കാൽപ്പന്തിന്റെ മിശിഹ



ലയണൽ മെസി ലോക ഫുട്‌ബോളിൽ മറ്റൊരു സുവർണ അധ്യായംകൂടി എഴുതിച്ചേർത്തിരിക്കുന്നു. ഈ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ഏഴാം തവണയും അർജന്റീനക്കാരന്റെ കൈകളിലെത്തി. അപൂർവനേട്ടം. മുപ്പത്തിനാലാം വയസ്സിലും പ്രതിഭയ്‌ക്കോ മികവിനോ മങ്ങലേറ്റിട്ടില്ലെന്ന്‌ മെസി തെളിയിക്കുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും കാഴ്‌ചക്കാരെ ആനന്ദത്തിലാഴ്‌ത്തിയും പന്ത്‌ തട്ടിക്കൊണ്ടിരിക്കുന്നു. ബയേൺ മ്യൂണിക്‌ താരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും ചെൽസി താരം ജോർജിന്യോയുമായിരുന്നു ബാലൻ ഡി ഓർ അന്തിമപട്ടികയിലെ എതിരാളികൾ. ബയേണിൽ ഗോളടിച്ചുകൂട്ടുന്ന പോളണ്ടുകാരൻ ലെവൻഡോവ്‌സ്‌കി അവസാനഘട്ടംവരെ വെല്ലുവിളി ഉയർത്തി. ഇറ്റലിക്കൊപ്പം യൂറോ കിരീടം നേടാനായെങ്കിലും ജോർജിന്യോ വ്യക്തിഗത മികവിൽ പിറകിലായി. രണ്ട്‌ കിരീടമായിരുന്നു മെസിക്ക്‌ ഈ വർഷം. അർജന്റീനക്കുപ്പായത്തിൽ കോപ അമേരിക്ക കിരീടം. ബാഴ്‌സലോണയ്‌ക്കൊപ്പം സ്‌പാനിഷ്‌ കപ്പിലും മുത്തമിട്ടു. അർജന്റീനയ്‌ക്കും ബാഴ്‌സയ്‌ക്കും പിഎസ്‌ജിക്കുമായി 56  മത്സരത്തിൽ ഇറങ്ങി. 41 ഗോൾ. 17 ഗോളിന്‌ അവസരമൊരുക്കി. ദേശീയ കുപ്പായത്തിലെ രാജ്യാന്തര കിരീടമായിരുന്നു മെസിയെ എതിരാളികളിൽനിന്ന്‌ വ്യത്യസ്‌തനാക്കിയത്‌. വ്യക്തിഗതമികവിനൊപ്പം കോപ കിരീടവും ചേർന്നപ്പോൾ എതിരുണ്ടായില്ല. അർജന്റീനയ്‌ക്കുവേണ്ടി ഒന്നും നേടിയില്ലെന്ന വിമർശങ്ങൾക്കിടെയായിരുന്നു ജൂലൈയിൽ കോപ കിരീടം ഉയർത്തിയത്‌. കോപയുടെ താരവും മറ്റാരുമായിരുന്നില്ല. മികച്ച കളിക്കാരനുള്ള സുവർണപന്തും ഗോളടിക്കാരനുള്ള സുവർണപാദുകവും നേടി. ഫൈനലിൽ ബ്രസീലിനെ ഒരു ഗോളിന്‌ തോൽപ്പിച്ചായിരുന്നു കിരീടം. കളിജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷവും അതുതന്നെ. അത്രയേറെ വിമർശങ്ങൾക്കിടയിൽനിന്നായിരുന്നു മനോഹരനേട്ടം.   2014 ലോകകപ്പ്‌, 2015, 2016 വർഷങ്ങളിലെ കോപ അമേരിക്ക. മൂന്ന്‌ പ്രധാന ടൂർണമെന്റിലാണ്‌ മെസി നയിച്ച അർജന്റീന ടീം ഫൈനലിൽ തോറ്റുതകർന്നത്‌. 