അഴിമതി: ഗതികെട്ട്‌ കർണാടകമന്ത്രിയുടെ രാജി



കർണാടകത്തിൽ കരാറുകാരന്റെ ആത്മഹത്യ ഉയർത്തിയ വിവാദത്തിൽ ഒടുവിൽ ഗ്രാമവികസന, -പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ  രാജി പ്രഖ്യാപിച്ചു. അഴിമതിയിൽ ആടിയുലയുന്ന ബസവരാജ്‌ ബൊമ്മെ സർക്കാരിലെ മറ്റു മന്ത്രിമാരുടെ തലകൂടി ഉരുളുമെന്ന്‌ വന്നപ്പോൾ മുഖംരക്ഷിക്കാൻ ഈശ്വരപ്പയെ സമ്മർദം ചെലുത്തി രാജിവയ്‌പിക്കുകയായിരുന്നു. തന്നെയുമല്ല, കരാറുകാരന്റെ  ദുരൂഹ മരണത്തിൻ്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തരമന്ത്രി അമിത്‌ ഷാ എന്നിവരുടെ നേർക്ക്‌ നീളുമെന്നതും രാജിക്ക്‌ കാരണമായി.  തെക്കേ ഇന്ത്യയിലെ ബിജെപിയുടെ ഏക തുരുത്താണ്‌ കർണാടകം. അടുത്തവർഷം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ജനങ്ങളുടെ രോഷം കുറയ്‌ക്കാനുള്ള തന്ത്രമായും  രാജിയെ കാണുന്നു. ബെലഗവി ജില്ലയിലെ കരാറുകാരൻ സന്തോഷ് കെ പാട്ടീലിനെയാണ് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുകയാണെങ്കിൽ ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് പാട്ടീൽ ചില മാധ്യമങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. ഈശ്വരപ്പയുടെ വകുപ്പിലെ നാലു കോടി രൂപയുടെ പ്രവൃത്തിയുടെ ബിൽ മാറിക്കിട്ടുന്നതിന് 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടെന്നാണ്‌ ആരോപണം. വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇദ്ദേഹം കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം. സഹോദരൻ പ്രശാന്ത് പാട്ടീലിന്റെ പരാതിയെത്തുടർന്ന്‌ സ്വന്തം മന്ത്രിക്കെതിരെ പ്രേരണക്കുറ്റത്തിന്‌ കേസ്‌ എടുക്കേണ്ടിവന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളായ രമേശ്, ബസവരാജ് എന്നിവരും കേസിൽ പ്രതികളാണ്. സന്തോഷ്‌ പാട്ടീലിന്റേത്‌ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണമുണ്ട്. ആർഎസ്എസിന്റെ മുതിർന്ന നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമാണ് സന്തോഷ് പാട്ടീൽ. ഈ ബന്ധത്തിന്റെ പുറത്താണ് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചത്. കമീഷൻ ആവശ്യപ്പെട്ട്‌ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളിൽ 15 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ ആറു മന്ത്രിമാരുടെയും പതിനഞ്ചോളം മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിയുടെ തെളിവുകൾ പുറത്തുവിടുമെന്ന് കർണാടക കോൺട്രാക്‌ടേഴ്‌സ്‌ അസോസിയേഷൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. ബിജെപി പ്രധാന ധനസമാഹരണ വഴിയായി കരാർ പ്രവൃത്തിമേഖലയെ ഉപയോഗിക്കുന്നുവെന്നത് രഹസ്യമല്ലാത്ത പരസ്യമാണ്. ബിജെപി സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന വൻ അഴിമതികളിലേക്കാണ്‌ ഈ മരണവും രാജിയും വാതിൽതുറക്കുന്നത്‌. എല്ലാ പ്രവൃത്തികളുടെയും 40 ശതമാനം കമീഷൻ സർക്കാരിലെ വേണ്ടപ്പെട്ടവർക്ക്‌ നൽകണമെന്നത്‌ കർണാടകത്തിൽ അലിഖിത നിയമമാണെന്ന്‌ കരാറുകാർ പറയുന്നു. മുൻ കോൺഗ്രസ്‌ സർക്കാരിലെ കരാർ പണികളിൽ കമീഷൻ ആരോപണം ഉയർന്നിരുന്നു. അന്ന്‌ പത്ത്‌ ശതമാനമായിരുന്നത്രേ കമീഷൻ. ഇത്‌ സിദ്ധരാമയ്യ സർക്കാരല്ല, സിദ്ധ രുപ്പയ (നേരിട്ട്‌ പണം) സർക്കാരാണെന്നായിരുന്നു 2018ലെ തെരഞ്ഞെടുപ്പുയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. എന്നാൽ, ആ പ്രധാനമന്ത്രിയും സന്തോഷ്‌ പാട്ടീലിന്റെ മരണത്തിൽ ഉത്തരവാദിയായി സമൂഹത്തിനു മുന്നിൽ നൽക്കുകയാണ്‌. രാഷ്ടീയ പാർടികൾക്ക് കരാറുകാർമുതൽ കോർപറേറ്റുകൾവരെ കൈമാറുന്ന പണം നിയമവിധേയമാക്കിയവരാണല്ലോ മോദി സർക്കാർ. 2018ൽ മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഇത്തരത്തിലുള്ളതാണ്. ഇലക്ടറൽ ബോണ്ട് സ്വീകരിക്കില്ലെന്നു പറയാൻ ഇടതുപക്ഷമേ തയ്യാറായുള്ളൂ. കർണാടകത്തിലെ ബിജെപി ഭരണത്തിനും അവരുടെ അഴിമതിക്കും അയൽ സംസ്ഥാനമായ കേരളത്തിലെ ബിജെപിയുമായി സാഹോദര്യബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിക്ക് കോടികൾ ഒഴുകിവന്നത് കർണാടകത്തിൽനിന്നാണ്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വംവരെ പ്രതിക്കൂട്ടിലാണ്. കർണാടകത്തിൽനിന്നു വന്ന പണം വിതരണം ചെയ്തതിലെ ‘അഴിമതിക്കുള്ളിലെ അഴിമതി' ഇന്നും കേരള ബിജെപിയിൽ തീയും പുകയുമായി ആളുന്നുണ്ട്. കർണാടകത്തിലെ ‘കരാർ ലംഘന'വും തുടർചലനങ്ങളും അത്തരത്തിലുള്ളതായിരിക്കാം.   Read on deshabhimani.com

Related News