നാറ്റോയിലും തമ്മിലടി



ശീതയുദ്ധത്തിന്റെ അവശിഷ്ടമായി ഇന്നും നിലനിൽക്കുന നാറ്റോയുടെ (ഉത്തര അത്‌ലാന്റിക്‌ ഉടമ്പടി സഖ്യം) രണ്ടുദിവസംനീണ്ട ഉച്ചകോടി ലണ്ടനിൽ സമാപിച്ചു. മുതലാളിത്തലോകത്തിലെ പ്രതിസന്ധിയും തർക്കങ്ങളും ഉയർന്നുകേട്ട ഉച്ചകോടിയായിരുന്നു ലണ്ടനിലേത്. ഉച്ചകോടിക്കുശേഷം നടത്താറുള്ള പതിവ് പത്രസമ്മേളനത്തിൽപോലും പങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്‌ടണിലേക്ക് മടങ്ങിപ്പോയി. ഉച്ചകോടിയിൽ പങ്കെടുത്ത മറ്റു രാഷ്ട്രങ്ങളിലെ നേതാക്കൾ ബക്കിങ്‌ഹാം കൊട്ടാരത്തിൽവച്ച് ട്രംപിനെ പരിഹസിക്കുന്ന വീഡിയോ പുറത്തായ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. ഉച്ചകോടിക്ക് മുന്നോടിയായി ‘ഇക്കോണമിസ്റ്റ്' വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തുവന്നിരുന്നു.  നാറ്റോവിന് ‘മസ്‌തിഷ്‌കമരണം' സംഭവിച്ചുകഴിഞ്ഞെന്നും അമേരിക്കൻ മുൻഗണനകളിൽ മാറ്റംവന്നതിനാൽ യൂറോപ്പിന്റെ സുരക്ഷയ്‌ക്ക് നാറ്റോയെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും മാക്രോൺ തുറന്നടിച്ചു.  രണ്ടുവർഷം മുമ്പ് ജർമൻ ചാൻസലർ മെർക്കലും സമാനഭാഷയിൽ സംസാരിച്ചിരുന്നു.  ജർമനിയും ഫ്രാൻസും ചേർന്ന് യൂറോപ്യൻ സേന രൂപീകരിക്കാനും ആലോചിച്ചിരുന്നു. റഷ്യയെയും ചൈനയെയും ശത്രുവായി കണ്ടുകൊണ്ടുള്ള അമേരിക്കൻ നയം ശരിയല്ലെന്നും മാക്രോൺ പറഞ്ഞു.  നാറ്റോയെക്കുറിച്ചുള്ള മാക്രോണിന്റെ പരാമർശം അരോചകമാണെന്നും സൈനികരെ അപമാനിക്കലാണെന്നും ട്രംപ് തിരിച്ചടിച്ചു. മാക്രോണിന്റെ ചെലവുചുരുക്കൽ നയത്തിനെതിരെ മഞ്ഞക്കുപ്പായക്കാർ ഒരു വർഷമായി നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ് നാറ്റോക്കെതിരെ മാക്രോൺ തിരിയുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയും ഫ്രാൻസുംതമ്മിൽ തുടരുന്ന വ്യാപാര യുദ്ധത്തിന്റെ പ്രതിഫലനമായിരുന്നു ലണ്ടൻ ഉച്ചകോടിയിലും ആവർത്തിച്ചത്.  അമേരിക്കൻ കമ്പനികളായ ഗൂഗിളിനും ആമസോണിനും മറ്റും ഫ്രാൻസ് നികുതി ഏർപ്പെടുത്തിയതും അതിന് പ്രതികാരമെന്നോണം അമേരിക്ക ഫ്രാൻസിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ആഡംബരവസ്‌തുക്കൾക്ക് 2.4 ബില്യൻ തീരുവ ചുമത്തിയതും അടുത്തകാലത്തായിരുന്നു.   മാക്രോണുമായി മാത്രമല്ല ട്രംപ് കൊമ്പുകോർത്തത്. ക്യാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡുമായി പരസ്യമായ ഏറ്റുമുട്ടലിനും ട്രംപ് തയ്യാറായി. നാറ്റോ സൈനികച്ചെലവ് പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് അമേരിക്കയും ക്യാനഡയുംതമ്മിലുള്ള തർക്കം. ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധാവശ്യങ്ങൾക്കായി ചെലവഴിക്കണമെന്ന തീരുമാനം പാലിക്കാൻ ക്യാനഡ തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അതിനിടയിലാണ് തന്നെ കളിയാക്കിയവരുടെ കൂട്ടത്തിൽ ക്യാനഡയുടെ പ്രധാനമന്ത്രിയും ഉണ്ടെന്ന വിവരം പുറത്തുവന്നത്. ഇതിൽ ക്ഷുഭിതനായ ട്രംപ് ജസ്‌റ്റിൻ ട്രൂഡ്‌ ഇരട്ടമുഖത്തിന്റെ ഉടമയാണ്  എന്ന് കുറ്റപ്പെടുത്തുകയുംചെയ്തു.  കമ്യൂണിസത്തിനും സോവിയറ്റ് യൂണിയനുമെതിരെ 70 വർഷങ്ങൾക്കു മുമ്പ് അമേരിക്കയും 11 രാഷ്ട്രങ്ങളുംചേർന്ന് രൂപീകരിച്ച ഈ സഖ്യത്തിന്റെ ഭാവി ശോഭനമല്ലെന്ന് ലണ്ടൻ ഉച്ചകോടി വ്യക്തമാക്കി.  അടുത്തവർഷം മാസിഡോണിയകൂടി നാറ്റോയിൽ അംഗമാകുന്നതോടെ 30 രാഷ്ട്ര സഖ്യമായി നാറ്റോ വികസിക്കുകയാണെങ്കിലും അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള ചേരിപ്പോരും കലഹവും ഈ സൈനികസഖ്യത്തിന്റെ കെട്ടുറപ്പ് തകർത്തിരിക്കുകയാണ്.  പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപ് ‘കാലഹരണപ്പെട്ട സൈനികസഖ്യമെന്ന്' നാറ്റോയെ വിശേഷിപ്പിച്ചിരുന്നു. അതിനെ അന്വർഥമാക്കുന്ന സംഭവങ്ങളാണ് അടുത്തയിടെയായി നടക്കുന്നത്. നാറ്റോ അംഗരാഷ്ട്രമായ തുർക്കി കുർദുകളെ ലക്ഷ്യംവച്ച് സിറിയയെ ആക്രമിച്ച നടപടിക്ക് അമേരിക്കയുടെ അംഗീകാരമുണ്ടെങ്കിലും യുറോപ്യൻ രാഷ്ട്രങ്ങൾ ഇതിനെ വിമർശിക്കുകയാണ്. മാത്രമല്ല, നാറ്റോ ശത്രുവായി പ്രഖ്യാപിച്ച റഷ്യയിൽനിന്ന്‌ എസ് 400 മിസൈൽ സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി തുർക്കി മുന്നോട്ടുപോകുകയുമാണ്.  റഷ്യയെ ലക്ഷ്യംവയ്‌ക്കുന്ന നയത്തോട് ഫ്രാൻസ് പരസ്യമായ എതിർപ്പ് തന്നെ രേഖപ്പെടുത്തുകയുംചെയ്‌തു. മാത്രമല്ല, ചൈനയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കൻ ആഹ്വാനത്തോടും തണുത്ത പ്രതികരണമാണ് അംഗങ്ങൾക്കുള്ളത്. യുറോപ്പിൽനിന്നുള്ള പല നാറ്റോ അംഗ രാഷ്ട്രങ്ങളും ചൈനയുടെ ബെൽറ്റ് ആൻഡ്‌ റോഡ് പദ്ധതിയുമായി സഹകരിക്കുകയുമാണ്.  ബ്രിട്ടനിലെ സംഭവവികാസങ്ങളും നാറ്റോക്ക് പ്രതീക്ഷ നൽകുന്നില്ല. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനിൽ ജെറമി കോർബിൻ ജയിക്കുന്നപക്ഷം പ്രത്യേകിച്ചും.  ലോകസമാധാനത്തിന് ഭീഷണിയായ അപകടകാരിയായ സംഘടനയാണ് നാറ്റോ എന്നാണ് കോർബിന്റെ അഭിപ്രായം. മാത്രമല്ല, സ്‌കോട്ട്‌ലൻഡിലെ നാറ്റോ താവളത്തിനെതിരെ സ്‌കോട്ടിഷ് നാഷണൽ പാർടി രംഗത്തുവന്നതും സൈനികസഖ്യത്തെ ഉലയ്‌ക്കുകയാണ്. എങ്കിലും ലോകത്തിന്റെ സൈനികച്ചെലവിന്റെയും ആയുധസംഭരണത്തിന്റെയും നാലിൽ മൂന്ന് ഭാഗവും കൈകാര്യം ചെയ്യുന്നത് നാറ്റോയാണ്. അതുകൊണ്ടുതന്നെ ലോകസമാധാനം തകർക്കാനും ലോകത്തെ ആയുധമണിയിക്കാനും ശ്രമിക്കുന്ന നാറ്റോക്കെതിരെ  ലോക പൊതുജനാഭിപ്രായം ഉയരേണ്ടതുണ്ട്. Read on deshabhimani.com

Related News