മലേഷ്യയിൽ വീണ്ടും മഹാതിർ



കിഴക്കനേഷ്യൻ രാഷ്ട്രമായ മലേഷ്യയിൽ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നയിക്കുന്ന പക്കത്താൻ ഹാരപ്പാൻ സഖ്യത്തിന് വിജയം. 222 അംഗ പാർലമെന്റിൽ കൃത്യമായ കേവല ഭൂരിപക്ഷം 113 സീറ്റ് നേടിയാണ് തെരഞ്ഞെടുപ്പിനുമുമ്പ് രൂപീകരിച്ച മഹാതിറിന്റെ സഖ്യം വിജയിച്ചത്. 1957ൽ സ്വാതന്ത്ര്യം നേടിയ മലേഷ്യയിൽ ആദ്യമായാണ് ഒരു പ്രതിപക്ഷസഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുന്നതും ഭരണമാറ്റം ഉണ്ടാകുന്നതും. 22 വർഷം (1981‐2003) മലേഷ്യയുടെ പ്രധാനമന്ത്രിയായ തൊണ്ണൂറ്റിരണ്ടുകാരനായ മഹാതിറാണ് ഈ മാറ്റത്തിനും ചുക്കാൻ പിടിച്ചത്. അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്ക് നയിക്കുന്ന ബാരിസാൻ നാഷണൽ സഖ്യത്തിന് 79 സീറ്റ് നേടാൻമാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ മുന്നണിഭരണം നിലനിർത്തുമെന്നായിരുന്നു അഭിപ്രായ വേട്ടെടുപ്പുകളെല്ലാം സൂചിപ്പിച്ചത്. എന്നാൽ, ആധുനിക മലേഷ്യയുടെ ശിൽപ്പിയായി അറിയപ്പെടുന്ന മഹാതിറിന് വീണ്ടുമൊരവസരം നൽകാനാണ് ജനങ്ങൾ തയ്യാറായത്.  ആധുനിക മലേഷ്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്. യുണൈറ്റഡ് മലായ്‌സ് നാഷണൽ ഓർഗനൈസേഷനാ (ഉംനോ)യിരുന്നു മലേഷ്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന കക്ഷി. 2016 വരെയും അതിന്റെ ഏറ്റവും പ്രധാന നേതാവും മഹാതിർ മുഹമ്മദായിരുന്നു. 2003ൽ അധികാരമൊഴിഞ്ഞെങ്കിലും പാർടിയുടെ പ്രധാന കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് മഹാതിറായിരുന്നു. തന്റെ പിൻഗാമിയായി ഇസ്ലാമിക പണ്ഡിതനായ അബ്ദുൾ ബദാവിയെ നിയമിച്ചതും അദ്ദേഹംതന്നെയായിരുന്നു. എന്നാൽ, പിന്നീട് ബദാവിയുമായി തെറ്റിയ മഹാതിർ നിലവിലുള്ള നജീബ് റസാക്കിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ചു.  എന്നാൽ, മലേഷ്യ ഡെവലപ്‌മെന്റ് ബെർഹാഡ് എന്ന നിക്ഷേപ സ്ഥാപനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നപ്പോൾ അധികാരമൊഴിയാൻ നജീബ് റസാക്കിൽ മഹാതിർ സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 6.2 ബില്യൻ ഡോളറിന്റെ അഴിമതിയാണ് നടന്നത്. ഇതിൽ 681 ദശലക്ഷം ഡോളർ നജീബ് റസാക്ക് കൈപ്പറ്റിയെന്നാണ് ആരോപണം. സിംഗപ്പൂരിനടുത്തുള്ള മലേഷ്യൻ പ്രവിശ്യയായ ജോഹോറിലെ മുഖ്യമന്ത്രി മുഹ്‌യിദ്ദിൻ യാസിനെ പ്രധാനമന്ത്രിയാക്കാൻ മഹാതിർ നീക്കം നടത്തിയെങ്കിലും നജീബ് വഴങ്ങിയില്ല. നജീബിനെ രാഷ്ട്രീയത്തിൽ വളർത്തിയതാണ് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് പശ്ചാത്തപിച്ച മഹാതിർ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കാനും തയ്യാറായി. ഇതോടെയാണ് പുതിയൊരു പാർടിക്ക് രൂപംനൽകാൻ മഹാതിർ തയ്യാറായത്. ബർസാതു എന്നായിരുന്നു മഹാതിർ രൂപീകരിച്ച പാർടിയുടെ പേര്. മറ്റു മൂന്നു പാർടികളുമായി സഖ്യം സ്ഥാപിച്ചാണ് മഹാതിർ ഇക്കുറി മത്സരിച്ചത്.  