അപൂർവരാഗമായി ബാലഭാസ‌്കർ



 അനന്യമായ സർഗാത്മകതകൊണ്ട‌് ജീവിതം അടയാളപ്പെടുത്തി കാലയവനികയ‌്ക്ക‌ു പിന്നിലേക്ക‌് മാറിയ സംഗീതജ്ഞൻ ബാലഭാസ‌്കർ മലയളമനസ്സിൽ എക്കാലത്തെയും നൊമ്പരമായി അവശേഷിക്കും. നാൽപ്പതാണ്ടിന്റെ ഹ്രസ്വജീവിതം. അതിൽ മൂന്നാം വയസ്സുമുതൽ സംഗീതസപര്യ. കാൽ നൂറ്റാണ്ടോളം പ്രൊഫഷണൽ സംഗീതപരിപാടികൾ. പാരമ്പര്യമായി  പകർന്നുകിട്ടിയ ശാസ‌്ത്രീയസംഗീതവും വയലിനും പുതിയ കാലത്തിലേക്ക‌് സമന്വയിപ്പിച്ച‌് ജുഗൽബന്ദിയും ഫ്യൂഷനും തീർത്ത പ്രതിഭ. സിനിമയിലും ആൽബത്തിലും സ‌്റ്റേജ‌്ഷോകളിലും നിറഞ്ഞാടിയ ആ പ്രതിഭാസ‌്പർശത്തിന‌് പാതയോരത്തെ അപകടം വിരാമമിട്ടു. പക്ഷേ, സംഗീതത്തിന്റെ വിസ‌്മയവഴികളിൽ ബാലഭാസ‌്കറിന‌് മരണമില്ല. ആസ്വാദകമനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട‌് ആ മാന്ത്രികവിരലുകളും ആ  നാദലയങ്ങളും. ഇടതുപക്ഷ രാഷ്ട്രീയത്തെ കുട്ടിക്കാലംമുതൽ ഹൃദയത്തിലേറ്റിയ ബാലഭാസ‌്കർ യൂണിവേഴ‌്സിറ്റി കോളേജിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിനൊപ്പം നിലയുറപ്പിച്ചു. സംഗീത ചക്രവാളങ്ങളിലേക്ക‌് മനസ്സ‌് സഞ്ചരിക്കുമ്പോഴും അടിയുറച്ച രാ‌ഷ്ട്രീയബോധവും പരസ്യമായ നിലപാടുകളുംകൊണ്ട‌് അദ്ദേഹം വ്യത്യസ‌്തനായി. ബിരുദാനന്തര പഠനകാലത്ത‌് ബാലയ‌്ക്കും ലക്ഷ‌്മിക്കും സംഗീതംപോലെ പ്രണയവും തീവ്രാഭിനിവേശമായിരുന്നു. ജീവിതത്തിലും സംഗീതയാത്രയിലും ഇരുവരും തുണയായി. 16 വർഷത്തെ കാത്തിരിപ്പിനുശേഷം പിറന്ന തേജസ്വിനി അവരുടെ  ജീവിതത്തിന‌് കൂടുതൽ അർഥവ്യാപ‌്തി നൽകി. അപകടത്തിൽ മകൾ നഷ്ടപ്പെട്ടത‌് അറിയാതെയാണ‌് ബാല  യാത്രയായത‌്. നില മെച്ചപ്പെട്ട ലക്ഷ‌്മി തീവ്രപരിചരണത്തിലാണ‌്. പുലർച്ചെയുള്ള കാർയാത്രയിലാണ‌് ബാലഭാസ‌്കറും കുടുംബവും അപകടത്തിൽപ്പെട്ടത‌്. ഉറക്കമിളച്ചുള്ള ദീർഘയാത്രകൾ കഴിയാവുന്നിടത്തോളം ഒഴിവാക്കുക എന്ന പാഠമാണ‌് ഈ ദുരന്തം ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നത‌്. അനിവാര്യമായ യാത്രകളിൽ ജാഗ്രതയും സുരക്ഷാമാനദണ്ഡങ്ങളും വിട്ടുവീഴ‌്ചയില്ലാതെ ഉറപ്പുവരുത്തുക. കാറിനകത്തെ സാങ്കേതിക സംവിധാനങ്ങൾ  ജീവരക്ഷയ‌്ക്ക‌ുപോലും പര്യാപ‌്തമായില്ലെന്നതും ഗൗരവപൂർവം കാണേണ്ടതുണ്ട‌്. ഇനിയുമേറെ സംഭാവനകൾ സംഗീതലോകത്തിന‌് നൽകാൻ കഴിയുമായിരുന്ന  ബാലഭാസ‌്കറിന്റെ അകാലനിര്യാണം പകരംവയ‌്ക്കാനാകാത്ത നഷ്ടമാണ‌്. സ‌്മരണകളിലും ആവിഷ‌്കാരങ്ങളിലും നിറഞ്ഞ‌് ഇൗ പ്രതിഭ ഇനിയും ജീവിക്കും. ആദരപ്പൂക്കൾ. Read on deshabhimani.com

Related News