പ്രത്യേകാധികാരവും മനുഷ്യാവകാശവും



ചൂണ്ടുവിരല്‍ തേനില്‍മുക്കി നാവില്‍തൊട്ടപ്പോള്‍ ഇറോം ഷര്‍മിള ചാനു പൊട്ടിക്കരയുകയായിരുന്നു. തേന്‍തുള്ളികള്‍ നാവില്‍ പകര്‍ന്നത് വിജയമധുരമല്ല; തലമുറകളെ വേട്ടയാടിയ കാട്ടാളനിയമത്തിന്റെ  കയ്പാണ് അവര്‍ അപ്പോഴും രുചിച്ചത്. ക്രൂരമായ അധികാരപ്രയോഗത്തില്‍ നിസ്സഹായരാക്കപ്പെടുന്ന ജനതയുടെ വ്യതിരിക്തമായ ചെറുത്തുനില്‍പ്പെന്ന നിലയില്‍ ഇറോം ഷര്‍മിളയുടെ പോരാട്ടത്തിന് ലോകചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് കൈവന്നിരിക്കുന്നത്്. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ത്യജിച്ച് സഹനത്തിന്റെ പതിനാറാണ്ട് പിന്നിട്ട മണിപ്പുരിന്റെ ഉരുക്കുവനിത തോറ്റുമടങ്ങുകയല്ല. ഒറ്റയാന്‍പോരാട്ടം അവസാനിപ്പിച്ച്, നിറതോക്കുകള്‍ക്കുമുന്നില്‍ നിശ്ശബ്ദമാക്കപ്പെടുന്ന ജീവിതങ്ങളെ ജനാധിപത്യ പോരാട്ടങ്ങളുടെ വിശാല ഭൂമികയിലേക്ക് ഉണര്‍ത്താനുള്ള മറ്റൊരു ദൌത്യത്തിന് തുടക്കംകുറിക്കുകയാണവര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ മറവില്‍ സൈന്യം കൈയാളുന്ന പ്രത്യേക അധികാരങ്ങള്‍ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടാണ് ഈ ധര്‍മസമരം. അഫ്സ്പയുടെ (ആംഡ് ഫോഴ്സ്–സ്പെഷ്യല്‍ പവേഴ്സ്) ആക്ട്, 1958) പിന്‍ബലത്തില്‍ മണിപ്പുരിലെ സാധാരണ ജനങ്ങള്‍ക്കുനേരെ പതിറ്റാണ്ടുകളായി കിരാതമായ കടന്നാക്രമണമാണ് നടക്കുന്നത്. സൈനികര്‍ ആരെ പിടിച്ചുകൊണ്ടുപോയാലും വെടിവച്ചുകൊന്നാലും സ്ത്രീകളെ ബലാത്സംഗം ചെയ്താലും ചോദിക്കാനാരുമില്ല. ദൈനംദിനമെന്നോണം ആക്രമണങ്ങള്‍. 2000 നവംബര്‍ രണ്ടിന് തലസ്ഥാനമായ ഇംഫാലിനടത്ത് മാലോം എന്ന സ്ഥലത്ത് ബസുകാത്ത് നിന്ന 10 ഗ്രാമീണരെ സൈനികര്‍  വെടിവച്ചുകൊന്നു. പതിവുപോലെ സൈനികഭീകരതയ്ക്കെതിരെ ഒരു ചെറുവിരലനക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. അല്‍പ്പം മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഷര്‍മിളയെന്ന ഇരുപത്തെട്ടുകാരിയുടെ മനസ്സുപൊള്ളി. 'അഫ്സ്പ' നിയമം പിന്‍വലിക്കുംവരെ ഗാന്ധിയന്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. അന്നുമുതല്‍ അധികൃതര്‍ മൂക്കില്‍ കുഴലിട്ട് നിര്‍ബന്ധിച്ച് നല്‍കിയ ഭക്ഷണാംശംമാത്രമേ ഈ യുവതിയുടെ വയറ്റില്‍ എത്തിയിട്ടുള്ളൂ. ആത്മഹത്യാകുറ്റം ചുമത്തപ്പെട്ട് കോടതിയും ജയിലും ആശുപത്രിയുമായി വര്‍ഷങ്ങള്‍ കടന്നുപോയി. രാജ്യവ്യാപകമായി ഷര്‍മിളയ്ക്ക് ഐക്യദാര്‍ഢ്യവുമായി ജനങ്ങള്‍ അണിനിരന്നു. ഇതൊന്നും കേന്ദ്ര–സംസ്ഥാന ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചില്ല.   ഇതിനിടയില്‍ 2004 ജൂലൈയില്‍ തങ്ക്ജം മനോരമ എന്ന യുവതിയെ അര്‍ധസൈനികര്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് വെടിയുണ്ടകള്‍ തറച്ച മൃതശരീരമാണ് കണ്ടെത്തിയത്. യുവതി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ജനരോഷം കത്തിപ്പടര്‍ന്നു. മുപ്പതോളം വീട്ടമ്മമാര്‍ വിവസ്ത്രരായി അസം റൈഫള്‍സ് ആസ്ഥാനത്തേക്ക് നീങ്ങി. 'ഇന്ത്യന്‍ പട്ടാളമേ, ഞങ്ങളെ ബലാത്സംഗം ചെയ്യൂ'   –എന്നെഴുതിയ ബാനര്‍കൊണ്ട് അവര്‍ മറയ്ക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ മനഃസാക്ഷിയുടെ നഗ്നത ആയിരുന്നു. 'മനോരമയുടെ അമ്മമാരുടെ' ചിത്രം ലോകത്തിന ് മുന്നില്‍ ഇന്ത്യയുടെ നാണംകെടുത്തി. ഈ സംഭവത്തെ തുടര്‍ന്ന് 'അഫ്സ്പ'യുടെ സാധുത പരിശോധിക്കാന്‍ യുപിഎ സര്‍ക്കാര്‍റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജീവന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ കമീഷനെ നിയോഗിച്ചു. 