10 അടിയന്തര ആവശ്യങ്ങള്‍



രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ അതിബൃഹത്തായ ഒരു ദേശീയപ്രക്ഷോഭ പരിപാടിക്ക് സിപിഐ എം തുടക്കമിടുകയാണ്. തിരുവനന്തപുരത്ത് ചേര്‍ന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മറ്റിയോഗങ്ങളാണ് ജനുവരി അവസാനവാരം മുതല്‍ ദേശവ്യാപകമായി പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ തീരുമാനിച്ചത്. പത്ത് ആവശ്യങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. പണം പിന്‍വലിക്കല്‍മൂലം സമ്പദ്ഘടനയിലുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാനുള്ള കൃത്യവും വ്യക്തവുമായ തീരുമാനങ്ങളും നടപടികളും കേന്ദ്രഭരണമാണ് സ്വീകരിക്കേണ്ടത്. എന്നാല്‍, നിഷേധാത്മകനിലപാട് തിരുത്താന്‍ തയ്യാറല്ലെന്നാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവിന്റെ അവകാശവാദങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. നോട്ടുദുരന്തം ജനജീവിതത്തെയും ഉല്‍പ്പാദന- വാണിജ്യ- തൊഴില്‍മേഖലകളെയും ഏറെ പ്രതികൂലമായി ബാധിച്ചെന്ന യഥാര്‍ഥ്യം മറച്ചുവച്ച് പൊള്ളയായ കണക്കുകള്‍ നിരത്തുകയാണവര്‍. ഈയൊരു പശ്ചാത്തലത്തിലാണ് അധ്വാനിച്ച് ജീവിക്കുന്നവരും നാമമാത്ര വരുമാനക്കാരുമായ തൊഴിലാളി-  കര്‍ഷകവിഭാഗങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള പത്ത് ആവശ്യങ്ങള്‍ സിപിഐ എം ഏറ്റെടുക്കുന്നത്. സ്വന്തം സമ്പാദ്യം ബാങ്കില്‍നിന്ന് പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം താല്‍ക്കാലികമാണെന്ന പ്രധാനമന്തിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ് വ്യക്തികളുടെ സമ്പാദ്യം ബാങ്കുകള്‍ പിടിച്ചുവച്ചിരിക്കുന്നത്. അന്യായമായ ഈ വിലക്ക് അടിയന്തരമായി പിന്‍വലിക്കണം. രാജ്യത്തെ കാര്‍ഷിക ഉല്‍പ്പാദനം കൂപ്പുകുത്തുകയാണ്. റാബി വിളകളുടെ വിത്തിറക്കല്‍വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ വഴിമുടക്കിയത്. ബാങ്കുകളില്‍നിന്നെടുത്ത വായ്പ കറന്‍സിക്ഷാമംമൂലം പ്രയോജനപ്പെടുത്താന്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും സാധിച്ചിട്ടില്ല. ഈ പണമാകട്ടെ ദൈനംദിന ജീവിതച്ചെലവുകള്‍ക്കായി വകമാറ്റപ്പെടുകയുംചെയ്തു. നേരാംവണ്ണം കൃഷിയിറക്കലും പരിപാലനവും  ഇല്ലാതായതോടെ ഈ വര്‍ഷത്തെ റാബിവിള റെക്കോഡ് തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാര്‍ഷികവായ്പ എഴുതിത്തള്ളണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രസക്തമാകുന്നത്.    ദേശീയ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഘട്ടത്തില്‍ത്തന്നെ ആരംഭിച്ചതാണ്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍വരുന്ന ഘട്ടത്തില്‍ 227 തൊഴില്‍ദിനങ്ങളും 61,000 കോടിരൂപ ബജറ്റുവിഹിതവുമായാണ് തൊഴിലുറപ്പുപദ്ധതി ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ബജറ്റില്‍  വിഹിതം 34,699 കോടിയായി വെട്ടിക്കുറച്ചു.  കഴിഞ്ഞ ബജറ്റില്‍ നാമമാത്ര വര്‍ധനയിലൂടെ 38,500 കോടിയാക്കിയെങ്കിലും യാഥാര്‍ഥ്യമായ തൊഴില്‍ദിനങ്ങള്‍ നൂറില്‍ താഴെ. പണച്ചുരുക്കം തകര്‍ത്ത ഗ്രാമീണ തൊഴില്‍മേഖലയെ രക്ഷിക്കാന്‍ തൊഴിലുറപ്പുപദ്ധതിയെ പുനരുജ്ജീവിപ്പിക്കുകമാത്രമാണ് പോംവഴി. വെറും പ്രഖ്യാപനങ്ങളല്ല; ആവശ്യമായത്ര ഫണ്ട് ലഭ്യമാക്കിക്കൊണ്ട്  തൊഴില്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പട്ടിണിയിലേക്കാകും ഇന്ത്യന്‍ഗ്രാമങ്ങള്‍ എടുത്തെറിയപ്പെടുകയെന്ന് സിപിഐ എം മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി തൊഴലുറപ്പിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കണം.   