ആവര്‍ത്തിക്കപ്പെടരുത്



മഹാദുരന്തമാണ് സംഭവിച്ചത്. വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖഭാരത്താല്‍ ഞങ്ങള്‍ ശിരസ്സുകുനിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ എല്ലാംമറന്ന് രംഗത്തിറങ്ങണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. പരവൂര്‍ അപകടം ദേശീയദുരന്തമായി കണക്കാക്കി സഹായം എത്തിക്കണമെന്നും ചുവപ്പുനാടയുടെയും സാങ്കേതികത്വത്തിന്റെയും വിലക്കുകള്‍ മറികടന്ന് ദുരിതബാധിതര്‍ക്ക് ചികിത്സയും ആശ്വാസവും നല്‍കാന്‍ തയ്യാറാകണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. പരവൂരില്‍ ഉണ്ടായത് സമീപകാലത്ത് നമ്മുടെ നാട് അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണ്. അത് എങ്ങനെ ഉണ്ടായി, എന്തുകൊണ്ട് ഒഴിവാക്കാനായില്ല എന്ന ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. അതിലേക്ക് കടക്കുംമുമ്പ് നമുക്ക് ചെയ്തുതീര്‍ക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളിലും ആശ്വാസമെത്തിക്കണം. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം നല്‍കണം. പരിക്കേറ്റവര്‍ക്ക് സാധ്യമായ മികച്ച ചികിത്സ ഉറപ്പുവരുത്തണം. എല്ലാ മൃതദേഹങ്ങളും തിരിച്ചറിയണം.  ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ കേരളം ഒന്നടങ്കം ഒരേ മനസ്സോടെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. അതിന് ആര്‍ക്കും ഒന്നും തടസ്സമായില്ല. ആവശ്യത്തിലേറെ ആളുകള്‍ രക്തദാനത്തിന് സന്നദ്ധരായി എത്തി എന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം. എല്ലാ രാഷ്ട്രീയപാര്‍ടികളും ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി രംഗത്തിറങ്ങി. നേതാക്കള്‍ കൊല്ലത്തേക്ക് കുതിച്ചു. ജനങ്ങള്‍ അപകടം നേരിടുമ്പോള്‍ എവ്വിധം പ്രതികരിക്കണം എന്നാണ് ഭരണ– പ്രതിപക്ഷ പാര്‍ടികളും നേതാക്കളും വിവിധ സംഘടനകളും തെളിയിച്ചത്. പരവൂര്‍ ദുരന്തം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വെടിക്കെട്ട് നടത്താന്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നില്ല. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തുന്നത് പൊലീസ് മനസ്സിലാക്കിയിരുന്നു. അനുമതിക്കാര്യത്തില്‍ പൊലീസ് ഒളിച്ചുകളിച്ചു. കലക്ടരുടെ ഉത്തരവ് നടപ്പാക്കിയില്ല. പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണഘടനാബാധ്യത നിറവേറ്റപ്പെട്ടില്ല. മഹാദുരന്തത്തിന് കാരണമായ നിയമവിരുദ്ധപ്രവര്‍ത്തനം പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. ഈ ദുരന്തം മനുഷ്യസൃഷ്ടിയാണ്, ഒഴിവാക്കാമായിരുന്നതാണ്; അനിവാര്യമായും പാലിക്കപ്പെടേണ്ട നിയമങ്ങളും നിബന്ധനകളും മര്യാദയും ലംഘിക്കപ്പെട്ടതുകൊണ്ട് ഉണ്ടായതാണ്. ഇവിടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഓരോന്ന് കഴിയുമ്പോഴും അന്വേഷണം നടക്കും, റിപ്പോര്‍ട്ട് വരും. പക്ഷേ, ഒന്നും പഠിക്കുന്നില്ല. ഇതിനുമുമ്പുണ്ടായ ഏറ്റവുംവലിയ വെടിക്കെട്ട് ദുരന്തം 1952ല്‍ ശബരിമലയിലാണുണ്ടായത്്. അന്ന് 68 പേര്‍ മരിച്ചു. അതിനുശേഷവും അനേകം അപകടങ്ങള്‍ നടന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ ഒരു വീട് തകര്‍ത്ത വന്‍സ്ഫോടനം. അതിനുശേഷമാണ് ഈ മഹാദുരന്തം. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വെടിക്കെട്ടുകള്‍ നടക്കുന്നത്. രാസപദാര്‍ഥങ്ങളുടെ ഘടന, അളവ് എന്നിവയൊന്നും പരിഗണിക്കുന്നില്ല. കരിമരുന്നുപ്രയോഗം ലോകത്തിലെല്ലായിടത്തുമുണ്ട്. പക്ഷേ, അവിടെയൊന്നും ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നില്ല. സുരക്ഷാമുന്‍കരുതലുകളും ശാസ്ത്രീയരീതികളും പാലിക്കപ്പെടുന്നിടത്ത് അപകടം കുറയും. നമ്മുടെ നാട്ടില്‍ അതൊക്കെ അവഗണിക്കപ്പെടുകയാണ്. അതിന്റെ ഫലം നാടിന് താങ്ങാനാകാത്ത ഇത്തരം ദുരന്തങ്ങളാണ്. ഇത് ഇനിയും ആവര്‍ത്തിക്കപ്പെടരുത്. അതുറപ്പാക്കാന്‍ നമുക്കാകെ ബാധ്യതയുണ്ട്. ദുരന്തബാധയേറ്റ ഓരോരുത്തര്‍ക്കും ആശ്വാസം ലഭിക്കണം എന്നതുപോലെ പ്രധാനമാണ് ഇതിനു കാരണക്കാരായ ഓരോരുത്തരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നതും. ആ പരിശോധനയും ചര്‍ച്ചയും വരുംനാളുകളിലേക്ക് വിട്ട് ഞങ്ങള്‍ ശിരസ്സു കുമ്പിടുകയാണ്– ഒരു ഞൊടിയിടയില്‍ പൊട്ടിച്ചിതറിപ്പോയ സഹോദരങ്ങളുടെ വിയോഗത്തിനുമുന്നില്‍, പരിക്കേറ്റവരുടെ വേദനയ്ക്കുമുന്നില്‍, ഉറ്റവരുടെ നഷ്ടത്തില്‍ നൊന്തുകരയുന്നവര്‍ക്കുമുന്നില്‍* Read on deshabhimani.com

Related News