ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ പുതിയ പ്രതീക്ഷ



ലാറ്റിനമേരിക്കൻ ഇടതുപക്ഷ മുന്നേറ്റത്തിന് വേഗം പകർന്ന് ബ്രസീൽ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവയെ ജയിൽ മോചിതനാക്കിയിരിക്കുന്നു. അപ്പീൽ സാധ്യതകൾ എല്ലാം അവസാനിച്ചാൽ മാത്രമേ ഒരു വ്യക്തിയെ തടവിലിടാവൂ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടർന്നാണ് ലുല മോചിതനായിരിക്കുന്നത്. കാർ വാഷ് എന്ന പേരിൽ അറിയപ്പെട്ട അഴിമതിക്കേസിൽപ്പെടുത്തിയാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും ജനകീയനായ ഇടതുപക്ഷനേതാവിനെ ജയിലിലടച്ചിരുന്നത്. 580 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് തെക്കൻ ബ്രസീലിലെ പൊലീസ് ആസ്ഥാനമായ ക്യൂറിടിബയിലെ കെട്ടിടത്തിൽനിന്ന്‌ പുറത്തുവന്ന ലുലയെ എതിരേറ്റത് ലുല ലിവ്റെ (ലുലയെ സ്വതന്ത്രമാക്കൂ) എന്ന മുദ്രാവാക്യമായിരുന്നു. വെള്ളിയാഴ്ച ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ ലുല ആദ്യം സന്ദർശിച്ചത് ഫ്രീ ലുല വിജിലിന്റെ ഓഫീസായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ലുല ജയിലിലായതുമുതൽ അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്‌ദം ഉയർത്തുന്ന പ്രസ്ഥാനമാണിത്. വിദ്വേഷത്തിന്റെ വിഷസ്‌പർശമേൽക്കാതെ, സ്‌നേഹത്തിന്റെ സന്ദേശം ഉയർത്തിയാണ് താൻ ജയിലിനോട് വിട പറയുന്നതെന്നും വികാരനിർഭരമായി നടത്തിയ പ്രസംഗത്തിൽ ലുല പറഞ്ഞു. ലാറ്റിനമേരിക്കയിലെ പല രാഷ്ട്രീയക്കാരെയും വീഴ്‌ത്തിയ കാർ വാഷ് അഴിമതിതന്നെയാണ് ലുലയെയും ഇരുമ്പഴിക്കുള്ളിലാക്കിയത്. സാവോ പോളോ നഗരത്തിലെ ഗുവാരുജ ബീച്ചിനടുത്ത് ഒരു അപ്പാർട്ട്‌മെന്റ്‌ കാർ വാഷ് കമ്പനിയിൽനിന്ന്‌ കൈക്കൂലിയായി ലുല നേടിയെന്നാണ് കേസ്‌. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട കമ്പനി എക്‌സിക്യൂട്ടീവ് നൽകിയ മൊഴി മാത്രമാണ് തെളിവായി ഹാജരാക്കപ്പെട്ടത്. ശിക്ഷയിളവ് ലഭിക്കാനാണ് ഇയാൾ ലുലയ്‌ക്കെതിരെ വിരൽചൂണ്ടിയതെന്ന് പിന്നീട് മാധ്യമങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ഒരുവേള വിവാദ അപ്പാർട്ട്മെന്റ് ലുല സന്ദർശിച്ചുവെന്നതു  മാത്രമാണ് ഇതുവരെയും തെളിയിക്കാനായിട്ടുള്ളത്. അതുകൊണ്ടുമാത്രം ലുലയെ ശിക്ഷിക്കാനാകുമെന്ന് അദ്ദേഹത്തെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും കരുതുന്നുമില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും ലുലയെ രാഷ്ട്രീയമായി തകർക്കാനുള്ളതുമാണെന്നും ഈയിടെയാണ് വെളിപ്പെട്ടത്. അന്വേഷണാത്മക വെബ്സൈറ്റ് ഇന്റർസെപ്റ്റ് ആണ് ഒരു വാർത്താപരമ്പരയിലൂടെ ഇത്‌ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ ലുലയെ ഒമ്പതുവർഷത്തെ തടവിന് ശിക്ഷിച്ച ജഡ്‌ജി സെർജിയോ മോറോയുടെ രാഷ്ട്രീയതാൽപ്പര്യങ്ങളാണ് ഇതോടെ പുറത്തായത്. പ്രോസിക്യൂട്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും ജഡ്‌ജി സെർജിയോ മോറോയും തമ്മിലുള്ള അവിഹിതബന്ധവും വെളിവാക്കപ്പെട്ടു. തീവ്രവലതുപക്ഷക്കാരനായ ജെയ്‌ർ ബോൾസനാരോ ലുലയെ ശിക്ഷിച്ച സെർജിയോ മോറോയെ നീതിന്യായ മന്ത്രിയാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയതാൽപ്പര്യം പകൽപോലെ വ്യക്തമായി. ലുലയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ ഒഴിവാക്കുന്നതിനാണ് അദ്ദേഹത്തെ ശിക്ഷിച്ചതെന്നും വ്യക്തമായി. ലുല മത്സരിച്ചിരുന്നെങ്കിൽ ബോൾസനാരോക്ക്‌  ജയിക്കാൻ കഴിയുമായിരുന്നില്ല. ലുലയേ ജയിക്കുമായിരുന്നുള്ളൂ. ലുലയെ ശിക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് വ്യക്തമായതോടെ സാർവദേശീയ രാഷ്ട്രീയ നേതൃത്വവും അന്താരാഷ്ട്ര നിയമവൃത്തങ്ങളും ലുലയ്‌ക്ക് പിന്തുണയുമായെത്തി. 2003 മുതൽ 2010 വരെ ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ലുല  നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഇടതുപക്ഷത്ത് നിൽക്കുന്ന ക്യൂബയും വെനസ്വേലയും ബൊളീവിയയും മാത്രമല്ല, ഉറുഗ്വേയിലെ മുൻ പ്രസിഡന്റ് പെപ്പെ മുജിക്കയും അർജന്റീനയുടെ പുതിയ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസും ലുലയ്‌ക്ക് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ പുതിയ പ്രതീക്ഷയാണ് ലുല.  ലുലയുടെ മോചനത്തോടെ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുകതന്നെ ചെയ്യും, കൂടുതൽ ഇടത്തോട്ടായിരിക്കും ആ മുന്നേറ്റം. Read on deshabhimani.com

Related News