ഖഷോഗി വധവും പാശ്‌ചാത്യലോകത്തിന്റെ ഇരട്ടത്താപ്പും



സൗദി രാജവംശത്തിന്റെ വിമർശകനും ‘വാഷിങ‌്ടൺ പോസ്റ്റി'ന്റെ ലേഖകനുമായ ജമാൽ ഖഷോഗിയെ വധിച്ചത് സൗദിഅറേബ്യയുടെ അറിവോടെയാണെന്ന് അവസാനം അവർതന്നെ സമ്മതിച്ചിരിക്കുന്നു. ഖഷോഗിയുടെ വധം ക്രൂരമായ കുറ്റകൃത്യമാണെന്നും അന്തിമമായി നീതി നടപ്പാക്കപ്പെടുമെന്നും വിവാദത്തിന്റെ നടുക്കടലിൽ നിൽക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻതന്നെ അഭിപ്രായപ്പെടുകയും െചയ്‌തു.  എത്രകാലം മുടിവയ‌്ക്കപ്പെട്ടാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് ഖഷോഗി വധവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്.  ഒക്‌ടോബർ രണ്ടിന് തുർക്കി നഗരമായ ഇസ്‌താം ബൂളിലെ സൗദി കോൺസുലേറ്റിലേക്ക് പോയ ഘട്ടത്തിലാണ് ഖഷോഗി വധിക്കപ്പെട്ടത്.  ആ ഘട്ടത്തിൽത്തന്നെ സൗദിയാണ് അതിനുപിന്നിലെന്ന ആരോപണം തുർക്കി ഉയർത്തിയിരുന്നുവെങ്കിലും കോൺസുലേറ്റ് ഓഫീസിൽനിന്ന‌് ഖഷോഗി പുറത്തിറങ്ങിയിരുന്നുവെന്നും അതിനാൽ കൊല്ലപ്പെട്ടുവെങ്കിൽ അതിന് ഉത്തരവാദി തുർക്കിയാണെന്നുമായിരുന്നു സൗദിയുടെ വാദം.  മാത്രമല്ല, സൗദി ആഭ്യന്തരമന്ത്രി ഖഷോഗി വധിക്കപ്പെട്ടുവെന്ന ആരോപണം നിഷേധിക്കുകയും ചെയ്‌തു.  എന്നാൽ, വധം നടന്ന് രണ്ടാഴ്ചയ‌്ക്ക് ശേഷം കോൺസുലേറ്റിലുണ്ടായ അടിപിടിയിൽ ഖഷോഗി വധിക്കപ്പെടുകയായിരുന്നുവെന്ന് സൗദിക്ക് സമ്മതിക്കേണ്ടിവന്നു.  ഖഷോഗി വധത്തിന് ഉത്തരവിട്ടത് രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ആണെന്ന പ്രചാരണംമാത്രം ശരിയല്ലെന്നാണ‌് ഇപ്പോൾ സൗദി പറയുന്നത്. അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളും ‘പുതിയ പ്രതീക്ഷ'യെന്നും ‘പരിഷ്‌കരണവാദി'യെന്നും വിശേഷിപ്പിച്ച മുഹമ്മദ് സൽമാൻതന്നെയാണ് ഖഷോഗിവധത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന കാര്യം വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  പ്രതിഷേധശബ്‌ദങ്ങളെ എന്തുഹീനമായ മാർഗത്തിലൂടെയും ഇല്ലാതാക്കുന്ന സ്വേച്ഛാധിപതികളിൽ ഒരാളായാണ് ചരിത്രം മുഹമ്മദ് ബിൻ സൽമാനെയും വിലയിരുത്തുക. രാജവംശത്തെ വിമർശിച്ച നിരവധി പേർ, രാജകുടുംബാംഗങ്ങൾ അടക്കം തടവറയിലാക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.  ഇവർക്ക‌് എല്ലാ പിന്തുണയും ആയുധവും നൽകുന്നത് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളാണ് താനും.  