ഐടി മേഖലയിലെ തൊഴില്‍ചൂഷണം അവസാനിപ്പിക്കണം



വിവരസാങ്കേതികവിദ്യയുടെ തൊഴില്‍വിപണിയില്‍ വസന്തകാലം അവസാനിക്കുന്നതിന്റെ സൂചന കണ്ടുതുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ടെങ്കിലും ആയിക്കാണും. എന്നാല്‍, മുമ്പില്ലാത്ത പ്രതിസന്ധിയും അങ്കലാപ്പുമാണ് ഇന്ന് ഈ മേഖലയെ ചൂഴ്ന്നുനില്‍ക്കുന്നത്. ലോകവ്യാപകമായിത്തന്നെ തുടരുന്ന തൊഴില്‍ശോഷണം ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടലിലേക്ക് നീങ്ങി. ഈ വര്‍ഷം ഇന്ത്യയില്‍ അരലക്ഷത്തിലേറെ ഐടി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തികമാന്ദ്യവും സോഫ്റ്റ്വെയര്‍ ഓട്ടോമേഷനും റോബോട്ടിക് സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗവുമാണ് ഐടി രംഗത്ത് തൊഴില്‍സേന പുറന്തള്ളപ്പെടുന്നതിന് കാരണമായി പറയുന്നത്. ഇത് രണ്ടുതരത്തിലാണ് പിരിച്ചുവിടലിന് കാരണമാകുന്നത്. യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതോടെ മനുഷ്യശേഷിയുടെ ആവശ്യം അടിക്കടി കുറഞ്ഞുവരുന്നു. രണ്ടാമത് നൂതന സാങ്കേതികവിദ്യയുടെ പ്രയോഗത്തിന് അനുഗുണമായ നവീന മനുഷ്യശേഷികൂടി ഉപയോഗിക്കുക. നേരെ പറഞ്ഞാല്‍, പത്തും പതിനഞ്ചും വര്‍ഷമായി തൊഴില്‍ ചെയ്യുന്നവരെ പറഞ്ഞുവിട്ട് പകരം പുതുതായി പഠിച്ചിറങ്ങുന്നവരെ വയ്ക്കുക. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഊര്‍ജ്വസ്വലമായ മനുഷ്യശേഷിയും. ഇതാണ് ആഗോള കോര്‍പറേറ്റ് ബുദ്ധിശാലകള്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം തൃപ്തികരമല്ലെന്നോ പ്രോജക്ടുകള്‍ പരിമിതമെന്നോ കാണിച്ച് നോട്ടീസ് ലഭിക്കുന്നവര്‍ക്ക്, ചുരുക്കം നാളുകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നോട്ടീസും കിട്ടുന്നു. ഒരു തൊഴില്‍നിയമവും ബാധകമല്ലെന്നതടക്കം ദീര്‍ഘമായ കരാറില്‍ ഒപ്പുവച്ചതിനാല്‍ നിസ്സഹായരായി പടിയിറങ്ങുകമാത്രമാണ് പോംവഴി. ഇന്ത്യയില്‍ ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, അമേരിക്ക കേന്ദ്രമായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ്, ഡിഎക്സ്സി ടെക്നോളജി, ഫ്രഞ്ച് കമ്പനിയായ ക്യാപ് ജെമിനി എസ്എ എന്നീ ഏഴു കമ്പനിയിലായി 12.4 ലക്ഷം ജീവനക്കാരുണ്ട്. ഇവരില്‍ 4.5 ശതമാനംപേരെ ഇക്കൊല്ലം പിരിച്ചുവിടാനാണ് പദ്ധതി. 15 വര്‍ഷംവരെ സര്‍വീസുള്ള പ്രൊഫഷണലുകളെ പിരിച്ചുവിടുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക കേട്ടാല്‍ മുക്കത്ത് വിരല്‍വയ്ക്കും. രണ്ടോ മൂന്നോ മാസത്തെ ശമ്പളമാണ് പരമാവധി നഷ്ടപരിഹാരം. അതുതന്നെ നല്‍കുന്നത് ചില കമ്പനികള്‍മാത്രം. പിരിച്ചുവിടുന്നതിന്റെ 40 ശതമാനമെങ്കിലും കുറച്ചാണ് പുതിയ റിക്രൂട്ട്മെന്റ്. ഐടി അനുബന്ധ മേഖലകളിലും പുതിയ തൊഴിലവസരങ്ങളില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. ഇന്ത്യയില്‍ ഐടി വ്യവസായത്തിന്റെ തകര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തിലുള്ളതാണെന്നാണ് സമീപകാല കണക്കുകള്‍ ഉദ്ധരിച്ച് കമ്പനി ഉടമകളുടെ സംഘടനാ നേതൃത്വം പറയുന്നത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ ഇടിവ് കൂട്ടപ്പിരിച്ചുവിടലിനോ കമ്പനി അടച്ചുപൂട്ടലിനോതന്നെ തങ്ങളെ നിര്‍ബന്ധിതരാക്കുന്നുവെന്നാണ് ദേശീയ വ്യാപാര സംഘടനയായ അസോചത്തിന്റെ കുമ്പസാരം. ഇന്ത്യയിലെ ഐടി ഹബ്ബുകളായി അറിയപ്പെടുന്ന ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, ബംഗളൂരു, പുണെ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിസന്ധിയുടെ വേരുകള്‍ പടര്‍ന്നുകഴിഞ്ഞു. രണ്ടാംനിര ഐടി ഹബ്ബുകളിലേക്കും ഇത് വ്യാപിക്കുന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍നിന്ന് വന്ന വാര്‍ത്ത. ഇന്‍ഫോപാര്‍ക്കിലെ അമേരിക്കന്‍ കമ്പനിയായ സെറോക്സിന്റെ സഹസ്ഥാപനമായ കോണ്ടുവെന്റ് കമ്പനി 30 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. ഇന്‍ഫോപാര്‍ക്കില്‍ വിവിധ കമ്പനികളില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 500 കടന്നു. ടിസിഎസ് മാത്രം 200 പേരെ പിരിച്ചുവിട്ടു. രണ്ടുമാസത്തെ ശമ്പളമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി വച്ചുനീട്ടുന്നത്. ജോലി ഉപേക്ഷിക്കാന്‍ രണ്ടുമാസംമുമ്പ് കമ്പനിക്ക് നോട്ടീസ് നല്‍കണമെന്ന നിബന്ധനയില്‍ ഒപ്പുവയ്പിച്ചവരാണ്, മുന്നറിയിപ്പില്ലാതെ ഒരു ദിവസം രാവിലെ എച്ച്ആര്‍ റൂമില്‍ വിളിച്ചുവരുത്തി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. കംപ്യൂട്ടറുകളില്‍ ലോഗിന്‍ ചെയ്യാന്‍പോലും സാധിക്കാതെ തൊട്ടടുത്ത നിമിഷം ഇവര്‍ കമ്പനിക്ക് പുറത്തായി. 12 വര്‍ഷം സര്‍വീസുള്ളവര്‍വരെ കൂട്ടത്തിലുണ്ട്. നാടുംവീടും ഉപേക്ഷിച്ച് ആരോഗ്യവും കുടുംബജീവിതവും അവഗണിച്ച് യൌവനകാലം ജോലിക്കായി സമര്‍പ്പിച്ചവരാണ് ഇത്തരത്തില്‍ കറിവേപ്പിലയാകുന്നത്. ഐടി രംഗത്ത് നിലനില്‍ക്കുന്ന ഈ മനുഷ്യത്വരഹിതമായ തൊഴില്‍സംസ്കാരം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു. വിവരസാങ്കേതികവിദ്യയിലും അനുബന്ധ മേഖലകളിലും വിപുലമായ തൊഴില്‍സാധ്യതയില്‍ വിശ്വാസമര്‍പ്പിച്ച് ലക്ഷക്കണക്കിന് കുട്ടികളാണ് ഇപ്പോഴും എന്‍ജിനിയറിങ് പഠനത്തിന് മുന്നിട്ടിറങ്ങുന്നത്. ഈ തൊഴില്‍സേനയെ ചൂഷണം ചെയ്യാനുള്ള കോര്‍പറേറ്റുബുദ്ധിക്ക് കൂച്ചുവിലങ്ങിടേണ്ടത് ജനാധിപത്യഭരണത്തിന്റെ ചുമതലയാണ്. വിദേശകമ്പനികളുടെ വരവിനും പുറംരാജ്യങ്ങളില്‍നിന്നുള്ള പ്രോജക്ടുകള്‍ക്കും തടസ്സമാകുമെന്ന് പറഞ്ഞ് ഐടിമേഖലയില്‍ ട്രേഡ് യൂണിയനുകള്‍ പാടില്ലെന്ന് വാദിച്ചവര്‍ ഇനിയെങ്കിലും അപകടം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. എല്ലാ തൊഴിലിടങ്ങളിലുമെന്നപോലെ വിവരസാങ്കേതികമേഖലയിലും വ്യവസ്ഥാപിതവും കര്‍ശനവുമായ തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. തങ്ങളുടെ തൊഴിലും വേതനവും സര്‍വീസ് ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സംഘടനയുണ്ടാക്കി പോരാടണമെന്ന ബോധത്തിലേക്ക് ഉണരാന്‍ ഐടിയില്‍ തൊഴിലെടുക്കുന്നവര്‍ ഒന്നടങ്കം തയ്യാറാകണം. ഈ ദിശയിലുള്ള മാറ്റം ഐടി പ്രൊഫഷനുകളില്‍ ദൃശ്യമാണെന്നത് സ്വാഗതാര്‍ഹമാണ്. തൊഴില്‍ചൂഷണത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരായ ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ സംഘടിത തൊഴിലാളിവര്‍ഗം അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പിക്കാം   Read on deshabhimani.com

Related News