യുഎസ്‌ കടന്നുകയറ്റത്തിലും മോഡിക്ക്‌ മൗനം



ഏപ്രിൽ ഏഴിനാണ്‌ അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചത്‌. ഇന്ത്യയുടെ പരമാധികാരം നഗ്‌നമായി ലംഘിച്ചുകൊണ്ടുള്ള നടപടിയായിരുന്നു അമേരിക്കയുടേത്‌. യുദ്ധസമാനമായ ഈ നീക്കം നടത്തിയതിനുശേഷം അത്‌ അഹങ്കാരത്തോടെ ഇന്ത്യയെ അറിയിച്ചതും അമേരിക്കൻ നാവികസേന തന്നെ. ഏപ്രിൽ ഏഴിന്‌ യുഎസ്‌എസ്‌ ജോൺപോൾ ജോൺസ്‌ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയിൽ കടന്നുകയറി നാവികാവകാശങ്ങളും സ്വാതന്ത്ര്യവും സ്ഥാപിച്ചെടുത്തുവെന്നും ഇന്ത്യയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെയാണ്‌ ഇത്‌ ചെയ്‌തതെന്നും അമേരിക്കൻ നാവികസേന ഒരു പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു. സമുദ്രാതിർത്തിയുടെ കാര്യത്തിൽ ഇന്ത്യയുടെ ‘അതിരുവിട്ട അവകാശവാദങ്ങൾ വെല്ലുവിളിച്ചുവെന്നും’ ‘അന്താരാഷ്‌ട്ര നിയമം’ ഉയർത്തിപ്പിടിച്ചുവെന്നും ഏഴാം കപ്പൽപ്പട അവകാശപ്പെട്ടു.  ഇതിൽ അമേരിക്ക സൂചിപ്പിക്കുന്ന അന്താരാഷ്ട്രനിയമം യുഎൻ കൺവൻഷൻ‌ ഓൺ ലോ ഓഫ്‌ സീസ്‌ 1982 ആണ്‌. 1994ൽ നിലവിൽവന്ന ഈ നിയമത്തിന്‌ ഇന്ത്യ ഉൾപ്പെടെ 168 രാഷ്ട്രങ്ങൾ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്‌. ഇതിൽ ഒപ്പിടാതെ ഏത്‌ സമുദ്രമേഖലയിലും കടന്നുകയറാൻ തങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ ആവർത്തിക്കുന്ന അമേരിക്കയാണ്‌ അന്താരാഷ്ട്രനിയമം നടപ്പാക്കുകയാണ്‌ ചെയ്‌തതെന്ന് അവകാശപ്പെടുന്നത്‌. ഈ ശുദ്ധ അസംബന്ധത്തെ തുറന്നുകാണിക്കാൻപോലും മോഡി സർക്കാരിന്‌ കഴിയുന്നില്ല.‌ ഇന്ത്യൻ പരമാധികാരത്തെ തുറന്ന്‌ വെല്ലുവിളിച്ചിരിക്കുകയാണ്‌ അമേരിക്ക. ഇന്ത്യാമഹാസമുദ്രം ഇന്ത്യയുടേത്‌‌ മാത്രമല്ലെന്നും ലക്ഷദ്വീപിൽ ഇന്ത്യക്കുള്ള പരമാധികാരത്തെ അംഗീകരിക്കില്ലെന്നുമുള്ള സൂചനയും ഈ കടന്നാക്രമണം നൽകുന്നുണ്ട്‌.  ‘ശക്തനായ നേതാവ്‌ ’മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‌ ഈ കടന്നുകയറ്റത്തോട്‌ പ്രതികരിക്കാൻ ഏപ്രിൽ ഒമ്പതുവരെ രണ്ട്‌ ദിവസത്തോളം കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടീഷ്‌ കോളനി മേധാവിത്വത്തിനെതിരെ അബദ്ധത്തിൽപ്പോലും ശബ്‌ദമുയർത്താത്ത ആർഎസ്‌എസിന്റെ പ്രചാരക്‌ പ്രധാനമന്ത്രിയായതുകൊണ്ടുതന്നെ അമേരിക്കൻ നടപടിയിൽ ഉൽക്കണ്‌ഠ അറിയിക്കുക മാത്രമാണ്‌ ചെയ്‌തത്‌. എന്തൊരു വിധേയത്വം! ചൈനയെ തളയ്‌ക്കുക ലക്ഷ്യമാക്കി അമേരിക്ക രൂപീകരിച്ച, ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അംഗങ്ങളായ ക്വാഡ്‌ നേതൃതല യോഗം കഴിഞ്ഞ്‌ ദിവസങ്ങൾക്കകമാണ്‌ ഇന്ത്യൻ സമുദ്രാതിർത്തി ലംഘിക്കാൻ അമേരിക്ക തയ്യാറായത്‌. ഈ‌ യോഗത്തിനുശേഷം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിലോയ്‌ഡ്‌ ഓസ്‌റ്റിൻ ഇന്ത്യ സന്ദർശിക്കുകയും ഇൻഡോ–-പസിഫിക് മേഖലയോടുള്ള അമേരിക്കൻ സമീപനത്തിന്റെ കേന്ദ്ര ബിന്ദു ഇന്ത്യയായിരിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 2008ൽ അമേരിക്കയുമായി ആണവക്കരാർ ഒപ്പിട്ടശേഷം 15 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടാണ്‌ ഇന്ത്യ അമേരിക്കയുമായി നടത്തിയത്‌. അമേരിക്കയുടെ ഏറ്റവും പ്രധാന പ്രതിരോധ പങ്കാളിയാണെന്ന്‌ അമേരിക്ക ആവർത്തിക്കുമ്പോൾത്തന്നെയാണ്‌ ഇന്ത്യൻ സമുദ്രാതിർത്തി ലംഘിക്കാനും ഇന്ത്യയെ നാണിപ്പിക്കുക ലക്ഷ്യമാക്കി അത്‌ പ്രസ്‌താവനയിലൂടെ ലോകത്തോട്‌ വിളിച്ചുപറയാനും അമേരിക്ക തയ്യാറായിട്ടുള്ളത്‌. സൈനിക നീക്കങ്ങൾ സംബന്ധിച്ച്‌ വിവരങ്ങൾ പരസ്‌പരം കൈമാറുന്നതിനുള്ള കോംകാസ കരാറും ഇരുരാജ്യവും നേരത്തേ ഒപ്പിട്ടിരുന്നു. അമേരിക്കൻ സഖ്യകക്ഷിയാകുന്നതിനുള്ള മൂന്ന്‌ അടിസ്ഥാന കരാറിലൊന്നാണിത്‌. (ലെമൊവ, ബെക്ക എന്നിവയാണ്‌ മറ്റ്‌ രണ്ടെണ്ണം) എന്നിട്ടും ഇന്ത്യയെ അറിയിക്കാതെ അമേരിക്ക അതിർത്തി ലംഘിച്ചിരിക്കുന്നു. സഖ്യകക്ഷിയോട്‌ ഇതാണ്‌ അമേരിക്കയുടെ സമീപനമെങ്കിൽ എന്തിനാണ്‌ അത്തരമൊരു സഖ്യത്തിൽ ഇന്ത്യ തുടരുന്നത്‌? തീർത്തും നിസ്സംഗമായ സമീപനമാണ്‌ മോഡി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുക എന്ന പ്രാഥമിക നടപടിപോലും കൈക്കൊള്ളാൻ  തയ്യാറായില്ല. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിലാണ്‌ നിക്ഷിപ്തമായിട്ടുള്ളത്‌. എന്നാൽ, അത്‌ ഫലപ്രദമായി ചെയ്യാൻ മോഡി സർക്കാരിന്‌ കഴിയുന്നില്ല എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്‌. ദേശീയതയെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ്‌ ഇന്ത്യ ഭരിക്കുന്നത്‌. സ്വന്തം പൗരന്മാരെ വേട്ടയാടി അതാണ്‌ ദേശാഭിമാന സംരക്ഷണമെന്നു സ്ഥാപിക്കുന്നവർ, അമേരിക്കൻ കടന്നാക്രമണത്തെ ലഘൂകരിച്ച്‌ സാമ്രാജ്യത്വ സേവകരാണ്‌ തങ്ങളെന്ന്‌ ആവർത്തിച്ച്‌ ഉറപ്പിക്കുകയാണ്‌. ഇൻഡോ–-പസിഫിക് മേഖലയിൽ അമേരിക്കൻ സൈന്യത്തിന്റെ ശിങ്കിടി മാത്രമാണ്‌ ഇന്ത്യൻ സേനയെന്ന്‌ വ്യക്തമാക്കുന്ന നടപടിയാണ്‌ സമുദ്രാതിർത്തിയിൽ ഉണ്ടായിട്ടുള്ളത്‌.  ദക്ഷിണ ചൈനാക്കടലിൽ ചൈന നടത്തുന്ന വഴിവിട്ട നീക്കങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമുദ്രാതിർത്തി ലംഘനം അമേരിക്കയ്‌ക്ക്‌ ന്യായീകരണമാകുമെന്ന വിചിത്രവാദവും മോഡി സർക്കാരിലെ ചിലർ ഉയർത്തുന്നുണ്ട്‌. മോഡി സർക്കാരിന്റെ അമേരിക്കൻ ദാസ്യവേലയുടെ ആഴം വ്യക്തമാക്കുന്നതാണ്‌ ഈ വാദഗതി. ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരത്തോടുള്ള കൂറും അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അമേരിക്കയുമായുള്ള ക്വാഡ്‌ ഉൾപ്പെടെയുള്ള സഖ്യത്തിൽനിന്ന്‌ ഇന്ത്യ പിൻവാങ്ങുകയാണ്‌ വേണ്ടത്‌. Read on deshabhimani.com

Related News