സൗദിയെ രൂക്ഷമായി വിമർശിക്കാൻപോലും പാശ്ചാത്യരാഷ്ട്രങ്ങൾ തയ്യാറായില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശവും സംബന്ധിച്ച വായ്‌ത്താരികൾ അവർ ബോധപൂർവം മറക്കുകയും ചെയ്യുന്നു. കൂടുതൽ തെളിവുകൾക്കുവേണ്ടി കാത്തിരിക്കുകയാണെന്നാണ് യൂറോപ്യൻ രാഷ്ട്രങ്ങളുടെ പ്രതികരണം. എന്നാൽ, സദ്ദാം ഹുസൈന്റെ ഇറാഖിനെ ആക്രമിക്കാൻ ഇവർക്ക് വസ്‌തുതയുമായി പുലബന്ധം പോലുമില്ലാത്ത ഒരു പ്രസ്‌താവനമാത്രം മതിയായിരുന്നു. ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട വെനസ്വേലയിലെ മഡുറോ സർക്കാരിനെ അട്ടിമറിക്കുമെന്ന് അമേരിക്ക ഇപ്പോഴും ഭീഷണി മുഴക്കുകയാണ്.  എന്നാൽ, മധ്യകാല രാജാക്കന്മാരെപോലെ എതിർക്കുന്നവരെ വെട്ടിനുറുക്കുന്ന സൗദിയിലെ രാജാവിനെ രൂക്ഷമായി വിമർശിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല.  സൗദിയുടെ പൂർണനിയന്ത്രണം കൈയിലുള്ള മുഹമ്മദ് ബിൻ സൽമാന് ഖഷോഗി വധത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്‌താവന. അപ്പോൾ സൗദിയെ പൂർണമായും നിയന്ത്രിക്കുന്ന അമേരിക്കയ‌്ക്ക് എങ്ങനെ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് ഒഴിഞ്ഞുനിൽക്കാനാകുമെന്ന ചോദ്യം സ്വാഭാവിമായും ഉയരുന്നു. അമേരിക്കയുടെ സഹായമില്ലാതെ സൗദിക്ക‌് ഖഷോഗിയെ വധിക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി പറഞ്ഞതിന്റെ പൊരുളും ഇതാണ്. സൗദി അറേബ്യയുടെ എണ്ണ മാത്രമല്ല, ആയുധ വ്യാപാരവും പാശ്ചാത്യരാഷ്ട്രങ്ങളെ നിശ്ശബ്‌ദതയ്‌ക്ക്‌ കാരണമാണ്.  110 ബില്യൺ ഡോളറിന്റെ ആയുധക്കരാറാണ് ട്രംപ് സൗദിയുമായി ഒപ്പുവച്ചിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 350 ബില്യൺ ഡോളറിന്റെ ആയുധ വ്യാപാരമാണ് അമേരിക്ക സൗദിയുമായി നടത്തുന്നത്. ബ്രിട്ടൻ 15 ബില്യൺ ഡോളറിന്റെ ആയുധക്കരാറിലാണ് സൗദിയുമായി ഏർപ്പെട്ടിട്ടുള്ളത്. ഫ്രാൻസിന്റെ ആയുധകയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്. സ്‌പെയിനും കോടിക്കണക്കിന് ഡോളറിന്റെ ആയുധവ്യാപാരമാണ് സൗദിയുമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവരാരും സൗദിക്കെതിരെ‌ ഒരു പരിധിക്കപ്പുറം നീങ്ങില്ലെന്നർഥം. തുർക്കി പ്രസിഡന്റ് എർദോഗനും സൗദിക്കെതിരെ നീങ്ങുന്നത് സുന്നിലോകത്തിന്റെ നായകസ്ഥാനം ലക്ഷ്യമിട്ടുകൊണ്ടുമാത്രമാണ്. അമേരിക്കയുമായും സൗദിയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഖഷോഗി വധത്തെ സമർഥമായി ഉപയോഗിക്കുകയാണ് തുർക്കി. സൗദിക്കെതിരെ നീങ്ങാൻ പാശ്ചാത്യലോകം വിസമ്മതിക്കുമ്പോഴും ലോകജനതയുടെ കണ്ണിൽ സൗദിയുടെ വിലയിടിഞ്ഞിരിക്കുന്നു.  Read on deshabhimani.com

Related News