സംവരണത്തിനുനേരെ വീണ്ടും വാളോങ്ങുന്നു



ദളിത്– പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ആവശ്യമുണ്ടോ എന്ന ചോദ്യം ആര്‍എസ്എസ് ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. 'ജാതിയിന്മേല്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങള്‍ ഒരു പ്രത്യേകവിഭാഗമായി തുടരാനുള്ള സ്ഥാപിതതാല്‍പ്പര്യങ്ങള്‍ വളര്‍ത്തുകതന്നെ ചെയ്യുമെന്നും സമുദായത്തിലെ ഇതരഘടകങ്ങളോട് ഇഴുകിച്ചേരുന്നതിന് അത് തടസ്സമാണെ'ന്നുമാണ് ആര്‍എസ്എസിന്റെ ആത്മീയാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ദളിത് വിഭാഗങ്ങള്‍ക്ക് 'ഇനിയും വളരെക്കാലത്തോളം സമൂഹത്തിന്റെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം എത്താന്‍ സാധ്യമല്ലെന്ന് പറയുന്നത് അവര്‍ക്ക് അപമാനം മാത്രമല്ല വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്' എന്ന് ഗോള്‍വാള്‍ക്കര്‍ വിശദീകരിക്കുന്നുണ്ട്. ആര്‍എസ്എസിന്റെ സംവരണത്തോടുള്ള അടിസ്ഥാന ധാരണയാണിത്. നേരിട്ടും അല്ലാതെയും ഈ നയം അടിച്ചേല്‍പ്പിക്കാന്‍ കാലാകാലങ്ങളായി ആര്‍എസ്എസ് ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം ആര്‍എസ്എസ് താത്വികാചാര്യന്‍ എം ജി വൈദ്യ ജാതിസംവരണം അവസാനിപ്പിക്കണമെന്നും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും സംവരണം ഇനി വേണ്ടെന്നും പ്രസ്താവന ഇറക്കിയത്. പിന്നോക്ക ജാതിക്കാര്‍ക്കുള്ള സംവരണം ഉടന്‍ നിര്‍ത്തണമെന്നും വേണമെങ്കില്‍ പട്ടികവിഭാഗങ്ങള്‍ക്ക് പത്തുവര്‍ഷംകൂടി സംവരണം ആകാം എന്നുമാണ് വൈദ്യ പറഞ്ഞത്.  ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ വൈദ്യക്കുപിന്നാലെ സംവരണവിരുദ്ധ പ്രസ്താവനയുമായെത്തി. വിശ്വഹിന്ദുപരിഷത്തും ശിവസേനയും അതിനെ അനുകൂലിച്ച് രംഗത്തുവന്നു. ബിഹാര്‍ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തിരിച്ചടി ഭയന്ന് നരേന്ദ്ര മോഡി ആര്‍എസ്എസ് നയത്തെ മയപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നിഷേധിച്ച് മോഹന്‍ ഭാഗവത് സംവരണവിരുദ്ധ നിലപാട് ആവര്‍ത്തിക്കുകയാണുണ്ടായത്. അതേ നിലപാടുതന്നെയാണ് ആര്‍എസ്എസിന്റെ പരമോന്നത സമിതിയായ അഖിലഭാരതീയ പ്രതിനിധി സഭ ഇപ്പോള്‍ ഉറപ്പിക്കുന്നത്. കേന്ദ്രഭരണം കൈയാളുന്ന സംഘപരിവാര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ വക്താക്കളാണ്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുകയും അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നതല്ല അവരുടെ നയം. ഗുജറാത്തിലും ഹരിയാനയിലും നടക്കുന്ന സംവരണ പ്രക്ഷോഭങ്ങളെ മറയാക്കി സംവരണം എന്ന തത്വംതന്നെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പരമദരിദ്രരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ പാവങ്ങള്‍ക്ക് അവസരസമത്വം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി ഭരണഘടന നല്‍കുന്ന സംരക്ഷണമാണ് സംവരണം. സ്വാതന്ത്യ്രം ലഭിച്ച് ഏഴുപതിറ്റാണ്ട് ആകുമ്പോഴും അവസരസമത്വം അകലെയാണ്. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ സംവരണം വ്യാപിപ്പിച്ച് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ആവശ്യം സജീവമായി നില്‍ക്കുമ്പോഴാണ് നേര്‍വിപരീത ദിശയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നത്. കേരളത്തിലെ കാര്യമെടുത്താല്‍ 1891ലെ മലയാളി മെമ്മോറിയല്‍മുതല്‍ സംവരണത്തിനുള്ള പ്രക്ഷോഭം നടന്നിട്ടുണ്ട്. കേരളപ്പിറവിക്കു മുമ്പുതന്നെ 35 ശതമാനം സംവരണം ഉണ്ടായിരുന്നു. ഇ എം എസ് സര്‍ക്കാര്‍ അത് 40 ശതമാനമായി ഉയര്‍ത്തുകയും പട്ടികജാതി–വര്‍ഗ സംവരണം പത്തുശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. മുന്നോക്കസമുദായത്തിലെ പരമദരിദ്രര്‍ക്ക് നിശ്ചിത ശതമാനം സംവരണം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്‍കണം എന്ന ആവശ്യമുയര്‍ത്തിയത് സിപിഐ എം ആണ്. പിന്നോക്ക സമുദായങ്ങളെയും ദളിത് വിഭാഗങ്ങളെയും മുഖ്യധാരയിലെത്തിക്കാന്‍ ജാതിസംവരണം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കാകെ ഭരണഘടനയുടെ പരിരക്ഷയും അവസരസമത്വവും ലഭ്യമാക്കുക എന്ന തത്വം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെതിരെ അതിശക്തമായ പ്രതികരണം ഉയരേണ്ടതുണ്ട്. ആര്‍എസ്എസിനെ മഹത്വപ്പെടുത്താനും പിന്നോക്ക–ദളിത് വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെ ആര്‍എസ്എസിനോട് അടുപ്പിക്കാനും കേരളത്തില്‍ ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വം പുതിയ പാര്‍ടി പ്രഖ്യാപിച്ച് ആ വഴിക്കാണ് നീങ്ങുന്നത്. സങ്കുചിത ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ നീക്കത്തില്‍ അബദ്ധവശാല്‍ പെട്ടുപോയവരുണ്ട്. അവരുടെ കണ്ണുതുറപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ സംവരണവിരുദ്ധ പ്രഖ്യാപനം. ആറുപതിറ്റാണ്ടായി തുടരുന്ന സംവരണസംവിധാനത്തിന് പ്രതീക്ഷിച്ച ഫലമുണ്ടായിട്ടില്ല എന്ന് ആര്‍എസ്എസ് പറയുമ്പോള്‍, അത് സംവരണത്തിന്റെ കുഴപ്പംകൊണ്ടല്ല, ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന നയവൈകല്യത്തിന്റെ ഫലമായാണ് എന്നാണ് തിരിച്ചറിയേണ്ടത്. ദളിത് ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ ഉയര്‍ച്ചയുണ്ട്, അതുകൊണ്ട് അവര്‍ക്ക് സംവരണംവേണ്ട എന്നത് ആര്‍എസ്എസിന്റെ കുയുക്തിയാണ്. അത്തരം വ്യാജ പ്രചാരണങ്ങളില്‍ മയങ്ങുന്നവരല്ല ഇന്നാട്ടിലെ ജനങ്ങളെന്ന് ആര്‍എസ്എസും അതിന്റെ പുതിയ സേവകരും മനസ്സിലാക്കണം. സമൂഹത്തിലെ പിന്നോക്കാവസ്ഥ ഇല്ലാതാകുകയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് സംവരണം വേണ്ട എന്ന് പറയാനാകുക. അങ്ങനെയൊരു അവസ്ഥ സൃഷ്ടിക്കാനല്ല, ജനങ്ങളെ പല തട്ടുകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. എല്ലാ വിഭാഗം ജനങ്ങളും അതിനെതിരെ പ്രതികരിക്കേണ്ടതുണ്ട് Read on deshabhimani.com

Related News