സംഗീതത്തിന് അതിര് നിശ്ചയിക്കരുത്



സംഗീതത്തിനും കലയ്ക്കും അതിര്‍ത്തി നിശ്ചയിച്ച് വിലക്കേര്‍പ്പെടുത്തുന്ന പ്രവണത ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പാകിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരുന്ന സംഗീതവും കലയും കളിയും ഇവിടെ വേണ്ടെന്ന് പറയുന്ന വര്‍ഗീയഭ്രാന്ത് അതിരുകടന്ന് വ്യാപിക്കുകയാണ്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ശിവസേന, വിശാലഹിന്ദു എന്നിങ്ങനെ വിവിധ പേരുകളില്‍ വേഷംമാറി അവതരിക്കുന്ന വര്‍ഗീയത അക്ഷരാര്‍ഥത്തില്‍ ഇന്ത്യക്ക് ശാപമായി മാറി. പാക് ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടിയാല്‍ തടയുമെന്ന് ശിവസേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുപോലും. സ്വരലയ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് ഗുലാം അലി പാടുമെന്ന് സംഘാടകര്‍ അറിയിച്ചത്. പരിപാടിക്കെതിരെ 15 മുതല്‍ 17 വരെ ജില്ലാ അടിസ്ഥാനത്തില്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള എംപി കൃപാല്‍ തുമാനെ പറഞ്ഞിരിക്കുന്നു.  ഗുലാം അലി പാടുമോ, അത് തടയുമോ എന്നതല്ല ഇവിടെ പ്രധാന പ്രശ്നം. പാടുന്നത് തടഞ്ഞാല്‍ എന്തുചെയ്യുമെന്ന് കലാസ്നേഹികള്‍ തീരുമാനിക്കും. ആവിഷ്കാരസ്വാതന്ത്യ്രം ആരുടെയും സൌജന്യമല്ല. സാമ്രാജ്യത്വഭരണകാലത്തുപോലും സംഗീതത്തെയും കലയെയും ആവിഷ്കാരസ്വാതന്ത്യ്രത്തെയും വേലികെട്ടി തടയാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ മനുഷ്യരുടെ ജന്മാവകാശമായ ആവിഷ്കാരസ്വാതന്ത്യ്രം തടയാന്‍ ശിവസേനയ്ക്കെന്നല്ല പ്രബലമായാലും ദുര്‍ബലമായാലും ഒരു ശക്തിക്കും കഴിയുന്നതല്ല. അതനുവദിച്ച് കൊടുക്കുകയുമില്ല. വര്‍ഗീയശക്തികള്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ശിവസേനയുടെ പ്രഖ്യാപനം. ഇന്ത്യയും പാകിസ്ഥാനും 1947ന് മുമ്പ് ഒന്നിച്ചുനിന്ന രാഷ്ട്രമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവും വര്‍ഗീയശക്തികളുമാണ് വിഭജനത്തിന് വഴിവച്ചത്. വിഭജനം യാഥാര്‍ഥ്യമായതിനുശേഷവും മനുഷ്യമനസ്സില്‍ വീണ്ടും ആഴത്തില്‍ മുറിവേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നു. ആ ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. നമുക്കാവശ്യം ഐക്യവും സമാധാനവുമാണ്. വര്‍ഗീയത മനുഷ്യമനസ്സിനെ വെട്ടിമുറിച്ച് വേര്‍പെടുത്തുന്നതാണ്. പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയുടെ അയല്‍രാജ്യമാണ്. പാകിസ്ഥാനായാലും ചൈനയായാലും നേപ്പാളായാലും ശ്രീലങ്കയായാലും ബംഗ്ളാദേശായാലും ശത്രുരാഷ്ട്രങ്ങളല്ല. അയല്‍രാഷ്ട്രങ്ങളുമായി സമാധാനവും സൌഹൃദവുമാണ് നമുക്കാവശ്യം. രാഷ്ട്രമെന്നാല്‍ മണ്ണ് മാത്രമല്ല, ജനങ്ങളാണ് പ്രധാനം. ജനങ്ങള്‍ തമ്മിലുള്ള സൌഹൃദം നിലനിര്‍ത്താനാണ് സംസ്കാരമുള്ള മനുഷ്യര്‍ ശ്രമിക്കേണ്ടത്. മറിച്ചുള്ള പ്രവര്‍ത്തനം വര്‍ഗീയശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് രാജ്യസ്നേഹത്തിന്റെ പ്രകടനമായി കാണാനാകില്ല. അത് രാജ്യദ്രോഹമാണ്. പാകിസ്ഥാനില്‍നിന്നുള്ള ഗായകന്‍ ഇവിടെ പാടാന്‍ പാടില്ലെന്ന് വിലക്ക് കല്‍പ്പിക്കുന്നത് സംസ്കാരശൂന്യതയായി മാത്രമേ കാണാനാകൂ. രാജ്യങ്ങളുടെ അതിര്‍ത്തി ഭേദിച്ച് മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നതാണ് കലയും സാഹിത്യവും. ആ കലയെപ്പോലും വര്‍ഗീയനിറം നല്‍കി വിദ്വേഷം സൃഷ്ടിക്കാനുള്ള ആയുധമാക്കുന്നത് മാനവികതയുടെ നിഷേധമാണ്. അത്തരം ഇരുട്ടിന്റെ ശക്തികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്കാരമുള്ള സകല മനുഷ്യരും തയ്യാറാകണം. ഫാസിസ്റ്റ് മനോഭാവം മുളയില്‍ത്തന്നെ നുള്ളിയില്ലെങ്കില്‍ അത് വിഷവൃക്ഷമായി വളരുമെന്ന് കാണണം. അതുകൊണ്ടുതന്നെ ഗുലാം അലി എന്ന വിശ്വപ്രസിദ്ധ ഗായകന്‍ കേരളത്തില്‍ പാടണം. മധുരഗാനം ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനു അവസരമുണ്ടാക്കണം *   Read on deshabhimani.com

Related News