തൊഴില്‍രഹിതരുടെ കണ്ണീരൊപ്പണം



തൊഴില്‍രഹിതരായ  അഭ്യസ്തവിദ്യരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അസാധാരണ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി പരിശോധന നടന്നുവരികയാണ്്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ഓഫീസുകളില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ദ്രുതപരിശോധന നടത്തുന്നത്. 14 ജില്ലയിലും വിവിധ സംഘങ്ങളായി തുടരുന്ന പരിശോധനയില്‍ ഇതിനകംതന്നെ, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നൂറുകണക്കിന് ഒഴിവുകള്‍ കണ്ടെത്തി. നിരവധി റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ഒഴിവുകള്‍ കണ്ടെത്തുന്നതിനുള്ള ദൌത്യസംഘങ്ങളെ പ്രത്യേകം നിയോഗിച്ചത്. ഇപ്പോള്‍ കാലാവധികഴിയുന്ന ലിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും അഞ്ചും ആറുംതവണ കാലാവധി നീട്ടിയവയാണ്. എന്നാല്‍, ഈ നീട്ടലിലൂടെ ഒരു ഉദ്യോഗാര്‍ഥിക്കുപോലും പ്രയോജനം ലഭിക്കാത്തവയാണ് ഏറെയും. ഈയൊരു സ്ഥിതിവിശേഷത്തിന്റെ പിന്നാമ്പുറം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വസ്തുത കാണാന്‍ കഴിയും. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ നിയമന നിരോധനംമുതല്‍ ഉദ്യോഗസ്ഥ അലംഭാവവും തൊഴില്‍തട്ടിപ്പുകളുംവരെ പിഎസ്സി റാങ്ക്ലിസ്റ്റ് നീട്ടലുമായി ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. മത്സര പരീക്ഷയെഴുതി ഷോര്‍ട്ട്ലിസ്റ്റും ഇന്റര്‍വ്യൂവും പിന്നിട്ട് റാങ്ക്ലിസ്റ്റില്‍ കടന്നുകൂടുന്നവര്‍ കാത്തിരുന്ന് വഞ്ചിതരാകുകയാണ്. പുതുതായി യോഗത്യനേടി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഒന്നുംരണ്ടും വര്‍ഷം അവസരം നിഷേധിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ മറുവശം. പഴയകാലത്തെ അപേക്ഷിച്ച് തൊഴില്‍മേഖല ഒരുപാട് വിപുലമായെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ആകര്‍ഷണീയതയ്ക്ക് തെല്ലും കുറവുവന്നിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് അനുവദനീയമായ മുഴുവന്‍ തൊഴിലവസരവും ലഭ്യമാക്കുകയെന്നത് ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലാ കാലത്തും അവലംബിച്ചുപോരുന്ന നയമാണ്. എന്നാല്‍, ഇടക്കാലത്തുവരുന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഈ സമീപനത്തെ കീഴ്മേല്‍മറിക്കുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ഇക്കാര്യത്തില്‍ സര്‍വറെക്കോഡും തിരുത്തി. ഭരണഘടനാസ്ഥാപനമായ പിഎസ്സിയെ നോക്കുകുത്തിയാക്കിയെന്നുപറഞ്ഞാല്‍പോലും അതിശയോക്തിയാകില്ല. സാമ്പത്തിക ഞെരുക്കമെന്നുപറഞ്ഞ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവില്‍പോലും നിയമനം മരവിപ്പിച്ചു. അംഗീകൃത തസ്തികകള്‍ പലതും വെട്ടിക്കുറച്ചു. റാങ്ക്ലിസ്റ്റുകള്‍ പലതും നാമമാത്രനിയമനവുമായി കാലഹരണപ്പെടാന്‍തുടങ്ങി. സ്വാഭാവികമായും  റാങ്ക്ഹോള്‍ഡര്‍മാര്‍ സംഘടിക്കുകയും പ്രക്ഷോഭത്തിനും സമ്മര്‍ദത്തിനും മുതിരുകയും ചെയ്തു. ഇവിടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയും കാപട്യവും പ്രകടമാകുന്നത്. റാങ്ക്ഹോള്‍ഡര്‍മാരും യുവജനസംഘടനകളുമൊക്കെ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുന്നു എന്ന നാട്യത്തില്‍ പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ നടപടി സ്വീകരിക്കും. ആറുമാസം കാലാവധി നീട്ടണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ പിഎസ്സിക്ക് മുന്നില്‍വയ്ക്കാറുള്ളത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്  പിഎസ്സി ബോര്‍ഡ് യോഗംചേര്‍ന്ന് മുന്ന് മാസം നീട്ടാനുള്ള തീരുമാനം അംഗീകരിക്കും. മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതേ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കും. ഇങ്ങനെ ആറുതവണവരെ നീട്ടിയ റാങ്ക്ലിസ്റ്റുകളുണ്ട്.  