2016ൽ കൊടിയ വേദനയിൽ വിരമിക്കലും പ്രഖ്യാപിച്ചു. എങ്കിലും ലോകകപ്പ്‌ പടിവാതിലിൽനിൽക്കെ തീരുമാനം മാറ്റി തിരിച്ചെത്തി. നിർണായക കളിയിൽ ടീമിനെ രക്ഷിച്ച്‌ 2018 ലോകകപ്പിലേക്ക്‌ യോഗ്യത നേടിക്കൊടുത്തു. കോവിഡിന്റെ ദുരിതകാലം മെസിയെയും ബാധിച്ചു. 21 വർഷത്തെ ആത്മബന്ധം മുറിച്ച്‌ ബാഴ്‌സലോണ ക്ലബ്ബിനോട്‌ വിടചൊല്ലിയത്‌ കളിജീവിതത്തിലെ മുറിവായി മാറി. ക്ലബ്ബിന്റെ സാമ്പത്തികത്തകർച്ചയായിരുന്നു കാരണം. പൊട്ടിക്കരഞ്ഞായിരുന്നു മുപ്പത്തിനാലുകാരൻ ബാഴ്‌സ വിട്ടത്‌. ഫ്രഞ്ച്‌ ലീഗ്‌ ക്ലബ്‌ പിഎസ്‌ജിയിൽ പതുക്കെ നിലയുറപ്പിക്കുകയാണ്‌ മെസി. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതാണ്‌ മെസിയുടെ കളിജീവിതം. നോക്കിലും വാക്കിലും പ്രവൃത്തിയിലും അടിമുടി ഫുട്‌ബോളർ. കളിക്കളത്തിലും പുറത്തും മാതൃകയാക്കാവുന്ന കായികതാരം. 2009ലായിരുന്നു ആദ്യ ബാലൻ ഡി ഓർ പുരസ്‌കാരം. 2010, 2011, 2012, 2015, 2019 വർഷത്തിലും സ്വന്തമാക്കി. അഞ്ച്‌ ബാലൻ ഡി ഓർ പുരസ്‌കാരമുള്ള ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്‌ രണ്ടാമത്‌. വർഷങ്ങളായി ഇരുവരുമാണ്‌ ബാലൻ ഡി ഓറിന്റെ അവകാശികൾ. 2018ൽമാത്രം മറ്റൊരു അവകാശിയെത്തി. ക്രൊയേഷ്യയുടെ റയൽ മാഡ്രിഡ്‌ താരം ലൂക്കാ മോഡ്രിച്ച്‌. കഴിഞ്ഞവർഷം കോവിഡ്‌ കാരണം ചടങ്ങുണ്ടായില്ല. എങ്കിലും ലെവൻഡോവ്‌സ്‌കിയായിരുന്നു അർഹൻ. ബാലൻ ഡി ഓർ ചടങ്ങിൽ ലെവൻഡോവ്‌സ്‌കിയെ അഭിനന്ദിക്കാൻ മെസി മറന്നില്ല. മികച്ച ഗോളടിക്കാരനുള്ള പുരസ്‌കാരം പോളണ്ടുകാരനായിരുന്നു. വനിതകളിലെ മികച്ച താരം സ്‌പാനിഷുകാരി അലെക്‌സിയ പുറ്റെല്ലാസാണ്‌. ബാഴ്‌സലോണയെ വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളാക്കിയത് അലെക്‌സിയയാണ്‌. യൂറോപ്യൻ താരവും ഇരുപത്തേഴുകാരിയായിരുന്നു. മികച്ച യുവതാരമായത്‌ ബാഴ്‌സലോണ താരം പെഡ്രിയാണ്‌. യൂറോ കപ്പിലും പത്തൊമ്പതുകാരൻ സ്‌പാനിഷ്‌ നിരയിൽ തകർത്തുകളിച്ചു. ഇറ്റലിയെ യൂറോ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജിയാൻല്യൂജി ദൊന്നരുമ്മ മികച്ച ഗോൾ കീപ്പറുമായി. Read on deshabhimani.com

Related News