തിരക്കിട്ട നിയമനനീക്കം തടയണം



കോഴിക്കോട് ജില്ലാ ബാങ്കില്‍ ചട്ടം ലംഘിച്ച് 15 സ്വീപ്പര്‍മാരെ നിയമിക്കാന്‍ ശ്രമം നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലില്ലാത്ത തസ്തികകളിലാണ് നിയമനം നടത്താന്‍ ശ്രമിക്കുന്നത്. ഭരണമാറ്റം സംഭവിച്ചതോടെ പല സ്ഥാപനങ്ങളിലും ധൃതിപിടിച്ച് ഇത്തരം നിയമനങ്ങള്‍ നടത്താന്‍ നീക്കം നടക്കുന്നു. മലബാര്‍ ദേവസ്വംബോര്‍ഡിനുകീഴില്‍ 15 എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയാണ് ഇത്തരത്തില്‍ നിയമിക്കാന്‍ ശ്രമിക്കുന്നത്. ദേവസ്വം കമീഷണറുമായി യൂണിയന്‍ പ്രതിനിധികള്‍ സംസാരിച്ചപ്പോള്‍, ഒരു കാരണവശാലും നിയമനം മാറ്റിവയ്ക്കില്ലെന്ന് തികഞ്ഞ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ പിന്തുണയോടെയാണ് നിയമന നീക്കം. നിയമവും ചട്ടവും മാനദണ്ഡവും കീഴ്വഴക്കവുമൊക്കെ ലംഘിച്ചാണ് നിയമനത്തിനുള്ള ശ്രമം നടക്കുന്നത്. സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍മാരായി പ്രൊമോഷന്‍ നല്‍കി നിശ്ചിത ശതമാനംപേരെ നിയമിക്കണമെന്ന വ്യവസ്ഥപോലും മറികടക്കുന്നു. എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത് ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. വരുമാനമുള്ള ക്ഷേത്രങ്ങളും ഇല്ലാത്ത ക്ഷേത്രങ്ങളും ഒന്നിച്ചുചേര്‍ത്താണ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ നിയമിക്കാറ്. വ്യക്തമായ മാനദണ്ഡം പാലിക്കാതെ നടത്തുന്ന നിയമനം അഴിമതി ലക്ഷ്യമിട്ടാണെന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ സംസാരം. അപേക്ഷകരില്‍നിന്ന് കോഴ വാങ്ങാനുള്ള ശ്രമം നടക്കുന്നുവെന്നും അറിയുന്നു.  കൊച്ചി ദേവസ്വത്തിനുകീഴില്‍ രണ്ട് കോളേജുകളിലേക്ക് അധ്യാപകനിയമനം നടന്നു. ഈ നിയമനങ്ങളെപ്പറ്റിയും ഗൌരവമായ പരാതി നിലനില്‍ക്കുകയാണ്. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നാണ് സംസാരം. ഇത് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്താന്‍ സംവിധാനമുണ്ടായേ മതിയാകൂ. കൊച്ചി ദേവസ്വത്തില്‍ ചീഫ് കമീഷണറുടെ ഭരണമാണ് നിലവിലുള്ളത്. നിലവിലുള്ള ചീഫ് കമീഷണറുടെ കാലാവധി ചില നിബന്ധനകള്‍ക്ക് വിധേയമായി നീട്ടിക്കൊടുക്കാന്‍ കോടതി ഉത്തരവിടുകയാണുണ്ടായത്. നീട്ടിക്കൊടുത്ത കാലാവധി ജൂണ്‍ എട്ടിന് അവസാനിക്കും. അവിടെയും ഒമ്പതിന് പുതിയ ഭരണസംവിധാനം ഉണ്ടാകേണ്ടതുണ്ട്. തിരുവിതാംകൂര്‍ ദേവസ്വത്തിനുകീഴില്‍ നിയമനം നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് നിലവിലുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിനെ നിയമിച്ചത്. ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രങ്ങളുടെ ക്ഷേത്രജീവനക്കാര്‍ ഒഴികെയുള്ള മാനേജര്‍, ക്ളര്‍ക്ക് തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരം പിഎസ്സിക്ക് വിട്ടതായിരുന്നു. എച്ച്ആര്‍ ആന്‍ഡ് സിഇ നിയമപ്രകാരം നിയമനാധികാരം പിഎസ്സിക്കാണ്. അത് പ്രയോഗത്തില്‍ വന്നിട്ടില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ പിഎസ്സി നിയമനം നടന്നിട്ടില്ല. പുതിയ സംവിധാനത്തെപ്പറ്റി ആലോചിക്കേണ്ടിവരും. തിരുവിതാംകൂര്‍ ദേവസ്വത്തിനുകീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ധിപ്പിച്ച് നടപ്പാക്കാന്‍ ഉത്തരവിട്ടുകഴിഞ്ഞു. പൂജാദ്രവ്യങ്ങളുടെ വിലക്കയറ്റംമൂലം വഴിപാട് നിരക്ക് വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, നിരക്കുവര്‍ധന തികച്ചും അശാസ്ത്രീയമാണ്. അതും ജീവനക്കാരുടെ സംഘടനകളുമായി ആലോചിച്ച് ആവശ്യമായ ഭേദഗതി വരുത്തി നടപ്പാക്കുന്നതാകും ഉചിതം. ഇതിനെല്ലാം സത്വരനടപടികള്‍ ആവശ്യമാണ്. ക്ഷേത്രജീവനക്കാരുടെ സംഘടനയുടെ നേതാവായി പ്രവര്‍ത്തിച്ച, ക്ഷേത്രഭരണത്തെപ്പറ്റി ആഴത്തില്‍ പഠിച്ച പുതിയ ദേവസ്വംമന്ത്രിയുടെ ഭരണത്തില്‍ എല്ലാം ശരിയാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. സഹകരണമേഖല ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലെ തിരക്കുപിടിച്ച നിയമനങ്ങളും മാറ്റിവയ്ക്കാന്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകണം   Read on deshabhimani.com

Related News