പരമാവധി നാലരവര്‍ഷത്തില്‍ കൂടുതല്‍ ഒരു റാങ്ക്ലിസ്റ്റിന് പ്രാബല്യംപാടില്ല എന്ന ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പിന് അവിടെ വിരാമമാകും. എന്നാല്‍, ഒഴിവുകള്‍ കണ്ടെത്തി നിയമനം നടത്താനുള്ള ഒരു നടപടിയും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കാലഹരണപ്പെട്ട റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പലരുടെയും പ്രായപരിധി ഇതോടെ കഴിയും. ഉള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുന്ന രീതി ഉണ്ടെങ്കില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് റാങ്ക്ലിസ്റ്റുകള്‍ കാലഹരണപ്പെടുകയും അവശേഷിക്കുന്ന ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിക്കുകയുംചെയ്യാം. ഇങ്ങനെവന്നാല്‍ പഴയവരും പുതിയവരുമായ തൊഴിലന്വേഷകര്‍ക്ക് ന്യായമായ അവസരം ലഭിക്കും. ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയും തല്‍പ്പരകക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുകയുമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പ്  അടുത്തഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കുറച്ച് ഒഴിവുകളില്‍ നിയമനം നടത്തിയെന്ന വസ്തുത വിസ്മരിക്കുന്നില്ല.   ചില തസ്തികകളിലെ ഒഴിവുകള്‍ ജില്ലകളില്‍നിന്നും അവശേഷിക്കുന്നവ ഡയറക്ടറേറ്റുകളില്‍നിന്നുമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്്. താഴെകിടയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ പലതും പിഎസ്സിയിലെത്താത്ത നിലയായിരുന്നു യുഡിഎഫ് ഭരണത്തില്‍. ഒഴിവുകളില്‍ കരാറുകാരെയും ദിവസവേതനക്കാരെയുംവച്ച് ജോലിചെയ്യിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭരണകക്ഷിയുടെയും ഉദ്യോഗസ്ഥമേധാവികളുടെയും താല്‍പ്പര്യമാണ് ഇത്തരം താല്‍ക്കാലികനിയമനങ്ങളില്‍ പ്രതിഫലിക്കാറുള്ളത്. താല്‍ക്കാലികനിയമനം അനിവാര്യമാകുന്ന ഘട്ടങ്ങളില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന വ്യവസ്ഥയും യുഡിഎഫ് ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു.   ഒരുഭാഗത്ത് യഥാര്‍ഥ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുമ്പോഴാണ് റാങ്ക്ലിസ്റ്റ് നീട്ടലിന്റെമറവില്‍ അനാശാസ്യമായ കാര്യങ്ങള്‍ അരങ്ങേറുന്നത്. മന്ത്രിമാര്‍ക്കും പിഎസ്സി അംഗങ്ങള്‍ക്കും കൊടുക്കാനെന്നുവരെ പറഞ്ഞ് പണപ്പിരിവ് നടക്കുന്നു. റാങ്ക് ഹോള്‍ഡര്‍മാരെ സംഘടിപ്പിക്കാനെന്നപേരില്‍ രംഗത്തുവരുന്നവരില്‍ ചിലരെങ്കിലും ശുദ്ധതട്ടിപ്പുകാരാണ്. ഇത്തരക്കാര്‍ റാങ്ക്ഹോള്‍ഡര്‍മാരില്‍നിന്ന് പണംപിടുങ്ങുന്നു.  തൊഴിലിനായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്നവര്‍ക്ക് റാങ്ക്ലിസ്റ്റ് നീട്ടല്‍ പുതുമഴപോലെയാണ്. പക്ഷേ ഒരു തുടര്‍നടപടിയും ഇല്ലാതെ റാങ്ക്ലിസ്റ്റുകള്‍ അവസാനകടമ്പയില്‍ കൊഴിഞ്ഞുപോകുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റ് വന്നതിന് ശേഷം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, പഴയശീലത്തിന്റെ നീക്കിബാക്കി പലയിടത്തും കട്ടപിടിച്ചുകിടക്കുന്നുണ്ട്. അത് തൂത്തുകളയാന്‍ ഇപ്പോഴത്തെ നടപടി ഉപകരിക്കാതിരിക്കില്ല. റാങ്ക്ലിസ്റ്റുകളുടെ കൂട്ടക്കൊഴിച്ചിലിന്റെ കാലത്ത് ഈ ദ്രുതപരിശോധനയിലൂടെ സാധിക്കാവുന്നത്രപേര്‍ക്ക് നിയമനം ലഭിക്കട്ടെ. തുടര്‍ന്നങ്ങോട്ട് ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കാതെയും നിയമന നിരോധനം നടപ്പാക്കാതെയും പരമാവധിപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് Read on deshabhimani.com

Related News