മതസ്വാതന്ത്ര്യ റിപ്പോർട്ട്‌ : മോദിസർക്കാരിന്‌ കുറ്റപത്രം



ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയ്‌ക്കെതിരെ മോദിസർക്കാരും ബിജെപിയും നടത്തിവരുന്ന കടന്നാക്രമണം തുറന്നുകാട്ടുന്നതാണ്‌ മോദിയുടെതന്നെ വലിയ കൂട്ടുകാരായ അമേരിക്ക  മതസ്വാതന്ത്ര്യം സംബന്ധിച്ച്‌ പുറത്തുവിട്ട  ഔദ്യോഗിക റിപ്പോർട്ട്‌. ഏതു മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനും മതത്തെക്കുറിച്ച്‌ വിദ്വേഷരഹിതമായി സംസാരിക്കാനും പൗരന്മാർക്ക്‌ ഭരണഘടനാപരമായി അവകാശമുള്ള രാജ്യമാണ്‌ ഇന്ത്യയെന്ന്‌ റിപ്പോർട്ടിൽ   പറയുന്നു.  കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരുകളോ മതത്തിന്റെ പേരിൽ നിയന്ത്രണങ്ങളോ വിവേചനമോ കാട്ടരുത്‌. മത–-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങൾ നടത്താനും വസ്‌തുവകകൾ കൈവശംവയ്‌ക്കാനും അവകാശമുള്ള രാജ്യമാണ്‌ ഇന്ത്യയെന്നും എന്നാൽ ബിജെപി ഭരണത്തിൽ ഇതെല്ലാം ഹനിക്കപ്പെടുകയാണെന്നും അമേരിക്കയുടെ രാജ്യാന്തര മതസ്വാതന്ത്ര്യ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. ന്യൂനപക്ഷ വേട്ടയ്‌ക്ക്‌ ഭരണസംവിധാനം കൂട്ടുനിൽക്കുകയാണ്‌. ബിജെപി നേതാക്കൾ പരസ്യമായി വിദ്വേഷപ്രചാരണം നടത്തുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളെ കേന്ദ്രം തള്ളിപ്പറയുന്നില്ല. പലകാര്യങ്ങളിലും മോദിക്കൊപ്പം നിൽക്കുന്ന അമേരിക്ക ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌ രാജ്യാന്തര തലത്തിൽത്തന്നെ   ചർച്ചയാകുന്നുണ്ട്‌. ഇന്ത്യൻ അമേരിക്കൻ ക്രൈസ്‌തവ സംഘടനകളുടെ ഫെഡറേഷൻ കഴിഞ്ഞ ഏപ്രിൽ ആറിന്‌ പുറത്തുവിട്ട കണക്കുപ്രകാരം, 2021ൽ രാജ്യത്ത്‌ ക്രൈസ്‌തവർക്കെതിരെ 761 ആക്രമണം റിപ്പോർട്ട്‌ ചെയ്‌തു. 2022ൽ നവംബർ 26 വരെ  ക്രൈസ്‌തവർക്കെതിരെ 511 ആക്രമണം നടന്നുവെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം അറിയിച്ചിട്ടുണ്ട്‌. സായുധ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ആരാധനാലയങ്ങൾ നശിപ്പിക്കൽ എന്നിങ്ങനെ ഭീകരമായ രീതിയിലാണ്‌ വേട്ട. പശുവിന്റെ പേരിൽ  അസം, ഗുജറാത്ത്‌, ഡൽഹി, ഹരിയാന, കർണാടകം, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ ഹീനമായ ആക്രമണങ്ങളാണ്‌ നടക്കുന്നതെന്നും അമേരിക്കൻ മതസ്വാതന്ത്ര്യ കമീഷൻ എടുത്തുപറഞ്ഞു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ  നടപ്പാക്കിയ മതംമാറ്റ നിരോധനനിയമം ക്രൈസ്‌തവ മിഷണറിമാർ അടക്കമുള്ളവരെ പീഡിപ്പിക്കാൻ വഴിയൊരുക്കി. പല സംസ്ഥാനങ്ങളിലും അധികാരികൾ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്ന വിധത്തിൽ പെരുമാറുന്നു. ഉത്സവകാല ആഘോഷങ്ങൾ വർഗീയകലാപങ്ങളായി പരിണമിക്കുന്നതിനു