്നിലൊന്നുപോലും ചെലവിട്ടില്ല. കേരളത്തിലെ 12 ലക്ഷം റബര്‍കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിടക്കാരാണ്. അവര്‍ കടംകയറി നട്ടംതിരിയുന്നു. സര്‍ക്കാരിന്റെ ഒരിടപെടലും ഫലം കണ്ടിട്ടില്ല; ആത്മാര്‍ഥതയില്ലാത്ത പ്രഖ്യാപനങ്ങള്‍ പ്രയോഗത്തില്‍ വന്നിട്ടുമില്ല. യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട ആസിയന്‍ കരാറിന്റെ മറവില്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതിചെയ്യുകയാണ്. റബറിന്റെ ഇറക്കുമതിത്തീരുവ ഇപ്പോള്‍ 25 ശതമാനംമാത്രമാണ്. തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ റബര്‍ ഉല്‍പ്പാദനത്തിന്റെ 95 ശതമാനം കേരളത്തിലായിരുന്നു. കേരളം 10 ലക്ഷം ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. വിലയിടിവിന്റെ ഫലമായി ഉല്‍പ്പാദനം ആറുലക്ഷം ടണ്ണായി കുറഞ്ഞു.  റബറിനുപുറമെ ഏലം, കുരുമുളക്, തേയില, വാഴ തുടങ്ങിയ വിളകളും പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഒരു കിലോ ഏലത്തിന് 1500–1600 രൂപ കിട്ടിയിരുന്നത് 600 രൂപയായി കുറഞ്ഞു. ഗ്വാട്ടിമാലയില്‍നിന്ന് വന്‍തോതില്‍ ഏലം ഇറക്കുമതിചെയ്യുന്നു. തേയിലത്തോട്ടങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുംവിധം വിലക്കുറവ് തുടരുകയാണ്. കുരുമുളകുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണ് വന്നത്. കാലാവസ്ഥാ വ്യതിയാനം, വര്‍ധിച്ച കൃഷിച്ചെലവ് എന്നിവയെല്ലാം ഇതിന് കാരണമാണ്. കേരളത്തില്‍ ഏറ്റവുമധികംപേര്‍ ആശ്രയിക്കുന്ന കൃഷിയാണ് നാളികേരം. കിലോഗ്രാമിന് 36 രൂപയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോള്‍ 16 രൂപ. ചുരുക്കിപ്പറഞ്ഞാല്‍, കാര്‍ഷിക കേരളം ഗുരുതരാവസ്ഥയിലാണ്. വരള്‍ച്ചയും ഇതര പ്രകൃതിവിഷയങ്ങളും മാറ്റിനിര്‍ത്തിയാല്‍, സര്‍ക്കാരുകളുടെ തെറ്റായ നയത്തിന്റെ ഫലമാണ് ഈ പ്രതിസന്ധി. ഇത്തരമൊരവസ്ഥയില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഇടപെടലാണ് അനിവാര്യമായും വേണ്ടത്. ആ ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്തിരിക്കുന്നു എന്ന പ്രഖ്യാപനമാണ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമായത്്.  ഇടതുപക്ഷ ജനാധിപത്യമുന്നണി കാര്‍ഷികമേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന്റെ ഫലമായാണ്, മുന്നണിയെ നയിക്കുന്ന പാര്‍ടി മുന്‍കൈയെടുത്ത് വിഷരഹിത പച്ചക്കറി കൃഷിയില്‍ ഉണ്ടാക്കിയ മുന്നേറ്റം. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍, കൃഷിയുടെ ആധുനികവല്‍ക്കരണവും അതിലൂടെയുണ്ടാകുന്ന ഉല്‍പ്പാദന വര്‍ധനയും സഹായകമാകും. ഈ മേഖലയില്‍ ശാസ്ത്രീയതയില്‍ ഊന്നിയതും പുതിയ തലമുറയ്ക്കടക്കം ഉപയോഗയോഗ്യവുമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തിന്റെ അനുഭവം കാര്‍ഷികത്തകര്‍ച്ചയുടേതാണെങ്കില്‍, വിപരീതമായി കര്‍ഷകരെയും കൃഷിയെയും രക്ഷിക്കുന്നതും പുതിയ സാധ്യത തുറന്നിടുന്നതുമായ നയസമീപനമാണ് എല്‍ഡിഎഫിന്റേത്. ഇടതുപക്ഷം നേതൃത്വംനല്‍കിയ സര്‍ക്കാരുകളുടെ കാലത്തെല്ലാം കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം ലഭിക്കുകയും കൃഷി വലിയതോതില്‍ വളരുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ആ നേട്ടത്തിന് തിളക്കംകൂട്ടുന്ന ഇടപെടലാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടാവുക എന്നാണ് കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്ന സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ അണിചേരുക എന്ന ആഹ്വാനം തെളിയിക്കുന്നത് Read on deshabhimani.com

Related News