ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന



സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം കൃത്യമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇത്തവണയെങ്കിലും നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്നത് ഒരു സൂചന. തുടര്‍ഭരണം സാധ്യമാകുമെന്നത് യുഡിഎഫിന്റെ വ്യാമോഹംമാത്രം എന്നത് മറ്റൊരു സൂചന. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം വാര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നേടിയ വിജയം ആവേശകരമാണ്. കഴിഞ്ഞതവണ 1643 വോട്ട് നേടി രണ്ടാംസ്ഥാനത്തായ ബിജെപി അതിന്റെ പകുതിയോളം വോട്ട് കുറഞ്ഞ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് വാഴോട്ടുകോണം വാര്‍ഡ്. ബിജെപിയുടെ അക്കൌണ്ട് സ്വപ്നങ്ങളിലെ പ്രധാന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിപിഐ എം പ്രതിനിധി മൂന്നാംമൂട് വിക്രമന്റെ ആകസ്മികവിയോഗംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിക്രമന് ലഭിച്ചതിനേക്കാള്‍ 204 വോട്ട് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റാണി വിക്രമന് കൂടുതല്‍ ലഭിച്ചു. യുഡിഎഫ് മത്സരത്തില്‍ ഗൌരവമായി ഇടപെട്ടപ്പോള്‍ അവരുടെ സ്ഥാനാര്‍ഥിക്ക് രണ്ടാംസ്ഥാനത്ത് എത്താനായി. രണ്ട് കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്. അദ്യത്തേത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപിന്തുണ അപ്രതിരോധ്യമാണ് എന്നതുതന്നെ. യുഡിഎഫ് സഹായിച്ചില്ലെങ്കില്‍ ബിജെപി മൂന്നാംസ്ഥാനത്തുതന്നെ നില്‍ക്കും എന്നത് രണ്ടാമത്തേത്. തലസ്ഥാന ജില്ലയില്‍ത്തന്നെ കടയ്ക്കാവൂര്‍ ആയിക്കുടിയില്‍ സിപിഐ എം വിജയമാവര്‍ത്തിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവമാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തിന്റെ ശരിയായ തുടര്‍ച്ചയും ഉയര്‍ച്ചയുമാണ് ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ഇതാകട്ടെ, നിയമസഭാതെരഞ്ഞെടുപ്പിന്റെ ജനവിധി എന്തായിരിക്കും എന്നതിന്റെ വ്യക്തമായ ദിശാസൂചകമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്നും യുഡിഎഫ് തകര്‍ന്ന് നിലംപൊത്തുമെന്നും വിവിധ അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുണ്ട്. അത്തരം ചില സര്‍വേകളില്‍ ബിജെപിക്ക് നിയമസഭയില്‍ അക്കൌണ്ട് തുറക്കാനാകുമെന്ന് പ്രവചിക്കുന്നുണ്ട്. ആ പ്രവചനത്തെ നിരാകരിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപി പ്രതിനിധാനംചെയ്യുന്നത് വര്‍ഗീയതയുടെ രാഷ്ട്രീയമാണ്. വര്‍ഗീയവിദ്വേഷം ഇളക്കിവിട്ട് നേട്ടംകൊയ്യാമെന്ന ആര്‍എസ്എസിന്റെ പ്രതീക്ഷ ജനങ്ങള്‍ സ്വീകരിക്കില്ല എന്നതിന്റെ തെളിവാണ് വാഴോട്ടുകോണത്ത് ബിജെപിക്ക് ലഭിച്ച ദയനീയമായ മൂന്നാംസ്ഥാനം. കേരളത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും പുരോഗമന പക്ഷപാതിത്വത്തിന്റേതുമാണ്. നാടിനെ പിറകോട്ടടിപ്പിക്കുന്ന ഒരു നീക്കത്തെയും കേരളജനത വാഴിക്കില്ല. അത് മനസ്സിലാക്കി വര്‍ഗീയപ്രീണനത്തിന്റെ ഹീനമായ തന്ത്രങ്ങളില്‍നിന്ന് പിന്മാറാന്‍ യുഡിഎഫിനും വിദ്വേഷപ്രചാരണത്തിന്റെ അപകടകരമായ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാന്‍ സംഘപരിവാറിനും ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം. Read on deshabhimani.com

Related News