പദ്ധതിയുടെ അപ്രായോഗികത



2016–17 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള കേരളത്തിന്റെ പദ്ധതി അടങ്കല്‍ 30,534 കോടി രൂപയുടേതെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. ഇതില്‍ 6534 കോടി രൂപ കേന്ദ്ര സ്പോണ്‍സേര്‍ഡ് പദ്ധതികള്‍വഴി എത്തും എന്നതാണ് പ്രതീക്ഷ. ആ തുക കുറച്ചാല്‍ സംസ്ഥാനത്തിന്റെ അടങ്കല്‍ 24,000 കോടിയുടേതാണെന്നു വരുന്നു. 2015–16 വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ 20,000 കോടിയുടേതായിരുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഇതില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടെന്നു കാണാം. എന്നാല്‍, പ്രശ്നം പദ്ധതി അടങ്കലില്‍ വര്‍ധനയുണ്ടോ എന്നതല്ല, മറിച്ച് പദ്ധതി ഏതെങ്കിലും വര്‍ഷം പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ എന്നതാണ്. നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കാന്‍ കേവലം മൂന്നുമാസംമാത്രമുള്ള ഈ ഘട്ടത്തില്‍ വാര്‍ഷികപദ്ധതിയുടെ 70 ശതമാനവും നടപ്പാക്കാതെ വിട്ടിരിക്കുന്നു എന്നതാണു സത്യം. ഒമ്പതുമാസംകൊണ്ട് കേവലം 30 ശതമാനം പദ്ധതിമാത്രം നടപ്പാക്കിയവര്‍ക്ക് വെറും മൂന്നുമാസംകൊണ്ട് 70 ശതമാനം നടപ്പാക്കാന്‍ കഴിയുമോ? ഇല്ല എന്നത് സാമാന്യയുക്തിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. ഓരോ വര്‍ഷവും ജനങ്ങളെ പറ്റിക്കാന്‍ പദ്ധതി അടങ്കല്‍ തുക കാര്യമായി ഉയര്‍ത്തി നിശ്ചയിക്കുക. പിന്നീട് സാമ്പത്തികവര്‍ഷം പാതികടക്കുമ്പോള്‍ പദ്ധതി വെട്ടിച്ചുരുക്കുക. വര്‍ഷാവസാനമാകുമ്പോള്‍ വെട്ടിച്ചുരുക്കിയ പദ്ധതിപോലും നടപ്പാക്കാതിരിക്കുക. ഇതാണ് യുഡിഎഫ് ഭരണത്തില്‍ തുടര്‍ച്ചയായി കണ്ടുപോരുന്നത്. രണ്ടുമൂന്നുതവണ പദ്ധതി വെട്ടിച്ചുരുക്കിയ വര്‍ഷങ്ങള്‍പോലുമുണ്ട്. പദ്ധതി പൂര്‍ണമായി നടപ്പാക്കിയ വര്‍ഷം ഇല്ലതാനും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തിന്റെ ചില വര്‍ഷങ്ങളിലാകട്ടെ, പദ്ധതി ലക്ഷ്യത്തെ മറികടക്കുംവിധം നടപ്പാക്കിയതിന്റെ ചരിത്രംപോലുമുണ്ട്. യുഡിഎഫ് ഭരണം നടപ്പാക്കാനാകാത്ത പദ്ധതി ഏറ്റെടുക്കുകയും ഒടുവില്‍ പദ്ധതി അപ്പാടെ വഴിയിലുപേക്ഷിച്ചു പോകുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നടപ്പുസാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വരുംവര്‍ഷം പദ്ധതി അടങ്കലില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നു പറയുന്നതില്‍ കഴമ്പൊന്നുമില്ല. പ്രഖ്യാപിതപദ്ധതിയില്‍ എത്ര വര്‍ധനയുണ്ട് എന്നതല്ല, പ്രഖ്യാപിച്ചശേഷം വെട്ടിക്കുറച്ച പദ്ധതിയെങ്കിലും പൂര്‍ണമായി നടപ്പാക്കാനാകുന്നുണ്ടോ എന്നതാണു പ്രധാനം. ഇങ്ങനെ നോക്കുമ്പോള്‍ ദയനീയമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനമെന്നു കാണാം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം കേന്ദ്രസഹായത്തില്‍ വലിയ കുറവുണ്ടാകാന്‍ പോകുന്നു എന്നതാണ്. നടപ്പു സാമ്പത്തികവര്‍ഷം 7657 കോടിയുടെ കേന്ദ്രസഹായമാണുണ്ടായിരുന്നത്. ഇതാണ് 6534 കോടിയായി കുറയുന്നത്. 1123 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്കുണ്ടാകുന്നത്. ഇത് സംസ്ഥാനത്തിന്റെ പദ്ധതിനടത്തിപ്പിനെ വലിയ ഒരളവില്‍ ഞെരുക്കും; പ്രത്യേകിച്ച് കേന്ദ്രപദ്ധതികള്‍ സംസ്ഥാനപദ്ധതികളെന്ന മറയിട്ട് അവതരിപ്പിക്കുന്ന രീതിയുടെ പശ്ചാത്തലത്തില്‍. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ നികുതി ഓഹരിയോ ഇതര സാമ്പത്തികസഹായമോ നേടിയെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തിന്റെ വലിയ ഒരു നികുതിവരുമാനമേഖലയാണ് കോര്‍പറേറ്റ് ടാക്സ്. നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന വര്‍ഷംതന്നെ അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് ടാക്സ് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചുകൊടുത്തു. എന്നിട്ടും വലിയ ഒരു തുകയാണ് കേന്ദ്രത്തിന് കോര്‍പറേറ്റുകളില്‍നിന്ന് പിരിഞ്ഞുകിട്ടുന്നത്. ഇതിന്റെ ന്യായമായ ഭാഗം സംസ്ഥാനങ്ങള്‍ക്ക് വീതിക്കാന്‍ കേന്ദ്രം തയ്യാറല്ല. സംസ്ഥാനം ഇതൊട്ടു ചോദിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ നികുതി അധികാരമേഖലയില്‍നിന്ന് നിരവധി ഇനങ്ങളെ കഴിഞ്ഞ കാലഘട്ടത്തില്‍ കന്ദ്രം കേന്ദ്രനികുതി അധികാരമേഖലയിലേക്കു മാറ്റി; വില്‍പ്പന നികുതിപ്പട്ടികയില്‍നിന്ന് അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി പട്ടികയിലേക്കു മാറ്റി. അതുകൊണ്ട് സംസ്ഥാനത്തിന് വന്‍തോതില്‍ നഷ്ടമുണ്ടായി. ഈ നഷ്ടം നികത്തിത്തരാമെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഈ ഉറപ്പ് പാലിക്കണമെന്ന് ഒന്ന് കേന്ദ്രത്തെ ഓര്‍മിപ്പിക്കാന്‍പോലും യുഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. വാര്‍ഷികപദ്ധതി അടങ്കലിന്റെ വീതംവയ്പ് ന്യായയുക്തമോ സമതുലിതമോ ആണെന്നു പറയാനാകില്ല. തദ്ദേശഭരണാധികാരസ്ഥാപനങ്ങളില്‍ പുതിയ സമിതികള്‍ വന്നശേഷമുള്ള ആദ്യ ബജറ്റാണ് ഇത്. പുതുതായി തുടങ്ങിയ തദ്ദേശസ്ഥാപനങ്ങള്‍ക്കാകട്ടെ ഓഫീസ് ചെലവിനുപോലും കാശില്ല. എന്നിട്ടും നാമമാത്രമായ വര്‍ധനമാത്രമാണ് തദ്ദേശസമിതികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. 4800 കോടി ആയിരുന്നത് 5000 കോടിയാക്കി. തദ്ദേശസമിതികളെ ഊര്‍ജസ്വലമാക്കാനോ അധികാരവികേന്ദ്രീകരണത്തെ അര്‍ഥവത്താക്കാനോ ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതിനടത്തിപ്പിനോ ഒന്നും ഈ തുക മതിയാവില്ല. മിക്കവാറും എല്ലാ ഉത്തരവാദിത്തങ്ങളും ചുമതലകളും ഭരണത്തിന്റെ താഴെത്തട്ടിലേക്ക് കൈമാറിയിരിക്കെ മൊത്തം പദ്ധതി അടങ്കലായ 30,534 കോടിയില്‍ തുച്ഛമായ 5000 കോടിമാത്രം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ട് 25,534 കോടി സംസ്ഥാനസര്‍ക്കാര്‍ കൈയില്‍ സൂക്ഷിക്കുന്നതിന് ന്യായീകരണമില്ല. ആറ് കോര്‍പറേഷനുകള്‍ക്കും 14 ജില്ലാ പഞ്ചായത്തുകള്‍ക്കുമായി 500 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ആ തുക എന്തിന് ചെലവിടണമെന്ന് സംസ്ഥാനം നിര്‍ദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രായോഗികവശം, അടിയന്തര ആവശ്യം എന്നിവ മുന്‍നിര്‍ത്തി മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ അവകാശമില്ല. ഇത് അധികാരവികേന്ദ്രീകരണമെന്ന തത്വത്തെത്തന്നെ തകര്‍ക്കും. സംസ്ഥാനം 70 ശതമാനം കൊടുക്കുമ്പോള്‍ 30 ശതമാനം തദ്ദേശസമിതികള്‍ കണ്ടെത്തിക്കൊള്ളണമെന്ന വ്യവസ്ഥ വേറെ! അടിസ്ഥാനസൌകര്യവികസനം പ്രധാനമാണെന്നു പറയുമ്പോള്‍ത്തന്നെ, അതിനായുള്ള തുകയില്‍ വരുത്തിയ വര്‍ധന 536 കോടിയുടേതുമാത്രം. അടിസ്ഥാനസൌകര്യമില്ലാതെ എന്ത് വികസനമാണ് സാധ്യമാവുക! Read on deshabhimani.com

Related News