മോഡിസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കം



ജനാധിപത്യത്തിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും അന്തസ്സത്ത കളഞ്ഞുകുളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോഡിസര്‍ക്കാരിന് നീതിപീഠത്തില്‍നിന്ന് തിരിച്ചടി കിട്ടുന്നത് സ്വാഭാവികം. ഉത്തരാഖണ്ഡില്‍ പിന്‍വാതില്‍വഴി അധികാരത്തില്‍ വരാന്‍ മോഡിസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന് ലഭിച്ച ആഘാതമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ലഭിച്ചത് താല്‍ക്കാലിക സ്റ്റേ മാത്രമാണ്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതുവരെയാണ് സ്റ്റേ. കേസ് 27ന് വീണ്ടും വാദം കേള്‍ക്കും. കേന്ദ്രം ജനാധിപത്യത്തിന്റെ അടിവേരറുക്കുകയാണെന്ന ഹൈക്കോടതി നിരീക്ഷണത്തില്‍ത്തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. അതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടുതാനും. ഉത്തരാഖണ്ഡില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ കാലുമാറ്റം നടത്തി അധികാരത്തിലെത്താനാണ് ബിജെപി ശ്രമം. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ബിജെപിയുടെ അട്ടിമറിശ്രമത്തെ നേരിട്ടത് വിശ്വാസവോട്ടിന് തയ്യാറെടുത്തുകൊണ്ടാണ്. എന്നാല്‍, വിശ്വാസവോട്ട് നേടാന്‍ നിയമസഭായോഗം വിളിച്ചുചേര്‍ക്കുന്നതിന്റെ തലേദിവസം കോണ്‍ഗ്രസ് മന്ത്രിസഭയെ തികച്ചും ജനാധിപത്യവിരുദ്ധമായി ഭരണഘടനയിലെ 356–ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പിരിച്ചുവിടുകയാണുണ്ടായത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം ലഭിച്ച് നിയമാനുസരണം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ നിലവിലുള്ള മുഖ്യമന്ത്രിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കേണ്ടത് നിയമസഭയ്ക്കകത്താണ്. ഒരു മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം സാമാജികരുടെയും പിന്തുണ ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനുള്ള വേദി നിയമസഭ മാത്രമാണ്. അതിന് അവസരം നല്‍കാതെ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. കോടതിവിധിയും ഭരണഘടനാവ്യവസ്ഥകളും നഗ്നമായി ലംഘിച്ചാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത്. അതുകൊണ്ടുതന്നെ ഹൈക്കോടതി ബെഞ്ച് രാഷ്ട്രപതിഭരണം റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഏപ്രില്‍ 29ന് വിശ്വാസവോട്ട് തേടണമെന്നും നിര്‍ദേശിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ പ്രഖ്യാപിച്ച രാഷ്ട്രപതിഭരണം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്ത നടപടി മോഡിസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണക്രമത്തിനെതിരെയുള്ള വിധിയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അയോഗ്യരാക്കിയ നിയമസഭാസ്പീക്കറുടെ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തു. മാര്‍ച്ച് 28ന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ അതുവരെ കാത്തുനില്‍ക്കാതെ ഒരുദിവസം മുമ്പ് 27–ാം തീയതിയാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. ജനാധിപത്യഭരണക്രമത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ സ്വേച്ഛാധിപത്യപരമായ തീരുമാനമെടുക്കാന്‍ കഴിയൂ. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് നടപടിയെന്ന് നിരീക്ഷിച്ച് മോഡിഭരണത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചെയ്തത്. ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കുന്നതുകൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും വിലയിരുത്തുന്നു. കൂറുമാറ്റനിരോധന നിയമം നിലവിലുണ്ടെന്നുപോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓര്‍ക്കാന്‍ തയ്യാറാകുന്നില്ല. ഉത്തരാഖണ്ഡില്‍ പയറ്റിയ അടവ് അനുവദിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലും ഇത് പ്രായോഗിക്കാനിടയുണ്ടെന്ന ചീഫ് ജസ്റ്റിസ്റ്റ് കെ എം ജോസഫിന്റെ നിരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉത്തരാഖണ്ഡിലെ പിരിച്ചുവിടല്‍ മോഡിസര്‍ക്കാരിന്റെ ആദ്യത്തെ ജനാധിപത്യവിരുദ്ധ നടപടിയല്ല. നീതിന്യായവ്യവസ്ഥയോട് കളിക്കാനുള്ള ധൈര്യം ഇക്കൂട്ടര്‍ക്ക് എവിടെനിന്നാണ് കിട്ടിയതെന്ന് ഹൈക്കോടതി ചോദിച്ചു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ജനാധിപത്യവ്യവസ്ഥ തകര്‍ക്കാനാണ് ബോധപൂര്‍വം ശ്രമിക്കുന്നത്. കോടതികളെ പരസ്യമായി വെല്ലുവിളിക്കുന്ന രീതിയാണ് മോഡിസര്‍ക്കാര്‍ അംഗീകരിച്ചുകാണുന്നത്. ഉത്തരാഖണ്ഡിലെ ജനാധിപത്യപരമായ സംസ്ഥാന സര്‍ക്കാരിനെ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധി ഇന്ത്യയില്‍ നിലനിന്നുവരുന്ന ജനാധിപത്യത്തിനും ഫെഡറല്‍ വ്യവസ്ഥയ്ക്കും സംരക്ഷണം നല്‍കുന്നതാണെന്നതില്‍ സംശയമില്ല. ഈ വിധി നരേന്ദ്ര മോഡി സര്‍ക്കാരിനുള്ള താക്കീതുകൂടിയാണെന്ന് കാണണം. എന്നാല്‍, ചെയ്ത തെറ്റ് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ സുപ്രീംകോടതിയെ സമീപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. പക്ഷേ, ഇടക്കാല സ്റ്റേ മാത്രം അനുവദിച്ച സുപ്രീംകോടതി കേസ് വീണ്ടും 27ന് പരിഗണിക്കും. എന്തായാലും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ തുടര്‍ച്ചയായി നീങ്ങുന്ന മോഡി സര്‍ക്കാരിന്റെ നയം നാടിന് ആപത്താണെന്നത് കാണാതിരുന്നുകൂടാ Read on deshabhimani.com

Related News