നോട്ടിനായുള്ള നെട്ടോട്ടത്തില്‍ വീണുമരിച്ചവരും നിരാലംബരായി ജീവനൊടുക്കിയവരും നൂറിലേറെ വരും. ഈ നരഹത്യ ഇപ്പോഴും തുടരുകയാണ്. ഇവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ കോടിക്കണക്കിനാണ്. പ്രത്യേകിച്ച് കര്‍ഷകത്തൊഴിലാളികളും ദിവസവേതനക്കാരും. ഇത്തരക്കാരെ സംരക്ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം. ചെറുകിട, ഇടത്തരം സംരംഭകരുടെ വ്യാപാരവും ഉല്‍പ്പാദനവും ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. റിബേറ്റ് അനുവദിച്ചാല്‍മാത്രമേ ഈ വിഭാഗത്തിന് പിടിച്ചുനില്‍ക്കാനാകൂ. കേന്ദ്രം ഇതിനായി പ്രത്യേകം ഫണ്ട് വകയിരുത്തണം. സഹകരണ ബാങ്കുകള്‍ക്കെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങള്‍ അര്‍ഥശൂന്യമായിരുന്നെന്ന് ഇതിനകം വ്യക്തമായി. റിസര്‍വ് ബാങ്കിന്റെതന്നെ പരിശോധനയില്‍ കാര്യമായ ഒരു ന്യൂനതയും കേരളത്തിലെ ജില്ലാസഹകരണ ബാങ്കുകളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാടടച്ച് വെടിവച്ചതല്ലാതെ, കേരളത്തിലെ ഒരു പ്രാഥമിക സഹകരണ ബാങ്കിനെതിരെയും  കള്ളപ്പണം നിക്ഷേപം സംബന്ധിച്ച് ഗൌരവമുള്ള പരാതിപോലും ഉയര്‍ന്നിട്ടില്ല. നിക്ഷേപകരുടെ    വിശദാംശങ്ങള്‍( കെവൈസി) നിര്‍ബന്ധമാക്കുന്നതിലോ ആദായനികുതി വകുപ്പിന് വിവരങ്ങള്‍ നല്‍കുന്നതിലോ എതിര്‍പ്പില്ലെന്ന് പ്രാഥമിക സഹകരണ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വ്യക്തമായ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും നല്‍കിയിട്ടുമുണ്ട്.  ഇതെല്ലാമായിട്ടും സഹകരണമേഖലയോടുള്ള വൈരനിര്യാതനം അവസാനിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേരളത്തിന്റെ നട്ടെല്ലായ സഹകരണ ബാങ്കുകള്‍ക്കെതിരായ വിലക്കുകള്‍ നീക്കാന്‍ ഇനിയും താമസമരുതെന്ന ആവശ്യം കേന്ദ്രവും റിസര്‍വ് ബാങ്കും ഗൌരവപൂര്‍വം കാണണം.   സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന വരുമാന നഷ്ടം ചെറുതല്ല. ദൈനംദിന ചെലവുകള്‍ക്കുതന്നെ ബുദ്ധിമുട്ടവെ, അടുത്ത ബജറ്റ് ആസന്നമാകുകയാണ്. ഗുരുതരമാണ് സംസ്ഥാനങ്ങളുടെ നില. കേന്ദ്രത്തിന്റെ സഹായത്തിലൂടെമാത്രമേ മുന്നോട്ടുപോകാനാകുകയള്ളൂ. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിര്‍ബന്ധിതരാകുന്നവരില്‍നിന്ന് വന്‍തുകയാണ് കമീഷനും ചാര്‍ജുകളുമായി ഈടാക്കുന്നത്. ഈ നിര്‍ബന്ധിതസാഹചര്യം വ്യക്തിസ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. അത് അവസാനിപ്പിക്കണം. അതുപോലെ റേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്നതും അന്യായനടപടിയാണ്.  വിതരണം സുഗമമാക്കുന്നതിന് ആവശ്യമായ അരിയും ലഭ്യമാക്കണം. ഇത്തരത്തില്‍ അതീവപ്രാധാന്യമുള്ള ആവശ്യങ്ങളുയര്‍ത്തി ആരംഭിക്കുന്ന പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെയും  താല്‍പ്പര്യമുള്ള മറ്റ് പാര്‍ടികളെയും പങ്കാളികളാക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ വര്‍ഗ- ബഹുജനപ്രസ്ഥാനങ്ങളും അണിചേരും. ജനകീയപോരാട്ടത്തില്‍ യോജിപ്പിന്റെ ഒരു പുതിയ അധ്യായമാണിത് * Read on deshabhimani.com

Related News