3 ചാട്ടക്കാർ 3 മാതൃക



കേരളത്തിന്റെ അഭിമാനമായി മൂന്ന്‌ ചാട്ടക്കാർ. എൽദോസ്‌ പോളും എം ശ്രീശങ്കറും അബ്‌ദുള്ള അബൂബക്കറും. ഒളിമ്പ്യൻ സുരേഷ്‌ ബാബുവും ടി സി യോഹന്നാനും അഞ്‌ജുബോബി ജോർജുമൊക്ക വന്നവഴികളിൽ വെളിച്ചം വീശാൻ പുതുതലമുറയ്‌ക്ക്‌ സാധിക്കുന്നത്‌ സന്തോഷകരമാണ്‌. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ കൊടിയിറങ്ങിയ കോമൺവെൽത്ത്‌ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ എൽദോസ്‌ പോൾ സ്വർണം നേടിയപ്പോൾ അബ്‌ദുള്ള അബൂബക്കർ വെള്ളി സ്വന്തമാക്കി. വിജയപീഠത്തിൽ രണ്ട്‌ മലയാളികൾ മെഡലുകളുമായി പുഞ്ചിരിച്ചുനിൽക്കുന്ന കാഴ്‌ച രോമാഞ്ചജനകംതന്നെ. ഇവരുടെ മെഡൽ നേട്ടം എളുപ്പമായിരുന്നില്ല. ഒറ്റ രാത്രികൊണ്ട്‌ നേടിയതുമല്ല.   കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന വലിയ സന്ദേശമാണ്‌ ഈ ചെറുപ്പക്കാർ നൽകുന്നത്‌. വിപണിയുടെയും മായക്കാഴ്‌ചകളുടെയും കാലത്ത്‌ പുതിയ തലമുറയ്‌ക്ക്‌ മാതൃകയാക്കാവുന്നതും പിന്തുടരാവുന്നതുമാണ്‌ ഇവരുടെ സമർപ്പണം. പരിമിതമായ സൗകര്യങ്ങളിൽനിന്ന്‌ വലിയ സ്വപ്‌നം കണ്ടുവെന്നതാണ്‌ സവിശേഷത. നാട്ടിൻപുറത്തെ സാധാരണ സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവർ. എൽദോസ്‌ പോൾ എറണാകുളം ജില്ലയിലെ രാമമംഗലം പാലയ്‌ക്കാമറ്റം ഗ്രാമത്തിന്റെ സന്തതിയാണ്‌. നാലരവയസ്സിൽ അമ്മയെ നഷ്‌ടമായ ബാല്യം. പിന്നെ അമ്മൂമ്മയായ മറിയാമ്മയുടെ തണലിലാണ്‌ വളർന്നത്‌. കടുത്ത സാമ്പത്തിക പരാധീനതയിലായിരുന്നു വിദ്യാഭ്യാസകാലം. പരിശീലനത്തിന്‌ രാമമംഗലം പുഴയുടെ തീരത്തെ മണൽപ്പരപ്പായിരുന്നു ആശ്രയം.  അബ്‌ദുള്ള അബൂബക്കറിന്റെ വഴികളും എളുപ്പമായിരുന്നില്ല. കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തിനടുത്ത്‌ ചെക്യാട്‌ മാമുണ്ടേരി ഗ്രാമത്തിലാണ്‌ വീട്‌. പരിശീലനത്തിന്‌ അടിസ്ഥാന സൗകര്യങ്ങളില്ലായിരുന്നു. കോതമംഗലം എംഎ കോളേജിലേക്കുള്ള മാറ്റമാണ്‌ ഇരുവരുടെയും കായികജീവിതത്തിൽ വഴിത്തിരിവായത്‌. പതിമൂന്നാം വയസ്സിൽ ഒളിമ്പ്യൻ ശ്രീശങ്കർ എന്ന്‌ ഇ -മെയിൽ വിലാസമുണ്ടാക്കി സ്വപ്‌നം കണ്ട ചെറുപ്പക്കാരനാണ്‌ എം ശ്രീശങ്കർ. ട്രിപ്പിൾജമ്പ്‌ താരമായിരുന്ന എസ്‌ മുരളിയുടെയും ഓട്ടക്കാരിയായിരുന്ന കെ എസ്‌ ബിജിമോളുടെയും മകന്‌ കായികാഭിരുചി ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ, മകൻ ഡോക്‌ടറോ എൻജിനിയറോ ആകണമെന്ന്‌ നിർബന്ധം പിടിക്കാതെ ജമ്പിങ്പിറ്റിൽ  ഇറങ്ങാൻ അനുവദിച്ച രക്ഷിതാക്കൾ അഭിനന്ദനമർഹിക്കുന്നു. ശ്രീശങ്കർ മെഡിക്കൽ എൻട്രൻസ്‌ എഴുതി. സ്‌പോർട്‌സ്‌ ക്വോട്ടയിൽ സീറ്റും ഉറപ്പിച്ചു. എന്നാൽ, പോയില്ല. പിന്നീട്‌ എൻജിനിയറിങ്ങിന്‌ ചേർന്നു. പരിശീലനത്തിന്‌ സമയം കിട്ടാതെവന്നപ്പോൾ അതും അവസാനിപ്പിച്ച്‌ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ ചേർന്നു. 