വിവാദംകൊണ്ട് പരിഹാരമാകില്ല



മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി ചര്‍ച്ച നടക്കുകയാണ്. നിയമയുദ്ധം ഇന്ത്യയിലെ ഉന്നത നീതിപീഠമായ സുപ്രീംകോടതിവരെ എത്തി. അണക്കെട്ടിന്റെ ബലമാണ് പ്രശ്നം. 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും അത് ഏതുനിമിഷവും തകരാനിടയുണ്ടെന്നും അങ്ങനെവന്നാല്‍ കേരളത്തിനുണ്ടാകാനിടയുള്ള ആള്‍നാശവും സ്വത്തുനാശവുമൊക്കെ ചര്‍ച്ചാവിഷയമായതാണ്. അണക്കെട്ട് ദുര്‍ബലമല്ലെന്നാണ് തമിഴ്നാടിന്റെ അഭിപ്രായം. അണക്കെട്ടിന്റെ സംഭരണശേഷി ഗണ്യമായി വര്‍ധിപ്പിക്കണമെന്നും തമിഴ്നാട് വാദിക്കുന്നു. തര്‍ക്കം രണ്ട് അയല്‍സംസ്ഥാനങ്ങള്‍ തമ്മിലാണ്. മലയാളികള്‍ തമിഴ്്നാട്ടില്‍ താമസിച്ച് ജോലിചെയ്ത് ഉപജീവനം കഴിക്കുന്നുണ്ട്. അതുപോലെ തിരിച്ചും. ഇതോര്‍ത്തുവേണം വിഷയം ചര്‍ച്ചചെയ്യാന്‍. 1956വരെ മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഓര്‍ക്കണം. എന്നാല്‍, മലയാളികളുടെ ന്യായമായ ഭീതി അകറ്റിയേ മതിയാകൂ. നിലവിലുള്ള അണക്കെട്ടിന് ബലംനല്‍കാന്‍ തൊട്ടടുത്ത് മറ്റൊരണക്കെട്ടുകൂടി നിര്‍മിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യാന്‍ കേരളത്തിന് കഴിയില്ല.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തി. സുപ്രീംകോടതി നിയമിച്ച കമീഷന്‍ അണക്കെട്ടില്‍ പരിശോധന നടത്തിയശേഷം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അണക്കെട്ട് ശക്തിയും ശേഷിയുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അണക്കെട്ടിന് ബലമുണ്ടെന്ന് സ്ഥാപിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധിയുണ്ടായി. അതേപ്പറ്റിയാണ് മുഖ്യമന്ത്രി പറഞ്ഞത്. അണക്കെട്ടിന് വേണ്ടത്ര ബലമുണ്ടെന്നോ, ബലം കുറഞ്ഞ അണക്കെട്ടിന് താങ്ങായി മറ്റൊരു അണക്കെട്ട് ആവശ്യമില്ലെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനും ചിലര്‍ ശ്രമം നടത്തി വിവാദം സൃഷ്ടിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി സദുദ്ദേശ്യത്തോടെയാണ് സംസാരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളവും തമിഴ്നാടുമായാണ് ശക്തമായ അഭിപ്രായവ്യത്യാസമുള്ളത്. ഈ അഭിപ്രായവ്യത്യാസം രമ്യമായി പരിഹരിക്കപ്പെടണമെന്ന കാര്യം ആരും സമ്മതിക്കും. തമിഴ്നാടും കേരളവും തമ്മിലുള്ള തര്‍ക്കം, എന്തിന്റെ പേരിലായാലും നിലനിര്‍ത്തിപ്പോകുന്നത് ഇരുസംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യില്ല. തര്‍ക്കത്തിന് പരിഹാരം കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യഥാര്‍ഥ വസ്തുത ഇരു സംസ്ഥാനങ്ങളും അംഗീകരിച്ചാല്‍ മാത്രമേ തര്‍ക്കത്തിന് ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയൂ. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ തമിഴ്നാടിന്റെകൂടി സഹായവും പിന്തുണയും അനിവാര്യമാണ്. സംഘര്‍ഷത്തിന്റെ അന്തരീക്ഷം മാറ്റിയാല്‍ രമ്യമായ പരിഹാരത്തിനുള്ള ചര്‍ച്ചയ്ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടും. പിണറായിയുടെ പ്രസ്താവന തമിഴ്നാട്ടിലെ ജനങ്ങളും തുറന്ന മനസ്സോടെ സ്വാഗതംചെയ്തത് കാണാതിരുന്നുകൂടാ. അതിന്റെ അര്‍ഥം മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് ദോഷകരമാണെന്നല്ല. അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ സങ്കുചിത മനോഭാവക്കാരാണെന്ന് പറയേണ്ടിവരും. തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമം ഉണ്ടായില്ല. അതുകൊണ്ടുതന്നെ പ്രശ്നം നിന്നേടത്തുതന്നെ നില്‍ക്കുകയാണ്. ആ നില മാറ്റിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒരു പ്രമുഖ ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ശ്രദ്ധേയമാണ്. "കേന്ദ്രമധ്യസ്ഥതയില്‍ കേരളവും തമിഴ്നാടും ഒന്നിച്ചിരുന്ന് എത്രയും പെട്ടെന്ന് ഒരു സമവായത്തിലെത്താനുള്ള മുന്‍കൈ ഉണ്ടാക്കിയെടുക്കുകയെന്നതാണ് പ്രായോഗികം. നൂറുവര്‍ഷം പിന്നിട്ട അണക്കെട്ടുകളെല്ലാം പൊളിച്ചു നീക്കുകയെന്നതിനേക്കാള്‍ അതിന്റെ അതിജീവനത്തിനായി അന്നില്ലാതിരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാണ് തയ്യാറാകേണ്ടത്. എക്കാലത്തും തമിഴ്നാടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള രാഷ്ട്രീയം അപ്രായോഗികവും സങ്കുചിതവുമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ അണക്കെട്ടിന്റെ താഴ്ന്ന ഭാഗത്ത് ജീവിക്കുന്ന മനുഷ്യരുടെ ഭീതി ഇല്ലാതാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്നത് മാത്രമാണ് അനിവാര്യമായ പരിഹാരമെങ്കില്‍ അതിനുള്ള മാര്‍ഗം കണ്ടെത്തുകയെന്നതാണ് കേരളത്തിന് മുമ്പിലുള്ള പോംവഴി.''– ഇങ്ങനെ അണക്കെട്ട് പണിയാനും തമിഴ്നാടിന്റെ സഹായവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. തമിഴ്നാടും കേരളവും രണ്ട് അയല്‍സംസ്ഥാനങ്ങളാണെന്ന ധാരണയോടെ പ്രശ്നം പരിഹരിക്കപ്പെടണം. മേല്‍കാണിച്ച മാതൃഭൂമി മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതും അതുതന്നെ. പ്രശ്നം സമാധാനപരമായി പരിഹരിക്കാനും കേരളത്തിന്റെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനുമുള്ള മുന്‍കൈയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന് പിന്തുണ നല്‍കുകയാണ് വേണ്ടത് Read on deshabhimani.com

Related News