മിണ്ടരുതെങ്കിൽ പിന്നെന്ത് ജനാധിപത്യം



  അസാധാരണവും ഉൽക്കണ്ഠാകുലവുമായ ഒരവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത് എന്നതിന്റെ വേണ്ടുവോളം സൂചനകൾ ഇതിനകം വന്നുകഴിഞ്ഞു. ജനാധിപത്യം അപകടപ്പെടുന്നതിന്റെയും ഫാസിസം അടുത്തുവരുന്നതിന്റെയും തെളിവായി നിരന്തര സംഭവവികാസങ്ങൾ. പൗരസ്വാതന്ത്ര്യവും ഭരണഘടനാസ്ഥാപനങ്ങളും തുടർച്ചയായി അട്ടിമറിക്കുന്നതിന്റെ എണ്ണമറ്റ പരമ്പരകൾ. കശ്‌മീരിൽനിന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം രാജ്യത്തെ വീണ്ടും ഞെട്ടിപ്പിക്കുന്നു. പ്രത്യേകപദവി എടുത്തുകളഞ്ഞ് കശ്‌മീരിനെ രണ്ടായി വിഭജിച്ചതോടെ തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കണമെങ്കിൽ ഭരണഘടനയുടെ 370–--ാം വകുപ്പടക്കം സമകാലീന വിഷയങ്ങളെക്കുറിച്ച് ഒരു വർഷത്തേക്ക് ഒന്നും മിണ്ടില്ലെന്ന കരാറിൽ ഒപ്പിട്ടുനൽകണമത്രേ.  താഴ്‌വരയിൽ നിലവിലുള്ള സാഹചര്യങ്ങളെ മുൻനിർത്തി പ്രസ്‌താവനയോ പ്രസംഗമോ പ്രചാരണമോ ഒന്നും പാടില്ല.  പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പിൽ 10,000 രൂപ കെട്ടിവയ്‌ക്കുകയും വേണം. വ്യവസ്ഥ ലംഘിച്ചാൽ 40,000 രൂപ പിഴ. ഈ വ്യവസ്ഥകൾ അംഗീകരിച്ച ചിലരെ അടുത്തിടെ വിട്ടയച്ചിട്ടുമുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് ആർക്കും അംഗീകരിക്കാൻ കഴിയുന്ന വ്യവസ്ഥയല്ലിത്. സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്നത് പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശവും അധികാരവുമാണ്. ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യത്തിന്റെ പിൻബലത്തിലാണ് രാജ്യത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടികൾ അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ജനങ്ങളെ അറിയിക്കുന്നത്. മാധ്യമങ്ങൾ പ്രവർത്തിക്കുന്നതും  ഇതിന്റെ അടിസ്ഥാനത്തിൽത്തന്നെ. കശ്‌മീരിൽ ആരും ഒന്നും പറയരുതെന്ന്  വിലക്കുമ്പോൾ തകർക്കപ്പെടുന്നത് ഭരണഘടന ജനങ്ങൾക്ക് നൽകുന്ന ഈ സ്വാതന്ത്ര്യവും അവകാശവുമാണ്. ആരും സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്ന് ചുരുക്കം. വിമർശിച്ചാൽ ദേശദ്രോഹികളാകും, ജയിലിലടയ്‌ക്കും. ആൾക്കൂട്ടക്കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണനും അപർണ സെന്നുമുൾപ്പെടെ നിരവധി കലാ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തത് നാം കണ്ടു. ഇന്ത്യ എവിടേക്ക് നീങ്ങുന്നുവെന്നതിന്റെ കൃത്യമായ തെളിവുകളാണിതെല്ലാം. വെളിപ്പെടുന്നത് രണ്ടാം മോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയും സ്വേച്ഛാവാഴ്‌ചയും. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആ നിമിഷംമുതൽതന്നെ കശ്‌മീർ ജനതയ്‌ക്ക് വർത്തമാനം പറയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരുന്നു. ഫോണിൽപോലും പരസ്പരം സംസാരിക്കാൻ കഴിയില്ല. വാർത്താവിനിമയവും വിലക്കി. ആർക്കും മൊബൈൽ ഫോണോ വീഡിയോയോ ഒന്നും കൊണ്ടുനടക്കാൻ പറ്റില്ല. എവിടെയും സുരക്ഷാഭടന്മാരുടെ പ്രളയം, ബാരിക്കേഡുകൾ. എല്ലായിടത്തും ഭയാനകമായ സാഹചര്യം.  ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ് ) പക്കലുള്ള സബ്സ്ക്രിപ്ഷൻ ഡാറ്റതന്നെ കശ്‌മീരിൽ ആരും ഫോണിൽ സംസാരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അവിടെ ആക്‌ടീവായ ഫോൺ വരിക്കാരുടെ എണ്ണം ആഗസ്‌തിൽമാത്രം 22 ലക്ഷം കുറഞ്ഞു.  ഈ സ്ഥിതിവിശേഷത്തിന് അറുതിവരുത്തി കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കണമെന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശക്തമായ ആവശ്യമുയരുകയാണ്. ഇതിനിടെയാണ്, തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കണമെങ്കിൽ ‘ഇനി മിണ്ടില്ലെന്ന' കരാറിൽ ഒപ്പിടണമെന്ന വ്യവസ്ഥ വന്നിരിക്കുന്നത്. ഏതു വേദിയിലും   ജനാധിപത്യത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുകൊണ്ടാണ് ബിജെപി ഈ ജനാധിപത്യഹത്യയെല്ലാം നടപ്പാക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് ഫാസിസത്തിന്റെ ദ്വിമുഖതന്ത്രം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധിയിലാണ്. മാന്ദ്യം എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം ഭരിക്കുന്ന ബിജെപിക്കുതന്നെ. അത്‌ മറച്ചുവയ്‌ക്കാനും രാജ്യത്തുയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുംകൂടിയാണ് മോഡിഭരണം തുടർച്ചയായി ശ്രമിക്കുന്നത്. ജനാധിപത്യത്തെ ഞെരിച്ചുകൊല്ലുന്നതിനും പലതരത്തിലുള്ള ഹിംസയ്‌ക്കും ആക്കംകൂട്ടുന്നത് ഇതിന്റെ ഭാഗമായി കാണണം. സർവാധികാരങ്ങളും ഒരു പാർടിയിൽ, ഒരു നേതാവിൽ കേന്ദ്രീകരിച്ചാൽ കാര്യങ്ങൾ എളുപ്പമായല്ലോ. എഴുപതുകളിൽ അടിയന്തരാവസ്ഥക്കാലത്ത് നിയമവാഴ്‌ചയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ഇന്ദിര ഗാന്ധി തുടക്കമിട്ടിരുന്നു. അതിനേക്കാൾ ഭീകരമായ സ്ഥിതിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. ഹിംസയുടെ ഈ കാലം അവസാനിപ്പിക്കാൻ, ചെറുത്തുനിൽപ്പിന്റെ സമരായുധങ്ങൾക്ക് മൂർച്ചകൂട്ടുക മാത്രമാണ് പോംവഴി. ഇവിടെ ആർക്കും മിണ്ടാതിരിക്കാൻ സാധ്യമല്ല. Read on deshabhimani.com

Related News