90 ശതമാനം മാർക്കോടെ ബിഎസ്‌സി മാത്‌സ്‌ പൂർത്തിയാക്കി. ഇപ്പോൾ എംഎസ്‌സി സ്‌റ്റാറ്റിസ്റ്റിക്‌സ്‌ പഠിക്കുന്നു. ടോക്യോയിൽ നടന്ന ഒളിമ്പിക്‌സിൽ നിരാശയായിരുന്നു ഫലം. ലോങ്ജമ്പിൽ ഇരുപത്തഞ്ചാം സ്ഥാനത്തായി. എന്നാൽ, നിരാശപ്പെടാതെ പരിശീലനം തുടർന്നു. അച്ഛനും പരിശീലകനുമായ മുരളിയുടെ പിന്തുണ കരുത്തായി. ഈ സീസണിൽ 8.36 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടായിരുന്നു വിമർശകർക്കുള്ള മറുപടി. ഇപ്പോൾ വെള്ളിപ്പതക്കവും.   മലയാളികളായ പി ആർ ശ്രീജേഷിനും ട്രീസ ജോളിക്കും മെഡൽ നേട്ടമുണ്ട്‌. ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനായ ശ്രീജേഷിന്റെ നേട്ടങ്ങൾ അവസാനിക്കുന്നില്ല. ബാഡ്‌മിന്റണിലെ പുതിയ താരോദയമാണ്‌ കണ്ണൂർ പെരിങ്ങോം ഗ്രാമത്തിലെ ട്രീസ ജോളി. മിക്‌സഡ്‌ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും സ്വന്തമാക്കി. സന്തോഷത്തിനിടയിലും ചർച്ച ചെയ്യേണ്ട ചില കണക്കുകളുണ്ട്‌. കിട്ടേണ്ട അംഗീകാരമുണ്ട്‌. കായികരംഗത്ത്‌ പശ്‌ചാത്തല വികസനമൊരുക്കാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ച സംസ്ഥാനങ്ങളുടെ ആദ്യ പത്തിൽപ്പോലും കേരളമില്ല. മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്നതിനെക്കുറിച്ച്‌ പരാതിയില്ല, സന്തോഷമേയുള്ളൂ. പക്ഷേ, ഇവിടെയും കളിയുണ്ട്‌, കളിക്കാരുണ്ട്‌ എന്ന തിരിച്ചറിവുണ്ടാകണം. ഈ അവഗണനയിലും കേരളം സ്വന്തം വഴി തേടുകയാണ്‌. അതിനെ ബദലെന്നോ പ്രതിരോധമെന്നോ എന്ത്‌ പേരിട്ടും വിളിക്കാം. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ കിഫ്‌ബി വഴി ആയിരം കോടിയുടെ പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ കായികരംഗത്ത്‌ ആസൂത്രണം ചെയ്‌തത്‌. ബജറ്റ്‌വഴി 500 കോടിയുടെ പദ്ധതികളും. ഇക്കാലയളവിൽ കേന്ദ്രം തന്നത്‌ രണ്ട്‌ സിന്തറ്റിക്‌ ട്രാക്കിന്‌ 14 കോടിമാത്രം. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിന്‌ നിരന്തരം ആവശ്യപ്പെട്ടാലും അനുകൂല മറുപടിയില്ല. ഈ സമീപനം മാറിയാലേ  എല്ലാ സംസ്ഥാനങ്ങളിൽനിന്നും കായികതാരങ്ങൾ വളർന്നുവരൂ. അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യത്ത്‌ സ്‌പോർട്‌സ്‌ തുരുത്തുകളിൽ ഒതുങ്ങും.   Read on deshabhimani.com

Related News