'അഫ്സ്പ' ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു കമീഷന്റെ ശുപാര്‍ശ. ഒരു പതിറ്റാണ്ടിലേറെയായിട്ടും നടപടിയുണ്ടായില്ല. ത്രിപുരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശമനംവന്ന ഘട്ടത്തില്‍ത്തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ 'അഫ്സ്പ'യും സമാന നിയമങ്ങളും പ്രയോഗിക്കുന്നത്  നിര്‍ത്തിവച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തു നിന്ന്ഭീകരപ്രവര്‍ത്തനം  സംഘടിപ്പിക്കപ്പെടുന്ന ഘട്ടത്തില്‍മാത്രം പ്രസക്തമായ ഈ നിയമം മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദുരുപയോഗിക്കപ്പെടുകയാണ്. സമീപകാലത്ത് സുപ്രീംകോടതിയില്‍നിന്നുണ്ടായ ഒരു സുപ്രധാനവിധി 'അഫ്പ്സ'യുടെ കാര്യത്തില്‍ പുനര്‍ചിന്തനത്തിന് ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. 'ഓപ്പറേഷ'ന്റെ ഭാഗമായി സൈനികര്‍ ചെയ്യുന്ന 'എല്ലാ പ്രവൃത്തികളും' ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്കും കോടതിവിചാരണയ്ക്കും പുറത്താണെന്ന നിയമവ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഇത്തരമൊരു 'സമ്പൂര്‍ണസംരക്ഷണം' ഒരു സൈനികനും അനുവദിക്കാനാകില്ലെന്നും മണിപ്പുരിലെ എല്ലാ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അന്വേഷണത്തിനും വിചാരണയ്ക്കും വിധേയമാക്കണമെന്നും പരമോന്നതനീതിപീഠം വിധിച്ചു. എന്നാല്‍, കാലങ്ങളായി തുടരുന്ന ഈ കരിനിയമത്തിന്റെ ദുരുപയോഗം പൂര്‍ണമായി തടയുക എന്നതാണ്  ശാശ്വതപരിഹാരം. കോണ്‍ഗ്രസും പ്രാദേശിക കക്ഷിയായ മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ടിയും മാറിമാറി ഭരിച്ച ഈ കൊച്ചു വടക്കുകിഴക്കന്‍ സംസ്ഥാനം ഇറോം ഷര്‍മിളയുടെ നിരാഹാര സമരത്തോടെയാണ് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടത്. സമരമാര്‍ഗത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവര്‍പോലും ഷര്‍മിള ഉയര്‍ത്തുന്ന മനുഷ്യാവകാശപ്രശ്നത്തെ ഒട്ടും കുറച്ചുകണ്ടിരുന്നില്ല. എന്നാല്‍, സ്വന്തം വായില്‍ക്കൂടി ഒരുതുള്ളി ജലംപോലും ഇറക്കാതെ, പട്ടാളനിയമത്തിനെതിരെ പതിനാറുവര്‍ഷം പ്രതിരോധം ഉയര്‍ത്തിയിട്ടും ഭരണാധികാരികള്‍ കണ്ട ഭാവം നടിച്ചില്ല. മറുവശത്ത് ആര്‍ക്കുവേണ്ടിയായിരുന്നോ ഈ സഹനം അവരില്‍നിന്നും അര്‍ഹമായ പിന്തുണ ലഭിച്ചില്ല. സര്‍ക്കാരുകള്‍ പുലര്‍ത്തിപ്പോന്ന നിസ്സംഗത തന്നെയാണ് സമരപാത മറ്റാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. രാഷ്ട്രീയത്തിലിറങ്ങുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി കരിനിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു. വിവാഹിതയാകുമെന്നും വെളിപ്പെടുത്തി. സുഹൃത്തായ ഗോവന്‍ സ്വദേശി ഡെസ്മെണ്ട് കുടിനോ ആണ് വരന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിസത്യഗ്രഹം എന്ന ധാര്‍മികസമരത്തിനപ്പുറം ഇതൊരു തെരഞ്ഞെടുപ്പ് വിഷയമായി ജനങ്ങള്‍ക്കുമുന്നില്‍ വരാന്‍ ഷര്‍മിളയുടെ തീരുമാനം വഴിവയ്ക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും അമിതാധികാരത്തിനും ഭരണഭീകരതകള്‍ക്കും എതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ഒപ്പംനില്‍ക്കുമെന്ന പാഠമാണ് ഷര്‍മിളയുടെ സമരവും പര്യവസാനവും കുറിച്ചിടുന്നത് Read on deshabhimani.com

Related News