മഹാതിർ പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരസുരക്ഷാനിയമം അനുസരിച്ച് ജയിലിലടച്ച നേതാവായിരുന്നു അൻവർ ഇബ്രാഹിം. എന്നാൽ, ജയിലിലടയ‌്ക്കപ്പെട്ടതോടെ മലേഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവായി അൻവർ ഇബ്രാഹിം ഉയർന്നു.  പാർടി കെ ആദിലാൻ എന്ന കക്ഷിക്ക് രൂപംനൽകിയ ഇബ്രാഹിം മലേഷ്യൻ രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടാനും ഈ പാർടിക്ക് കഴിഞ്ഞു.  തനിക്ക് വഴങ്ങാത്ത നജീബ് റസാക്കിനെ വീഴ്ത്താൻ മഹാതിർ പഴയ ശിഷ്യന്റെ സഹായം തേടാനും മടിച്ചില്ല. മഹാതിർ രൂപീകരിച്ച സഖ്യത്തിൽ അൻവർ ഇബ്രാഹിമിന്റെ പാർടിയും അംഗമായത് ഈ സാഹചര്യത്തിലാണ്.  ഈ രണ്ടു പാർടികൾക്കുപുറമെ ചൈനീസ് വംശജർക്ക് ഭൂരിപക്ഷമുള്ള പുരോഗമന മതനിരപേക്ഷ കക്ഷിയായ ഡെമോക്രാറ്റിക‌് ആക‌്ഷൻ പാർടിയും മുസ്ലിം തീവ്രവാദസംഘടനയായ പാസിൽനിന്ന‌് വിഘടിച്ച് രൂപംകൊണ്ട അമാന പാർടി എന്നിവയുമായി ചേർന്നതാണ് മഹാതിറിന്റെ മുന്നണി. ഈ പ്രതിപക്ഷസഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റ് അൻവർ ഇബ്രാഹിമിന്റെ പാർടിക്കാണെങ്കിലും മുൻ ധാരണയനുസരിച്ച് മഹാതിറായിരിക്കും പ്രധാനമന്ത്രി. ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഭാര്യ വാൻ അസീസുമായിരിക്കും. രാജ്യത്തെ ഏഴാമത്തെ പ്രധാനമന്ത്രിയായിരിക്കും മഹാതിർ. ലോകത്തിൽതന്നെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയും മഹാതിർതന്നെ.   അഴിമതിക്കുപുറമെ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രധാന വിഷയമായ തെരഞ്ഞെടുപ്പാണ് മലേഷ്യയിലേത്. പുതിയ നികുതിസമ്പ്രദായം നടപ്പാക്കിയതിനുശേഷം സാധനവില വർധിക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി. വർധിച്ചുവരുന്ന ജീവിതച്ചെലവും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി. ഇത് നജീബ് റസാക്കിന് തിരിച്ചടിയായി. ജനവിധി മാനിച്ച് അധികാരമൊഴിയുകയാണെന്ന് ആദ്യം പറഞ്ഞ നജീബ് റസാക്ക‌്, പിന്നീട് എംപിമാരെ വിലയ‌്ക്കെടുത്ത് അധികാരത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.  എന്നാൽ, ഭരണം പഴയപോലെ മഹാതിറിന് എളുപ്പമാകില്ല. കാരണം ഒറ്റക്കക്ഷി സർക്കാരല്ല നിലവിൽവരുന്നത്. നാലംഗ കൂട്ടുകക്ഷി സർക്കാരാണ്. നാലു പാർടികളുടെ അധ്യക്ഷന്മാരെ കൈകാര്യം  ചെയ്യുക വിഷമമാണെന്ന മഹാതിറിന്റെ പ്രസ്താവനതന്നെ ഇതിലേക്ക് വിരൽചൂണ്ടുന്നു. Read on deshabhimani.com

Related News