താക്കീതായി തൊഴിലാളി ദിനാചരണം



ലോകമെങ്ങുമുള്ള തൊഴിലാളികള്‍ വര്‍ധിച്ച ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് മെയ് ഒന്ന് തൊഴിലാളിവര്‍ഗദിനമായി ആഘോഷിച്ചത്. പ്രകടനങ്ങളും റാലികളും കലാപ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ദിനാചരണത്തിന്റെ ഭാഗമായി ഉണ്ടായി. അമേരിക്കയിലും യൂറോപ്പിലും മറ്റും ശക്തിപ്രാപിച്ചുവരുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ വേദിയായി പല രാജ്യങ്ങളിലും സാര്‍വദേശീയ തൊഴിലാളിദിനാചരണം. എന്നാല്‍, മറ്റു ചില രാജ്യങ്ങളില്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിന് നാന്ദികുറിക്കാനാണ് തൊഴിലാളികള്‍ തയ്യാറായത്. കൂലിക്കൂടുതലിനും ക്ഷേമനടപടികള്‍ സംരക്ഷിക്കാനുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതോടൊപ്പംതന്നെ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ന്നു. ലോക തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതുകൂടിയായിരുന്നു ഈ വര്‍ഷത്തെ തൊഴിലാളിവര്‍ഗദിനം. അമേരിക്കയില്‍ ഔദ്യോഗിക തൊഴിലാളിദിനം സെപ്തംബറിലായിട്ടുപോലും ഇക്കുറി മെയ്ദിനറാലികളിലും പ്രകടനങ്ങളിലും ആയിരങ്ങളാണ് പങ്കാളികളായത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ സമീപനത്തിനെതിരെയുള്ള വന്‍ പ്രതിഷേധങ്ങളായി മെയ്ദിനാചരണം മാറി. കുടിയേറ്റത്തൊഴിലാളികള്‍ വര്‍ധിച്ച ആവേശത്തോടുകൂടിയാണ് ഇക്കുറി മെയ്ദിനപരിപാടികളില്‍ പങ്കെടുത്തത്. വിവിധ തൊഴിലാളിസംഘടനകളും പൌരാവകാശസമിതികളും റാലിയില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ഫിലാദല്‍ഫിയയിലും ലോസ് ആഞ്ചലസിലും സാന്‍ഫ്രാന്‍സിസ്കോയിലും ചിക്കാഗോയിലും സാന്‍ ജോസിലും അറ്റ്ലാന്റയിലും ആയിരങ്ങള്‍ പങ്കെടുത്ത മെയ്ദിനറാലികള്‍ നടന്നു. പലയിടത്തും ട്രംപ് ഭരണകൂടം തൊഴിലാളികളെ കൂട്ടമായി അറസ്റ്റ് ചെയ്തു. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുന്നതിന് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് മുന്നില്‍പ്പോലും മെയ്ദിനത്തില്‍ തൊഴിലാളിരോഷം ഉയര്‍ന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അക്കാദമിക് പണ്ഡിതരുടെയും പങ്കാളിത്തം ഇക്കുറി വളരെ കൂടുതലായിരുന്നു.  തുര്‍ക്കിയില്‍ ഹിതപരിശോധനയിലൂടെ സ്വേച്ഛാധിപത്യ അധികാരങ്ങള്‍ കൈക്കലാക്കിയ റസിപ് തയ്യപ് എര്‍ദോഗന്‍ സര്‍ക്കാര്‍ മെയ്ദിനറാലി നടത്തിയ തൊഴിലാളികള്‍ക്കെതിരെ ഇസ്താംബൂളില്‍ കണ്ണീര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുനൂറിലധികംപേരെ അറസ്റ്റ് ചെയ്തു. ഫ്രാന്‍സിലും പലയിടത്തും മെയ്ദിനറാലിക്കെതിരെ പൊലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്ദിനത്തിന്റെ പേരില്‍ 'അരാജകവാദി'കളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി മത്യാസ് ഫെക്കല്‍ നടത്തിയ പരാമര്‍ശം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഫ്രാന്‍സില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. നവഉദാരവല്‍ക്കരണത്തിന്റെ പാത സ്വീകരിച്ച് ഇടതുവിരുദ്ധ 'മൂന്നാംപാത'യിലേക്ക് നീങ്ങിയ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ദയനീയ പരാജയത്തിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നര്‍ഥം. ജര്‍മനിയിലും ഇറ്റലിയിലും ബല്‍ജിയത്തിലും പോളണ്ടിലും ബ്രിട്ടനിലും സ്പെയിനിലും ദക്ഷിണാഫ്രിക്കയിലും ഇന്തോനേഷ്യയിലും തായ്പേയിലും റഷ്യയിലും ദക്ഷിണകൊറിയയിലും വന്‍ മെയ്ദിനറാലികളാണ് പല നഗരങ്ങളിലും നടന്നത്. അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുള്ള വലതുപക്ഷമുന്നേറ്റങ്ങള്‍ക്കിടയിലാണ് പ്രതീക്ഷ ഉണര്‍ത്തി ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മെയ്ദിനറാലികള്‍ നടന്നത്. ജെറേമി കോര്‍ബിന്റെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ലേബര്‍ പാര്‍ടി ഇടതുപക്ഷമുഖം തിരിച്ചുപിടിച്ചതും ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാരനായ മെലന്‍ഷോണ്‍ 20 ശതമാനത്തോളം വോട്ട് നേടിയതും അമേരിക്കയില്‍ 'ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' ബാനര്‍ ഉയര്‍ത്തിയ ബെര്‍ണി സാന്‍ഡേഴ്സിന് തൊഴിലാളികളുടെ വന്‍ പിന്തുണ നേടാനായതും മറ്റും വലതുപക്ഷമുന്നേറ്റങ്ങള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന സംഭവങ്ങളാണ്.  നവഉദാരവല്‍ക്കരണ നയങ്ങളോടൊപ്പം വര്‍ഗീയതയെയും കൂട്ടുപിടിച്ച് രാജ്യത്തെ കൂടുതല്‍ വലത്തോട്ട് നയിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പായി ഇന്ത്യയിലെ മെയ്ദിനാഘോഷങ്ങള്‍ മാറി. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം മെയ്ദിനറാലികള്‍ നടന്നു. വന്‍ തൊഴിലാളിപ്രാതിനിധ്യമായിരുന്നു ഈ റാലികളിലൊക്കെ ദൃശ്യമായത്. കഴിഞ്ഞവര്‍ഷം നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ തൊഴിലാളിവര്‍ഗ ഐക്യം രാജ്യത്ത് കെട്ടിപ്പടുക്കാന്‍ സഹായിച്ചിട്ടുണ്ട്. സെപ്തംബറില്‍ നടന്ന അഖിലേന്ത്യ പണിമുടക്ക് വന്‍ വിജയമായിരുന്നു. ഇതുവരെ പ്രവേശിക്കാന്‍ കഴിയാത്ത പല മേഖലകളിലേക്കും പണിമുടക്ക് വ്യാപിച്ചു. ഫെബ്രുവരിയില്‍ നടന്ന ബാങ്ക് ജീവനക്കാരുടെയും മെഡിക്കല്‍ റപ്രസന്റേറ്റീവുമാരുടെയും പണിമുടക്കും മാര്‍ച്ച് 16ന് നടന്ന കേന്ദ്ര ജീവനക്കാരുടെ പണിമുടക്കും സ്വകാര്യവല്‍ക്കരണത്തിനെതിരെ ഏപ്രിലില്‍ സേലം, ദുര്‍ഗാപുര്‍, ഭദ്രാവതി സ്റ്റീല്‍ പ്ളാന്റ് തൊഴിലാളികളുടെ പ്രക്ഷോഭവും അങ്കണവാടി ജീവനക്കാരുടെ സമരവും ഹരിയാനയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരവും മറ്റും സൂചിപ്പിക്കുന്നത് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗവും ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്നാണ്. എന്നാല്‍,ഇതോടൊപ്പം വര്‍ഗീയതയ്ക്കെതിരെയും തൊഴിലാളിവര്‍ഗം നിലകൊള്ളണം. മെയ്ദിനപരിപാടികള്‍ അതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം Read on deshabhimani.com

Related News