പിന്നിൽ പൊലീസിന്റെ പങ്ക്‌ വ്യക്തമായ ഒട്ടേറെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ അമേരിക്കൻ റിപ്പോർട്ട്‌. കലാപകാലങ്ങളിൽ പൊലീസ്‌ നടപടികൾ ഏകപക്ഷീയമായി മാറുന്നു. സ്വത്തും ഉപജീവനമാർഗങ്ങളും നഷ്ടമാകുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ അധികാരികൾ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഡൽഹി, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, ഒഡിഷ എന്നിവിടങ്ങളിൽ മുസ്ലിങ്ങൾക്കും ക്രൈസ്‌തവർക്കും നേരിട്ട ദുർഗതി അക്കമിട്ട്‌ നിരത്തിയാണ്‌ ഇക്കാര്യം സ്ഥാപിക്കുന്നത്‌. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ  പ്രാധാന്യം കണക്കിലെടുത്ത്‌ അമേരിക്കൻ എംബസിയിലെ ഉദ്യോഗസ്ഥർ, ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർ, പാർലമെന്റ്‌ അംഗങ്ങൾ, രാഷ്‌ട്രീയ പാർടി പ്രതിനിധികൾ എന്നിവരുമായി പലവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തി. അടുത്ത മാസം അമേരിക്ക സന്ദർശിക്കാൻ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മുഖത്തേറ്റ പ്രഹരമാണ്‌ ഈ റിപ്പോർട്ട്‌. വിശ്വഗുരുവായി ബിജെപി നേതാക്കൾ പുകഴ്‌ത്തുന്ന പ്രധാനമന്ത്രിക്ക്‌ രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല. ജി–-20 അധ്യക്ഷപദവി ഇന്ത്യക്ക്‌ ലഭിച്ചതിന്റെ പേരിലും ബിജെപിയും കേന്ദ്രസർക്കാരും ഖ്യാതി അവകാശപ്പെടുമ്പോഴാണ്‌ അമേരിക്കയുടെ കുറ്റപത്രം വന്നുവീണിരിക്കുന്നത്‌. മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ നൈതികത കാത്തുസൂക്ഷിക്കാൻ മോദിസർക്കാരിന്‌ കഴിയുന്നില്ലെന്ന്‌ അമേരിക്ക ഔദ്യോഗികമായി പറഞ്ഞിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യം,  പട്ടിണി, സാമ്പത്തിക–- സാമൂഹ്യ അസമത്വം എന്നീ മേഖലകളിൽ ഇന്ത്യയുടെ പരിതാപകരമായ സ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അവ തയ്യാറാക്കിയവരെ കേന്ദ്രസർക്കാർ വിമർശിച്ചിരുന്നു. ഇപ്പോൾ വന്നിട്ടുള്ള  റിപ്പോർട്ടും  മോദിസർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. ബിജെപിയുമായി അവസരവാദ കൂട്ടുകെട്ടിന്‌ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പു കൂടിയാണ്‌ അമേരിക്കൻ റിപ്പോർട്ട്‌. പ്രലോഭനങ്ങളിലും ഭീഷണികളിലും വീണ്‌ അധികാരത്തിന്റെ പങ്ക്‌ നുണയാമെന്ന്‌ കരുതുന്നവർ സഹോദരന്മാരെ ഒറ്റുകൊടുക്കുകയാണ്‌. താൽക്കാലിക നേട്ടങ്ങൾക്കായി സത്യങ്ങൾ വിഴുങ്ങുന്നവരോട്‌ ഒന്നേ പറയാനുള്ളൂ. അടുക്കളയിൽ കയറി ഭക്ഷണം മണത്തുനോക്കി ശിക്ഷ വിധിച്ച്‌ നടപ്പാക്കുന്ന കാലമാണിത്‌. ഈ അപകടം തിരിച്ചറിഞ്ഞില്ലെങ്കിൽ ചരിത്രം നിങ്ങൾക്ക്‌  മാപ്പ്‌ നൽകില്ല. Read on deshabhimani.com

Related News