എസ്ബിടി ലയനനീക്കം ഉപേക്ഷിക്കണം



എസ്ബിടി ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് സ്റ്റേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത് ഒരേസമയം ജനവിരുദ്ധവും ദേശവിരുദ്ധവുമാണ്. എസ്ബിടിയെ ഇല്ലാതാക്കുന്നത് കേരളജനതയോടുള്ള വെല്ലുവിളിയായും കാണേണ്ടതുണ്ട്. ദരിദ്ര ജനകോടികളുടെ നാടാണ് ഇന്ത്യ. പാവപ്പെട്ട ജനങ്ങളുടെ നിത്യജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താനുള്ള ഉപകരണമായി മാറേണ്ട ബാങ്കിങ് സംവിധാനത്തെയാണ് ഈ ലയനത്തിലൂടെ മറ്റു വഴിക്ക് തിരിച്ചുവിടുന്നത്. 1969 ജൂലൈ 19നാണ് ഇന്ത്യയിലെ 14 വന്‍കിടബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. അന്ന് അതിനെതിരെ കരിദിനം ആചരിച്ച ജനസംഘത്തിന്റെ പിന്മുറക്കാരാണ് ബിജെപി. അവര്‍തന്നെ ഇപ്പോള്‍ പൊതുമേഖലാ ബാങ്കിങ്ങിനെ സാധാരണ ജനങ്ങളില്‍നിന്ന് അകറ്റുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നു. എസ്ബിടിക്കു പുറമെ ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, ഹൈദരാബാദ്, പട്യാല, മൈസൂര്‍ സ്റ്റേറ്റ് ബാങ്കുകളാണ് പുതിയ തീരുമാനപ്രകാരം എസ്ബിഐയോട് ചേരുന്നത്. സൌരാഷ്ട്ര, ഇന്‍ഡോര്‍ സ്റ്റേറ്റ് ബാങ്കുകള്‍ നേരത്തെതന്നെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ഭാരതീയ മഹിളാ ബാങ്കും ഇപ്പോള്‍ ലയിക്കുന്ന ബാങ്കുകളുടെ കൂട്ടത്തിലുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് വലിയ ബാങ്കുകളായാല്‍ ആഗോളതലത്തില്‍ മേനിനടിക്കുകയും മത്സരിക്കുകയുംചെയ്യാം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിദേശത്ത് ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ ഭീമമായ തുക വായ്പ നല്‍കാന്‍ ബാങ്കിനെ പ്രാപ്തമാക്കുകയാണ് ലയനംകൊണ്ടുള്ള കൃത്യമായ ഉദ്ദേശ്യം. 2015 ആഗസ്തില്‍ കേന്ദ്ര ധനമന്ത്രാലയം ഇന്ദ്രധനുസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബാങ്കിങ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള രേഖയില്‍ പറയുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ ലയനം. സ്വകാര്യവല്‍ക്കരണം കൂടുതല്‍ എളുപ്പമാക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നത്. നവലിബറല്‍ നയങ്ങളുടെ ഭാഗമാണിത്. ആഗോളതലത്തില്‍ മത്സരയോഗ്യമാക്കാനാണ് ലയനം എന്ന് പറയുന്നവര്‍, രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന അടിസ്ഥാനധാരണ കൈവെടിഞ്ഞിരിക്കുന്നു. ഈ ലയനത്തിന്റെ ഫലമായി ബാങ്ക് ശാഖകള്‍ വ്യാപകമായി അടച്ചുപൂട്ടും എന്നതാണ് ഉയരുന്ന ഒരാശങ്ക. സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുമേഖലാ ബാങ്ക് ശാഖകള്‍ കുറയുകയും സ്വകാര്യബാങ്ക് ശാഖകള്‍ തുറക്കുകയും ചെയ്യും. സ്വകാര്യബാങ്കുകള്‍ക്ക് സാമൂഹിക പ്രതിബദ്ധത വേണ്ടതില്ല. ലാഭകേന്ദ്രീകൃതമായ പ്രവര്‍ത്തനം മാത്രമാണ് അവരുടേത്. അമിതമായ സര്‍വീസ് ചാര്‍ജും സുതാര്യതയില്ലാത്ത ഇടപാടുകളും മറ്റുമായി ഈ രംഗത്ത് അരാജകമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ കര്‍ഷകരും ഗ്രാമീണരും പരിഗണിക്കപ്പെടില്ല. അതുകൊണ്ടാണ്, ജനകീയ ബാങ്കിങ് നയമാണ് വേണ്ടതെന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്.  എസ്ബിടി–എസ്ബിഐ ലയനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സമൂഹത്തിന്റെ എല്ലാവിഭാഗത്തിലുള്ളവര്‍ക്കും വിപുലമായ വായ്പാസൌകര്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന ബാങ്കാണ് എസ്ബിടി. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ വാണിജ്യബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ തകര്‍ക്കുന്നത് കേരളത്തിന് കനത്ത ആഘാതമാണ്. നൂറുകണക്കിനു ശാഖ അടച്ചുപൂട്ടും. ചെറുകിട ഇടത്തരം ഇടപാടുകാരെ ഒഴിവാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ശാഖകള്‍ അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിനു ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ 2008ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ 2010ലും എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ ആ ബാങ്കുകളിലെ ഇടപാടുകാരില്‍ 50 ശതമാനത്തിലേറെ എസ്ബിഐയിലേക്ക് ചേരാതെ മറ്റു ബാങ്കുകളിലേക്ക് പോവുകയാണുണ്ടായത്. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഇല്ലാതാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഫെഡറല്‍ഘടനയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ പുരോഗതിയെയും നാടിന്റെ വികേന്ദ്രീകൃത വികസനത്തെയുമാണ് ഇത് ബാധിക്കുക. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്ന എസ്ബിടിയെ നിലനിര്‍ത്താനും ജനവിരുദ്ധവും കുത്തക പ്രീണനത്തിന് രൂപപ്പെടുത്തിയതുമായ ലയനതീരുമാനം തിരുത്തിക്കാനും ജനകീയ ഇടപെടല്‍ ശക്തിപ്പെടുത്തണം Read on deshabhimani.com

Related News