മട്ടന്നൂരില്‍ തെളിഞ്ഞത് കേരളത്തിന്റെ മനസ്സ്



കേരളം എന്തു ചിന്തിക്കുന്നു എന്നാണ് മട്ടന്നൂര്‍ വിളിച്ചുപറയുന്നത്. കണ്ണൂര്‍ ജില്ലയെ അക്രമത്തിന്റെ വിളനിലമാക്കി കേരളത്തെ കൊലക്കളമാക്കി രാജ്യത്തെമ്പാടും കുപ്രചാരണം നടത്തുന്നവര്‍ക്കുള്ള ഒരു ജനതയുടെ മറുപടിയാണത്. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വന്‍വിജയത്തിന് ഒരു നഗരസഭാഭരണം ആര് നേടുന്നു എന്നതിനേക്കാള്‍ രാഷ്ട്രീയപ്രസക്തിയും പ്രാധാന്യവുമുണ്ട്. ആകെയുള്ള  35ല്‍ 28 വാര്‍ഡും നേടിയാണ് എല്‍ഡിഎഫ് വിജയം  കരസ്ഥമാക്കിയത്. നഗരസഭ നിലവില്‍ വന്നശേഷമുള്ള അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്്. അഞ്ചുവട്ടവും എല്‍ഡിഎഫാണ് വിജയിച്ചത്. ഇത്തവണ ഏഴ് വാര്‍ഡുമാത്രമാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞതവണ ഉണ്ടായിരുന്ന പതിനാലിന്റെ നേര്‍പകുതിയിലേക്ക് യുഡിഎഫ് ചുരുങ്ങിയപ്പോള്‍, ബിജെപിക്ക് ഒരു വാര്‍ഡില്‍പ്പോലും ജയിക്കാനായില്ല. ഫലം വന്നയുടനെ ബിജെപി അവകാശപ്പെട്ടതും  മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും തങ്ങള്‍ ഒമ്പതിടത്ത് രണ്ടാംസ്ഥാനത്തെത്തി വന്‍കുതിപ്പുണ്ടാക്കി എന്നാണ്്. അയ്യല്ലൂര്‍ വാര്‍ഡില്‍ ജയിച്ച എല്‍ഡിഎഫിന് 610ഉം രണ്ടാംസ്ഥാനത്തെത്തിയ ബിജെപിക്ക് 90 വോട്ടും മൂന്നാംസ്ഥാനത്തേക്ക് പോയ യുഡിഎഫിന് 75 വോട്ടുമാണ് കിട്ടിയത്. എടവേലിക്കലില്‍ 705 വോട്ട് നേടി എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ രണ്ടാംസ്ഥാനക്കാരായ ബിജെപിയുടെ വോട്ട് 43. കോണ്‍ഗ്രസിന് 29. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രമെന്ന് അവര്‍ പറയുന്ന കരേറ്റ വാര്‍ഡില്‍ കഴിഞ്ഞതവണ 13 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി തോറ്റതെങ്കില്‍ ഇത്തവണ പരാജയത്തിന്റെ കനം 195 വോട്ടിന്റേതായി. മാത്രമല്ല, 32 വാര്‍ഡില്‍ മത്സരിച്ച ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുപോലും നേടാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ 4083 വോട്ട് നേടിയ ബിജെപിക്ക്, ഇത്തവണ 3236 വോട്ടാണ് ലഭിച്ചത്. 847 വോട്ട് കുറഞ്ഞു. ഇതാണ് ബിജെപി അവകാശപ്പെടുന്ന 'മുന്നേറ്റ'ത്തിന്റെ മാതൃക. നഗരസഭയില്‍ രണ്ടുപതിറ്റാണ്ടായി എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനകീയ അംഗീകാരം എന്നതിനോടൊപ്പം കേരളത്തിന്റെ രാഷ്ട്രീയമനസ്സിന്റെ പ്രതിഫലനംകൂടി ഈ വിധിയില്‍ വായിച്ചെടുക്കാനാകും. 2012 സെപ്തംബര്‍ അഞ്ചിന് 34 വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 14 സീറ്റില്‍നിന്ന് നേര്‍പകുതിയിലേക്ക് കൂപ്പുകുത്തിയ യുഡിഎഫ്, ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലിന്റെ ദയനീയമായ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപിയാകട്ടെ, കേരളത്തില്‍ എന്നെങ്കിലും മുന്നേറ്റമുണ്ടാക്കാമെന്ന് സ്വപ്നം കാണാന്‍പോലും തങ്ങള്‍ക്ക് അര്‍ഹതയില്ല എന്നാണ് തെളിയിച്ചത്.  നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും മാത്രമല്ല, രാജ്യം ഇന്ന് നേരിടുന്ന ഭീഷണികളും തെരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ബിജെപിയെ സഹായിച്ച വാര്‍ഡുകളില്‍പ്പോലും ജനങ്ങള്‍ രാഷ്ട്രീയമായി വോട്ട് ചെയ്തു. കേന്ദ്ര ഭരണാധികാരത്തിന്റെ ഗര്‍വില്‍ കേരളത്തിനുനേരെ ആക്രമണോത്സുകമായി ആക്രോശം മുഴക്കുന്ന ബിജെപിക്കും അതിന് പ്രത്യക്ഷത്തിലും അല്ലാതെയും പിന്തുണ നല്‍കുന്ന യുഡിഎഫിനും നല്‍കാനുള്ളതല്ല വോട്ടുകള്‍ എന്ന തീരുമാനത്തിലാണ് മട്ടന്നൂരിലെ മഹാഭൂരിപക്ഷം വോട്ടര്‍മാരും എത്തിയത്. യുഡിഎഫ് ഇന്ന് ശിഥിലമാണ്. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങുന്നവരും ആര്‍എസ്എസിന്റെ തീട്ടൂരങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നവരുമായ കോണ്‍ഗ്രസ് നേതാക്കള്‍ ഏതു ഘട്ടത്തിലും കളംമാറാമെന്നാണ് ഗുജറാത്ത് തെളിയിച്ചത്. ബിജെപിക്കെതിരായി വോട്ടവകാശം വിനിയോഗിക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ രണ്ടു പാര്‍ലമെന്റ് അംഗങ്ങള്‍ യുഡിഎഫിന്റെ നിലപാടില്ലായ്മയെയാണ് പ്രതീകവല്‍ക്കരിച്ചത്. രാജ്യത്തെ വിപത്തിലേക്ക് നയിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവാണ്, യുഡിഎഫിനെയും ബിജെപിയെയും തിരസ്കരിക്കുന്നതിലേക്ക് മട്ടന്നൂരിലെ ജനങ്ങളെ നയിച്ചത്. ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി വേറിട്ട പാര്‍ടി, അഴിമതിരഹിതമായ പാര്‍ടി എന്നിത്യാദി പ്രചാരണ കോലാഹലത്തോടെയാണ് ബിജെപി മത്സരത്തിനിറങ്ങിയത്. എന്നാല്‍, കോണ്‍ഗ്രസിന് അഴിമതിയുടെ അഴുക്കുചാലില്‍വീണ് കെട്ടുനാറാന്‍ ദശകങ്ങള്‍ വേണ്ടിവന്നെങ്കില്‍ ആര്‍എസ്എസിന്റെ നിയന്ത്രണമുള്ള ബിജെപി അധികാരത്തിന്റെ നാലയലത്തെത്തുമ്പോള്‍ത്തന്നെ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന അപഹാസ്യതയാണ് കഴിഞ്ഞ നാളുകളില്‍ ജനങ്ങള്‍ കണ്ടത്. ആര്‍എസ്എസിന്റെ വര്‍ഗീയ ഇടപെടലുകള്‍ സാധാരണജീവിതത്തെ സാരമായി ബാധിക്കുന്നതിന്റെ ദുരനുഭവമുള്ളവരാണ് മട്ടന്നൂരുകാര്‍. അതുകൊണ്ടുതന്നെയാണ് ബിജെപിക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്ന് വിളിച്ചുപറയാനുള്ള ചുമതല മട്ടന്നൂരിലെ ജനത ഏറ്റെടുത്തത്. കേരളത്തെയും കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെത്തന്നെയും വെല്ലുവിളിക്കുന്നവര്‍ക്കും അതിനുമുന്നില്‍ പകച്ചുനില്‍ക്കുന്ന യുഡിഎഫിനുമുള്ള ജനങ്ങളുടെ താക്കീതാണ് ഈ വിധി. കേരളത്തെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ ഒന്നാമതെത്തിക്കുന്നതിനും കേരള മാതൃകയ്ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് ഈ വിധി. മട്ടന്നൂര്‍ നഗരാതിര്‍ത്തിക്കുപുറത്ത് അതിന് അനല്‍പ്പമായ പ്രസക്തിയും പ്രാധാന്യവുമുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ് Read on deshabhimani.com

Related News