പ്രവാസികളുടെ കണ്ണീരൊപ്പണം



സൌദിയില്‍ പിരിച്ചുവിടപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഭക്ഷണംപോലും ലഭിക്കതെ ലേബര്‍ക്യാമ്പുകളില്‍ നരകിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഒരിക്കല്‍ക്കൂടി പ്രവാസി പ്രശ്നം ചര്‍ച്ചാവിഷയമായി. ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്ന പതിനായിരങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിന്റെ നൂല്‍പാലത്തിലായിട്ട് കാലമേറെയായി. പ്രതിസന്ധി ഉടലെടുക്കുമ്പോള്‍മാത്രം നടത്തുന്ന താല്‍ക്കാലിക ഇടപെടലുകള്‍ക്ക് അപ്പുറം ഗൌരവപൂര്‍ണമായ സമീപനം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകാണുന്നില്ല. ഗള്‍ഫിലെ പ്രതിസന്ധി പൊടുന്നനെ രൂപപ്പെട്ടതല്ല. എണ്ണവിലത്തകര്‍ച്ചയും സ്വദേശിവല്‍ക്കരണവും അവിടത്തെ തൊഴില്‍മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. നിര്‍മാണമേഖലയില്‍ ഏറെക്കുറെ സ്തംഭനാവസ്ഥ എന്നുതന്നെ പറയാം. രണ്ടുവര്‍ഷമായി തുടരുന്ന പ്രതിസന്ധി ഇപ്പോള്‍ പൊട്ടിത്തെറിയില്‍ എത്തിനില്‍ക്കുന്നു.   സൌദിയില്‍മാത്രം 1000 മലയാളികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ഇന്ത്യക്കാര്‍ കൂട്ടപ്പിരിച്ചുവിടലിന് ഇരയായി. ജിദ്ദയിലെ ക്യാമ്പുകളില്‍ ഭക്ഷണംപോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നവരില്‍ മുന്നൂറോളം പേര്‍ മലയാളികളാണെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഔദ്യോഗികരേഖകളും ലഭ്യമായിട്ടില്ല. ആവശ്യമായ സഹായമെത്തിക്കാനും അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഗള്‍ഫ്നാടുകളിലെ സന്നദ്ധ സംഘടനകള്‍വഴിയും നോര്‍ക്കവകുപ്പുവഴിയും ആവശ്യമായ ബന്ധപ്പെടലുകളും നടന്നുവരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ 25 വര്‍ഷം സര്‍വീസ് ഉള്ളവര്‍വരെയുണ്ട്. നല്ലൊരു പങ്കിനും എട്ടുമാസംവരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ട്. തൊഴില്‍ നഷ്ടമായെങ്കിലും ചെയ്ത ജോലിയുടെ വേതനവും ദീര്‍ഘകാല സേവനത്തിനുള്ള ആനുകൂല്യവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ക്യാമ്പില്‍ത്തന്നെ തങ്ങിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നും ലഭിച്ചില്ലെന്നുമാത്രമല്ല; കൈയിലുള്ള അവസാനത്തെ ചില്ലിയും തീര്‍ന്ന് പട്ടിണിയിലുമായി. പൊറുതിമുട്ടി ശമ്പള കുടിശ്ശികയും ആനുകൂല്യവും ഉപേക്ഷിച്ച് അവര്‍ നാട്ടിലേക്ക് പോയിക്കൊള്ളുമെന്ന മനോഭാവമാണ് സൌദിയിലെ കമ്പനികള്‍ പ്രകടിപ്പിച്ചത്. ഈ സന്ദിഗ്ധാവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്നത് ആശ്വാസകരമാണ.് വിദേശ സഹമന്ത്രി വി കെ സിങ്് റിയാദില്‍ നേരിട്ടെത്തി സ്ഥിതിഗതി മനസ്സിലാക്കുന്നുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യവും ലഭ്യമാക്കാനും ആവശ്യമുള്ളവര്‍ക്ക് എക്സിറ്റ് വിസ അനുവദിക്കാനും ഇന്ത്യാ ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. ഇത്തരം പ്രതിസന്ധികളില്‍ ഭക്ഷണമെത്തിക്കലും നാട്ടിലെത്തിക്കലും മാത്രമായിക്കൂടാ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനാവിഷയങ്ങള്‍. എന്തുകൊണ്ട്, വിദേശരാജ്യങ്ങളിലേക്ക് ജീവിതമാര്‍ഗം തേടിപ്പോകുന്നവരുടെ തൊഴില്‍സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ ഇടപെടല്‍  