അസഹ്യ ദുര്‍ഗന്ധം



കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ അന്തിമതീരുമാനം വന്നപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയല്ല,അസഹ്യമായ ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ട് രൂക്ഷമാവുകയാണ്. ഒരു രാഷ്ട്രീയപാര്‍ടി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതും മത്സരിപ്പിക്കുന്നതും ആ പാര്‍ടിയുടെ ആഭ്യന്തരകാര്യമാണ്. കോണ്‍ഗ്രസിനും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ആരാകണമെന്ന് നിശ്ചയിക്കാനുള്ള ജനാധിപത്യപരമായ അവകാശമുണ്ട്. ഇവിടെ സ്ഥാനാര്‍ഥിനിര്‍ണയത്തെക്കുറിച്ച് എതിര്‍പ്പും തര്‍ക്കവും ഉയര്‍ന്നത് ആ പാര്‍ടിയില്‍നിന്നുതന്നെയാണ്. പൊതുസമൂഹത്തിനുമുന്നില്‍ പരസ്യമായി തര്‍ക്കങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ചയും വിവാദവും സൃഷ്ടിക്കുകയുംചെയ്തത് കോണ്‍ഗ്രസ് തന്നെയാണ്. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം വമ്പന്‍ അഴിമതികളും തട്ടിപ്പും അധികാരദുര്‍വിനിയോഗവും രാഷ്ട്രീയഅനാശാസ്യവും കൊണ്ടാണ് കേരളചരിത്രത്തില്‍ മുദ്രിതമാകുന്നത്. ഭരണത്തിന്റെ അവസാന നാളുകളില്‍ തുടര്‍ച്ചയായി മൂന്നുവട്ടം മന്ത്രിസഭായോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ വമ്പന്‍ അഴിമതിയാണെന്ന് ആദ്യം പറഞ്ഞത് യുഡിഎഫിനെ നയിക്കുന്ന കെപിസിസിയുടെ അധ്യക്ഷന്‍ തന്നെയാണ്. കളങ്കിതരും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടവരുമായ അഞ്ചുപേരെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതും അതേ അധ്യക്ഷനാണ്. ബാര്‍ കോഴക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്ത്രി കെ ബാബു, സോളാര്‍ തട്ടിപ്പുകേസില്‍ തെളിവ് നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയായ ബെന്നി ബഹ്നാന്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷംപോലും അഴിമതിക്കേസുകളില്‍ കോടതിപരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, മൂന്നുപതിറ്റാണ്ടിലേറെയായി ഒരേ മണ്ഡലത്തില്‍നിന്ന് മത്സരിക്കുകയും മുഖ്യമന്ത്രിയുടെ എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മന്ത്രി കെ സി ജോസഫ്, സ്ഥിരം മത്സരാര്‍ഥിയും എംഎല്‍എ എന്ന നിലയില്‍ പരാജയവുമായ ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് വി എം സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ടികളാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് പക്ഷേ സ്ഥാനാര്‍ഥി നിര്‍ണയം സാധ്യമാകുന്നില്ല. കളങ്കിതനേതാക്കളില്‍ ഒരാളെയെങ്കിലും മാറ്റിനിര്‍ത്താന്‍ അനുവദിക്കില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ ശാഠ്യമാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമായിവന്നത്. അഴിമതി നടത്തിയതിന്റെ പേരില്‍ തന്റെ പാര്‍ശ്വവര്‍ത്തികള്‍  മാറ്റിനിര്‍ത്തപ്പെട്ടാല്‍ താനും മാറിനില്‍ക്കും എന്ന ഭീഷണിയാണ് ഉമ്മന്‍ചാണ്ടി മുഴക്കിയത്. രാജിവയ്ക്കുമെന്നും പാര്‍ടി പിളര്‍ത്തുമെന്നും വേണ്ടിവന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സുധീരനാകട്ടെ, അഴിമതിക്കാരില്‍ ചിലരെ മാറ്റിനിര്‍ത്തണമെന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ. എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയാണ്. തന്റെ എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആയിരുന്നുവെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് തുറന്നുപറഞ്ഞിട്ടുണ്ട്. മന്ത്രിമാരെ പഴിക്കേണ്ടതില്ല ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ചാണ്ടിതന്നെ സമ്മതിക്കാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. അഴിമതിക്കെതിരായി ഒരു നീക്കവും കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തത്തിന് മുമ്പിലാണ് വി എം സുധീരനും ഹൈക്കമാന്‍ഡും മുട്ടുമടക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും സുധീരന്റെയും ദൌര്‍ബല്യം മുതലെടുത്ത് ഉമ്മന്‍ചാണ്ടി അഴിമതിക്കാരെയാകെ മത്സരത്തിനിറക്കുകയാണ്. ഒരുപക്ഷേ, സുധീരന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയും അഴിമതിക്കൂട്ടവും എന്‍ഡിഎ സ്ഥാനാര്‍ഥികളായി രംഗത്തുവരുന്നത് കേരളം കാണേണ്ടിവരുമായിരുന്നു. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചിരിക്കുന്നു. ടുജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം എന്നിവപോലുള്ള ഹിമാലയന്‍ അഴിമതികളില്‍ പങ്കാളികളായ കോണ്‍ഗ്രസ് നേതൃത്വത്തിന് അഴിമതിക്കെതിരെ നിലപാടെടുക്കാന്‍ കഴിയില്ല. ഉമ്മന്‍ചാണ്ടിയുടെ ഉപജാപകരാഷ്ട്രീയത്തെ എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള ശേഷി എ കെ ആന്റണിക്കുമില്ല. താന്‍ നഖശിഖാന്തം എതിര്‍ത്ത അഴിമതിക്കാര്‍ക്കുവേണ്ടി വോട്ടുചോദിക്കുകയും ജനങ്ങളുടെ മുന്നില്‍ സ്വന്തം പാര്‍ടിയുടെ പ്രതിനിധികളായി അവരെ അവതരിപ്പിക്കുകയും ചെയ്യേണ്ട ഗതികേടിലാണ് വി എം സുധീരന്‍. മെയ് 16ന് നടക്കുന്ന വോട്ടെടുപ്പില്‍ ഈ മലീമസമായ അവസ്ഥ തുടരണോ, അഴിമതിക്കാരെന്ന് കോണ്‍ഗ്രസ് നേതൃത്വംതന്നെ ചൂണ്ടിക്കാട്ടിയ സംഘത്തെ ഇനിയും കയറൂരിവിടണോ എന്ന ചോദ്യത്തിനാണ് കേരളത്തിലെ ജനങ്ങള്‍ ഉത്തരം നല്‍കേണ്ടത്. ഇത് കേവലംതെരഞ്ഞെടുപ്പിന്റെമാത്രം പ്രശ്നമല്ല. കേരളത്തിന്റെ രാഷ്ട്രീയം ഇത്രയേറെ മലീമസമാക്കിയ ഉമ്മന്‍ചാണ്ടിസംഘം മാപ്പര്‍ഹിക്കുന്നില്ല. കേരളത്തെ അഴിമതിവിമുക്തമാക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും പുതിയ കേരളം കെട്ടിപ്പടുക്കാനും തടസ്സംനില്‍ക്കുന്ന ദുഷിച്ച ഈ രാഷ്ട്രീയ ഉപജാപകസംഘത്തിന് അര്‍ഹമായ ശിക്ഷ നല്‍കുന്നതുകൂടിയാകണം ജനവിധി. Read on deshabhimani.com

Related News