യെദ്യൂരപ്പ പടിയിറങ്ങുമ്പോൾ



ഒടുവിൽ, യെദ്യൂരപ്പ പടിയിറങ്ങി. അല്ല പടിയിറക്കി. മുഖ്യമന്ത്രിപദത്തിൽനിന്ന് യെദ്യൂരപ്പ സ്വയം ഇറങ്ങിപ്പോയതല്ല. ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പിക്കുകയായിരുന്നു. മക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണം ചൂണ്ടിക്കാട്ടി ഭീഷണികൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ മറ്റൊരു വഴിയുമില്ലാതായി. അങ്ങനെ, കർണാടക മുഖ്യമന്ത്രിപദവിയിൽനിന്ന് നാലാം തവണയും കാലാവധി പൂർത്തിയാക്കാതെ ബി എസ് യെദ്യൂരപ്പ രാജിവച്ചൊഴിഞ്ഞു. ചൊവ്വാഴ്ച വെെകിട്ട് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം നിലവിൽ ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മെയെ നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇദ്ദേഹം പുതിയ മുഖ്യമന്ത്രിയാകും. ഇനി സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തിൽ എന്തൊക്കെ സംഭവിക്കുമെന്നതിനെ മുൻനിർത്തി വിവിധ നിരീക്ഷണങ്ങളുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ പുതിയ പരീക്ഷണം, ആർഎസ്എസിന്റെ തീവ്രഹിന്ദുത്വ വർഗീയക്കളി, യെദ്യൂരപ്പയ്‌ക്ക് വലിയ പിന്തുണയുള്ള ലിംഗായത്ത് സമുദായത്തെ പാട്ടിലാക്കാൻ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ... അങ്ങനെ പലതുമുണ്ടായേക്കാം. ഇതേസമയംതന്നെ, ദക്ഷിണേന്ത്യയിൽ ബിജെപി നേതൃത്വത്തിൽ ആദ്യ സർക്കാരുണ്ടാക്കിയ നേതാവിനെ ഒതുക്കുകയാണുണ്ടായതെന്ന ആക്ഷേപവും ശക്തമാണ്. പാർടിയിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊക്കെ സംഭവിച്ച ഗതിയാണ് ഇപ്പോൾ യെദ്യൂരപ്പയ്‌ക്കും സംഭവിച്ചതെന്ന് കരുതുന്ന നല്ലൊരു വിഭാഗമുണ്ട്. പ്രായത്തിന്റെ പേര് പറഞ്ഞാണ് അദ്വാനിയെയും ജോഷിയെയുമൊക്കെ ഒതുക്കിയത്. യെദ്യൂരപ്പയ്‌ക്കും ഇപ്പോൾ പ്രായം 78 ആയി. ബിജെപിയിലെയും ആർഎസ്എസിലെയും ഒരു വിഭാഗത്തിന്റെ സമ്മർദത്തിനു വഴങ്ങി യെദ്യൂരപ്പയെ നീക്കുമ്പോൾ പ്രായവും ഒരു കാരണമായി കേന്ദ്രനേതൃത്വം പറയുന്നുണ്ട്. നാലു ദശാബ്ദം നീണ്ട, യെദ്യൂരപ്പയുടെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ, യെദ്യൂരപ്പയുടെ അടുത്ത നീക്കം പ്രധാനമാണ്. അതാണ് ഏവരും ശ്രദ്ധിക്കുന്നത്. കർണാടക രാഷ്ട്രീയത്തിൽ തുടരുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറങ്ങിപ്പോരേണ്ടി വന്നതിന്റെ അമർഷം എത്രനാൾ അമർത്തിവയ്ക്കുമെന്ന പ്രശ്നവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം പ്രധാനികളാരും യെദ്യൂരപ്പയെ പിന്തുണച്ചില്ല. മാത്രമല്ല, പുതിയ മന്ത്രിസഭയിൽ മക്കൾക്ക് മുന്തിയ പരിഗണന വേണമെന്ന ആവശ്യത്തിനും കാര്യമായ ഉറപ്പൊന്നും നൽകിയിട്ടില്ല. ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന തന്നെ ആർഎസ്എസും കൈവിട്ടുവെന്ന തോന്നൽ യെദ്യൂരപ്പയ്‌ക്കുണ്ട്. യെദ്യൂരപ്പ ഭരണം തുടങ്ങിയതുമുതൽ ആർഎസ്എസിലൊരു വിഭാഗം മുഖ്യമന്ത്രിക്കെതിരെ നീക്കം തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കളിലൊരു വിഭാഗവും യെദ്യൂരപ്പയ്‌ക്കെതിരെ രംഗത്തിറങ്ങി. ഇതെല്ലാമാണ് ഇപ്പോൾ ഫലം കണ്ടത്. ഇതിനെല്ലാം പ്രതിഫലമായി കർണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിനെ മുൻ നിർത്തി യെദ്യൂരപ്പ ഒരു കളി കളിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. യെദ്യൂരപ്പയെ അടക്കിനിർത്താൻവേണ്ടിയാണ് ലിംഗായത്ത് സമുദായക്കാരനും അദ്ദേഹത്തിന്റെ  വിശ്വസ്തനുമായ ബൊമ്മെയെ പരിഗണിച്ചതെന്ന് കരുതാം. കർണാടക രാഷ്ട്രീയത്തിൽ കുതിരക്കച്ചവടത്തിനും അഴിമതികൾക്കും പേരുകേട്ട യെദ്യൂരപ്പ 2019ൽ ജനതാദൾ –എസ് -- കോൺഗ്രസ് സഖ്യത്തെ വീഴ്ത്തിയാണ് നാലാം തവണ അധികാരത്തിൽ വന്നത്. ജനതാദളിൽനിന്നും കോൺഗ്രസിൽനിന്നും 17 എംഎൽഎമാരെ കോടികൾ നൽകി കൂറുമാറ്റിയായിരുന്നു യെദ്യൂരപ്പ ലക്ഷ്യം കണ്ടത്. ഓപ്പറേഷൻ താമര എന്ന ആ നീക്കത്തിലൂടെ ബിജെപിയിലെത്തിയ 13 പേരെ യെദ്യൂരപ്പ മന്ത്രിസഭയിലുൾപ്പെടുത്തി. ഇതിനെതിരെ ബിജെപിയിൽത്തന്നെ എതിർപ്പുയർന്നെങ്കിലും ഭരണം നിലനിർത്താൻ ഇതു വേണ്ടിവരുമെന്നായിരുന്നു യെദ്യൂരപ്പയുടെ വാദം. കാലുമാറി എത്തിയവർക്ക്‌ വലിയ പരിഗണന നൽകിയതിൽ പ്രതിഷേധിച്ച വിമതരുടെ ഐക്യമാണ്‌ ഇപ്പോൾ യെദ്യൂരപ്പയെ വീഴ്‌ത്തിയത്‌. മകനും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചതും യെദ്യൂരപ്പയ്‌ക്ക്‌ വിനയായി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഗവർണർ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി. ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടു ദിവസത്തിനകം രാജിവയ്ക്കേണ്ടി വന്നു. തുടർന്ന്, കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന ജെഡിഎസ്–--കോൺഗ്രസ് സർക്കാരിനെ കാലുമാറ്റത്തിലൂടെ വീഴ്‌ത്താൻ യെദ്യൂരപ്പ നീക്കം തുടങ്ങി. അതായിരുന്നു ഓപ്പറേഷൻ താമര. അങ്ങനെയാണ്‌ 2019ൽ യെദ്യൂരപ്പ വീണ്ടും അധികാരത്തിലേറിയത്. ആ മന്ത്രിസഭയാണ് ഇപ്പോൾ രാജിവച്ചത്. 2007-ലാണ് യെദ്യൂരപ്പ ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ഒരാഴ്ച മാത്രമായിരുന്നു മുഖ്യമന്ത്രിപദത്തിലിരുന്നത്. എച്ച്‌ ഡി കുമാരസ്വാമിയുമായി ചേർന്ന് കോൺഗ്രസ്–- -ജെഡിഎസ് സർക്കാരിനെ താഴെയിറക്കിയാണ് 2007ൽ യെദ്യൂരപ്പ അധികാരത്തിലേറിയത്. ഏഴു ദിവസത്തിനുശേഷം കുമാരസ്വാമി പിന്തുണ പിൻവലിച്ചതോടെ രാജിവച്ചു. 2008ൽ വീണ്ടും മുഖ്യമന്ത്രിയായി. അന്നും ബിജെപിക്ക്‌ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇതിനിടെ പല കോൺഗ്രസ് നേതാക്കളെയും ബിജെപിയിലെത്തിച്ചു. 2011ൽ ഖനന അഴിമതിക്കേസിൽ ജയിലിലായി. പിന്നെ ബിജെപി വിട്ട് കർണാടക ജനതാപക്ഷ പാർടിയുണ്ടാക്കുകയും ലോക് സഭാംഗമാകുകയുമൊക്കെ ഉണ്ടായെങ്കിലും വീണ്ടും ബിജെപിയിലെത്തി. ഇങ്ങനെ, കാലുമാറ്റം സംഘടിപ്പിച്ചും പണമൊഴുക്കിയും സംസ്ഥാനത്ത് ബിജെപിയെ വളർത്തിയ നേതാവിനെയാണ് ഇപ്പോൾ അധികാരത്തിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. തൽക്കാലത്തേക്ക് കേന്ദ്ര നേതൃത്വവുമായി ഏറ്റുമുട്ടലൊന്നും യെദ്യൂരപ്പ സൂചിപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹം വിശ്രമത്തിന് പോകില്ലെന്നുറപ്പ്. യെദ്യൂരപ്പ മാറി, ഇനി പുതിയ ആൾ മുഖ്യമന്ത്രിയാകുന്നതുകൊണ്ട് സംസ്ഥാനത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കില്ല. അഴിമതിയും വർഗീയതയും സ്വജനപക്ഷപാതവുമെല്ലാം എവിടെയും ബിജെപിയുടെ മുഖമുദ്രയാണ്. മുഖ്യമന്ത്രി മാറുന്നതുകൊണ്ട് ഈ നയങ്ങൾക്ക് മാറ്റമുണ്ടാകില്ലല്ലോ.   Read on deshabhimani.com

Related News