ഉണ്ടാകുന്നില്ല. നിര്‍മാണ, ഗാര്‍ഹികമേഖലയില്‍ തൊഴിലിന് പോകുന്ന ഇന്ത്യക്കാരുടെ അവസ്ഥ പരമദയനീയമാണ്. എന്നാല്‍, മറ്റ് പല രാജ്യങ്ങളും ഗള്‍ഫ് നാടുകളിലെ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെട്ട് അവരുടെ പൌരന്മാരുടെ തൊഴില്‍സുരക്ഷയ്ക്കായി കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. സ്പോണ്‍സര്‍മാരില്‍നിന്ന് നിയമപരമായ ധാരണാപത്രം സമ്പാദിക്കാന്‍ സാധിച്ച രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഇന്ത്യക്കാരെപ്പോലെ യാതന അനുഭവിക്കേണ്ടി വരുന്നില്ല. സൌദിയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മൊബൈല്‍ ഷോപ്പുകളില്‍നിന്നുപോലും വിദേശിയരെ ഒഴിവാക്കിയത് വന്‍ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോള്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി പൂര്‍ണതോതിലാകുകയും ചെയ്തു. യുഎഇ ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളിലും സമാന സ്ഥിതിയാണ്. ഏറ്റവുമൊടുവില്‍ ഒമാനിലെ നേഴ്സുമാരെയും കൂട്ടത്തോടെ പറഞ്ഞുവിട്ടു. ഇക്കൂട്ടത്തില്‍ മലയാളികളായ നൂറിലേറെ പേരുണ്ട്. ഗള്‍ഫ് ജോലി എന്ന ആലംബം ഇനി എത്രകാലമെന്ന ഗൌരവപൂര്‍ണമായ ചിന്തയ്ക്ക് സമയമായി.  ഗള്‍ഫ് വരുമാനത്തിന്റെ ശോഷണം കേരള സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ദൂരവ്യാപകമാണ്. വിദേശപണത്തിന്റെ വരവ് നിലയ്ക്കുന്നതിനൊപ്പം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസമെന്ന പുതിയ ബാധ്യതകൂടി അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണത്തിന് എന്തുചെയ്യാനാകുമെന്ന ആത്മാര്‍ഥമായ പരിശോധനയാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലുള്ളത്. പ്രവാസികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും 19 ഖണ്ഡികയിലായി സമഗ്രമായി പ്രതിപാദിക്കുന്നു. ഇതിനുള്‍പ്പെടെ ലഭിച്ച ജനവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുന്‍ സര്‍ക്കാര്‍ അലങ്കോലമാക്കിയ ധനമാനേജ്മെന്റ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിലും എന്‍ആര്‍ഐ വരുമാനത്തിലെ തകര്‍ച്ചയെക്കുറിച്ച് വ്യക്തമായ ചിത്രമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസ– ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിക്ഷേപ സാധ്യതയുള്ളവര്‍ക്കായി വ്യവസായ പാര്‍ക്കുകളിലും മറ്റ് സംരംഭങ്ങളിലും പ്രത്യേക പരിഗണന നല്‍കുമെന്നും ബജറ്റില്‍ എടുത്തുപറഞ്ഞു. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടി വകയിരുത്തി. പുനരധിവാസത്തിന് 24 കോടിയും ക്ഷേമനിധിക്ക് 10 കോടിയും അനുവദിച്ചു. ബാങ്ക് വായ്പയ്ക്ക് ബാക് ആന്‍ഡ് സബ്സിഡി മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ നല്ല കാലംമുഴുവന്‍ ഉറ്റവരെ പിരിഞ്ഞ് മണലാരണ്യത്തില്‍ എരിഞ്ഞുതീരുന്ന പ്രവാസി ഇതിലുമെത്രയോ ഏറെ അര്‍ഹിക്കുന്നുണ്ട്. കേരളത്തിന്റെ പുരോഗതിക്കു പിന്നില്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ അന്യനാടുകളില്‍ ഒഴുക്കിയ വിയര്‍പ്പുകൂടി ഉണ്ടെന്ന് ഓര്‍ക്കണം. അവരുടെ വേദന കണ്ടറിയാനും കണ്ണീരൊപ്പാനും എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് ശരിയായ അര്‍ഥത്തില്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു Read on deshabhimani.com

Related News