കേന്ദ്രം സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തണം



വിവിധ ദേശ-ഭാഷ-സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇന്ത്യാ മഹാരാജ്യത്ത് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തവും വിഭവശേഷിയുള്ളതുമാകുമ്പോഴേ ക്ഷേമരാഷ്ട്രസങ്കല്‍പ്പം സാര്‍ഥകമാകുകയുള്ളൂ. ഭരണഘടനാശില്‍പ്പികള്‍ ഈ യാഥാര്‍ഥ്യം ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കിയതിനാലാണ് കെട്ടുറപ്പുള്ള ഒരു ഭരണസംവിധാനം ഇന്ത്യയില്‍ സാധ്യമായത്്. ഭിന്നധാരകളായിരുന്നെങ്കിലും സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ പൊതുവായ ദിശാബോധം ബഹുസ്വരമായ ഭരണവ്യവസ്ഥയായിരുന്നു. ശക്തമായ രാഷ്ട്രം എന്നപോലെ സംതൃപ്തമായ ദേശജനതകളും പ്രാധാന്യമര്‍ഹിക്കുന്നു. ഈ പാരസ്പര്യത്തെ അരക്കിട്ടുറപ്പിക്കുന്ന വ്യവസ്ഥകളും സംവിധാനങ്ങളും ഭരണഘടനയില്‍ ഉള്‍ചേര്‍ന്നിരുന്നു. കാലാകാലങ്ങളില്‍ അധികാരത്തിലേറിയ പാര്‍ടികളും മുന്നണികളും തങ്ങളുടെ നയസമീപനങ്ങള്‍ക്കനുസൃതമായ ഊന്നലുകളും അയവുകളുംവരുത്തിയെങ്കിലും  ഫെഡറല്‍ സംവിധാനത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ പലപ്പോഴും ഉണ്ടായെങ്കിലും ഫെഡറല്‍ ഘടനയ്ക്കുമേല്‍ കാര്യമായി കൈവച്ചിരുന്നില്ല.   ബിജെപി സര്‍ക്കാര്‍ ലോക്സഭയില്‍ ഗണ്യമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലായ പാര്‍ലമെന്ററി ജനാധിപത്യവും ഫെഡറല്‍ സംവിധാനവുമായി ഒത്തുപോകുന്നതല്ല ബിജെപിയുടെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ മോഡി ഭരണത്തില്‍ സംജാതമായി. ഇതിനെതിരായ ചെറുത്തുനില്‍പ്പ് മുഖ്യമായും ഉയര്‍ത്തിയത് ഇടതു ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കേരള ഗവണ്‍മെന്റാണെന്ന് കാണാന്‍ കഴിയും.   കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പല പ്രധാന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയൊരുക്കിയ എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്ന സെമിനാര്‍ ഏറെ പ്രസക്തമാകുന്നത് മേല്‍പ്പറഞ്ഞ പശ്ചാത്തലത്തിലാണ്. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ആസൂത്രണത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ആശാവഹമായ നേട്ടങ്ങള്‍ സ്വായത്തമാക്കിയത്. കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍, ഇന്ത്യയുടെ അഭിമാനമായ പൊതുമേഖലയെ തകര്‍ത്തെങ്കിലും ആസൂത്രണപ്രക്രിയയെ ആകമാനം തള്ളിക്കളയാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, മോഡി ഭരണമേറ്റപ്പോള്‍ ആസൂത്രണ കമീഷന്‍ എന്ന സ്ഥാപനത്തെ ത്തന്നെ ഇല്ലായ്മ ചെയ്തു. സംസ്ഥാനങ്ങളുടെ പദ്ധതിവിഹിതവും  പ്രത്യേക പദ്ധതികളും എല്ലാം ഘട്ടംഘട്ടമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നശോന്മുഖമാക്കി. എന്തിനേറെ, സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍വിഹിതം പോലും അട്ടിമറിച്ചു. കേരളംപോലെ ജനോപകാരപ്രദമായും ഫലപ്രദമായും കേന്ദ്രസഹായം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനങ്ങളെയാണ് ഈ നിഷേധാത്മകനയം ഏറെ ഗുരുതരമായി ബാധിച്ചത്.   സംസ്ഥാനങ്ങളെ സമാന്തരാജ്യമായി കാണുന്ന ബിജെപി സമീപനത്തിന് സമീപകാലത്തുതന്നെ ഏറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. നോട്ടുപ്രതിസന്ധി, സഹകരണമേഖലയെ തകര്‍ക്കല്‍, റേഷന്‍വിഹിതം, വരള്‍ച്ചാദുരിതാശ്വാസം തുടങ്ങി അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിക്കും സര്‍വകക്ഷി സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിക്കാന്‍ പ്രധാനമന്ത്രി മോഡിക്ക് ഒരു മടിയും ഉണ്ടായില്ല. സംസ്ഥാന നിയമസഭകള്‍ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയങ്ങള്‍ക്ക് കടലാസ്വില കല്‍പ്പിക്കാന്‍പോലും  തയ്യാറല്ല. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടുകൂടി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ വാക്കുപാലിക്കാനോ അല്ല, കേന്ദ്ര ഭരണകക്ഷി തയ്യാറാകുന്നത്. തെറ്റിദ്ധരിപ്പിച്ചും കുതന്ത്രങ്ങള്‍വഴിയും രാജ്യസഭയില്‍ ബില്ലുകള്‍ക്ക് അംഗീകാരംനേടുന്ന ഗവണ്‍മെന്റ് വിശ്വാസവഞ്ചന കാട്ടിയ എത്രയോ സന്ദര്‍ഭങ്ങളുണ്ട്.   ചരക്കുസേവന നികുതിയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കാന്‍ യുക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ബില്‍ പാസായശേഷം ഇതുസംബന്ധിച്ച് എന്തെങ്കിലും വ്യക്തതയുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഭക്ഷ്യ സുരക്ഷാനിയമം സാവകാശം നല്‍കാതെ അടിച്ചേല്‍പ്പിച്ചതുവഴി കേരളത്തിലെ റേഷന്‍സംവിധാനമാകെ തരിപ്പണമായി. നോട്ടുനിരോധനത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കുനേരെ നടന്ന വൈരനിര്യാതനം സാമ്പത്തികമേഖലയില്‍ നടത്തുന്ന കേന്ദ്രീകരണസ്വഭാവത്തിന്റെ ഉത്തമോദാഹരണമാണ്. കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ ഇല്ലാതാക്കുകവഴിയും കേരളത്തിന്റെ സാമ്പത്തിക സ്വാശ്രയത്വത്തെ നശിപ്പിക്കുകയെന്നതാണ് ലക്ഷ്യമിട്ടത.് സാമ്പത്തികരംഗത്ത് ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി സംസ്ഥാനങ്ങളെ നിര്‍വീര്യമാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ണായക പങ്കുവഹിക്കുന്ന പല മേഖലകളിലും കേന്ദ്ര നിയമനിര്‍മാണം നടത്തി സങ്കുചിത- വ്യാപാര താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. എന്നാല്‍, നദീജലം പങ്കുവയ്ക്കല്‍ തുടങ്ങി സംസ്ഥാനങ്ങള്‍തമ്മില്‍ തര്‍ക്കംവരുന്ന വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെട്ട് പരിഹരിക്കാന്‍ തയ്യാറാകാതെ സംഘര്‍ഷം വളര്‍ത്തുകയുംചെയ്യുന്നു.    അധികാരം കേന്ദ്രീകരിപ്പിക്കുന്നതിന് പാര്‍ലമെന്ററി വ്യവസ്ഥ യെ തഴഞ്ഞ് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുമാറുകയാണ് ബിജെപിക്ക് പഥ്യമെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്. പാര്‍ലമെന്റ് - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക തുടങ്ങിയ ബിജെപിയുടെ നിര്‍ദേശങ്ങള്‍ ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. പാര്‍ലമെന്ററി സംവിധാനത്തെയൂം സംസ്ഥാനഭരണത്തെയും ദുര്‍ബലപ്പെടുത്തി സമഗ്രാധിപത്യത്തിന്റെ വഴികളിലേക്കാണ് ബിജെപി സഞ്ചരിക്കുന്നത്. സ്വന്തം അജന്‍ഡ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലടക്കം നുഴഞ്ഞുകയറാന്‍ ബിജെപി മടിക്കില്ലെന്നാണ് മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളില്‍ കണ്ടെത്തിയ കൃത്രിമം തെളിയിക്കുന്നത്.   ബഹുസ്വര ഇന്ത്യന്‍സമൂഹത്തിന് ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും പാര്‍ലമെന്ററി ജനാധിപത്യവും അനുപേക്ഷണീയമാണ്. ഇവ നേരിടുന്ന ഏത് വെല്ലുവിളിയും ചെറുക്കപ്പെടേണ്ടതുമാണ്. ആ അര്‍ഥത്തില്‍, എ കെ ജി പഠന ഗവേഷണകേന്ദ്രം തുറന്നിട്ട ഈ ചര്‍ച്ചാവേദിയെ ജനാധിപത്യ വിശ്വാസികളെല്ലാം പിന്തുടരേണ്ടതുണ്ട്   Read on deshabhimani.com

Related News