വിദ്യാര്‍ഥികളുടെ സ്വതന്ത്രചിന്ത തടയാനാകില്ല



ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥിവേട്ടയെപ്പറ്റി ഞങ്ങള്‍ മുമ്പെഴുതിയതാണ്. അത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മഹത്തായ പാരമ്പര്യമുള്ള പേരുകേട്ട സര്‍വകലാശാലയാണ്. എന്നാല്‍, അഖില ഭാരത വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) നേതൃത്വത്തില്‍ അവിടെ മാത്രമല്ല ഇന്ത്യയുടെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന ആക്രമണങ്ങളും കൈയേറ്റങ്ങളും അതിരുകടക്കുകയാണ്. ആര്‍എസ്എസിന്റെ പോഷകസംഘടനകളില്‍ ഒന്നാണ് എബിവിപി. സംഘപരിവാര്‍ സംഘടനകളുടെ പൊതുവായ പ്രവര്‍ത്തനരീതി എബിവിപിയും അംഗീകരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത നാള്‍മുതല്‍ നവോന്മേഷം ലഭിച്ച രീതിയിലാണ് എബിവിപി വിദ്യാര്‍ഥികളുടെ പെരുമാറ്റം. അവര്‍ താലോലിച്ചു സൂക്ഷിക്കുന്ന അറുപിന്തിരിപ്പന്‍ ആശയഗതികള്‍ എല്ലാ വിദ്യാര്‍ഥികളും അംഗീകരിക്കണമെന്നാണ് അവരുടെ നിര്‍ബന്ധം. ഈ ശാഠ്യത്തിനു വഴങ്ങാന്‍ തയ്യാറല്ലാത്ത വിദ്യാര്‍ഥികളെ ശാരീരികമായി അക്രമിക്കുകയും അധികാരം ദുര്‍വിനിയോഗം ചെയ്ത് വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. പാര്‍ലമെന്റിനു നേരെ അക്രമം നടത്തിയ അഫ്സല്‍ ഗുരുവിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചെന്നും പാകിസ്ഥാനെ അനുകൂലിച്ചെന്നും കളവായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കനയ്യകുമാറിനെ ജയിലിലടച്ചത്. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് സംഘപരിവാറിന്റെ ആവശ്യം. കേന്ദ്രമന്ത്രിമാരുടെ പിന്തുണ ഇതിനൊക്കെ ലഭിക്കുന്നുണ്ട്. കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ ചിന്താഗതി പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ശുദ്ധകളവാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏതാനും എബിവിപി വിദ്യാര്‍ഥികള്‍ മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറി പാകിസ്ഥാന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന സിഡി പുറത്തുവന്നിട്ടുള്ളതായി അറിയുന്നു. എബിവിപി വിദ്യാര്‍ഥികള്‍ തന്നെയാണ് മറ്റു വിദ്യാര്‍ഥികളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കാന്‍ പൊലീസ് അധികാരികളെ കൂട്ടുപിടിച്ച് ശ്രമം നടത്തുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പട്യാല കോടതിവളപ്പിലുണ്ടായ സംഭവങ്ങള്‍ സംഘപരിവാറിന്റെ തനിനിറം പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമായതാണ്. സംഘപരിവാറുകാരായ നാല്‍പ്പതോളം അഭിഭാഷകര്‍ ആസൂത്രണമായി പട്യാല കോടതിവളപ്പില്‍ കടന്നുചെന്ന് വ്യാപകമായ അക്രമം സംഘടിപ്പിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയൊക്കെ അഭിഭാഷകവേഷത്തില്‍ ജയില്‍വളപ്പില്‍ കയറിയ സംഘം ആക്രമിച്ചുപരിക്കേല്‍പ്പിച്ചു. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഏതാണ്ട് ഒരു ഡസനോളം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. നീതിന്യായം കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ക്കുവരെ സുരക്ഷിതത്വം നഷ്ടപ്പെടുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ക്രമസമാധാനം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് അധികാരികള്‍ കാഴ്ചക്കാരായി നോക്കിനിന്നു. സ്വതന്ത്ര ചിന്താഗതിക്കാരും വര്‍ഗീയവിരുദ്ധ മനോഭാവക്കാരും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ഉന്നത നേതാവായ ജോയിന്റ് സെക്രട്ടറി ദത്താത്രേയ പറയുന്നത് എല്ലാ സര്‍വകലാശാലയിലും രാജ്യദ്രോഹികളായ വിദ്യാര്‍ഥികളുണ്ടെന്നും അവരെ കൂട്ടത്തോടെ പുറത്താക്കണമെന്നുമാണ്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അസംതൃപ്തി പടര്‍ന്നുപിടിക്കുകയാണെന്നത് വസ്തുതയാണ്. ഈ അസംതൃപ്തി വിവിധ രീതികളിലുള്ള പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായി മാറുന്നുമുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളും സമരങ്ങളും അധികാരവും ബലവും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ അത് നടക്കുന്ന കാര്യമല്ല. ഇത്തരം ഭീഷണി ഉപയോഗിച്ച് എബിവിപിയുടെ പിന്തിരിപ്പന്‍ ചിന്താഗതി പ്രചരിപ്പിക്കാനും സിലബസ്, പാഠപുസ്തകം എന്നിവ കാവിവല്‍ക്കരിക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസപ്രേമികളുടെയും കടമയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. കനയ്യകുമാറിനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം വിദ്യാര്‍ഥികള്‍ ആരംഭിച്ചിരിക്കുന്നു. സ്ഫോടനാത്മകമായ നിലയാണ് നിലവിലുള്ളത്. ജെഎന്‍യു വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധസമരം ഉദ്ഘാടനംചെയ്തത് സിപിഐ എം പിബി അംഗമായ കോടിയേരി ബാലകൃഷ്ണനാണ്. പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും വിദ്യാര്‍ഥികളുടെ സമരത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരത്തിനു വ്യാപകമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. മോഡി സര്‍ക്കാര്‍ ഫാസിസ്റ്റ് രീതി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എബിവിപിയുടെ പ്രതികാരനടപടിയെന്ന നിലയില്‍ ഡല്‍ഹിയിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനുനേരെ സംഘപരിവാര്‍ നടത്തിയ അക്രമം അപലപനീയമാണ്. സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ഗൂഢസംഘം ശ്രമിക്കുകയുണ്ടായി. എ കെ ജി ഭവനു മുന്‍വശത്തുള്ള ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. അക്രമിസംഘത്തില്‍പ്പെട്ട ഒരാളെ പാര്‍ടി പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നാടാകെ പ്രകോപനം സൃഷ്ടിച്ച് അക്രമം നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചുവരുന്നത്. ജനാധിപത്യസമൂഹത്തിന് ഇത്തരം സംഭവങ്ങള്‍ പൊറുപ്പിക്കാനാകില്ല. സംഘപരിവാറിനെ തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ശക്തിയായി തുടരണമെന്നാണ് ഇതില്‍നിന്ന് നാം പഠിക്കേണ്ട പാഠം. Read on deshabhimani.com

Related News