ചാരക്കേസും കോൺഗ്രസും



രണ്ട് പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് വീണ്ടും സജീവ ചർച്ചാവിഷയമാകുകയാണ്. വസ‌്തുതകളുടെ പിൻബലമില്ലാതെ ഐബിയും കേരള പൊലീസും കെട്ടിപ്പൊക്കിയ കേസിനെക്കുറിച്ച് അന്വേഷണം നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. മുൻ ജഡ‌്ജിയെത്തന്നെ ഈ അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തേക്കാളും തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ട പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്ന നമ്പി നാരായണന്റെ ആവശ്യം പരിഗണിച്ചാണ‌് സുപ്രീംകോടതിയുടെ ഈ നടപടി.  ഇതിനർഥം ചാരക്കേസ് അവസാനിച്ചിട്ടില്ല എന്നാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചാരക്കേസ് ചുമത്തിയതിനുപിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാകും. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി അധികാരത്തിൽനിന്ന‌് പുറത്താക്കുന്നത് കോൺഗ്രസിലെ എ വിഭാഗം ഉയർത്തിയ കലാപത്തെ തുടർന്നായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും കരുണാകരനെ നീക്കുന്നതിൽ പ്രധാന പങ്കുണ്ടായിരുന്നു. തന്നെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന‌് ഇറക്കാനായി പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളെ ചതിയന്മാരെന്നാണ് കരുണാകരൻ വിശേഷിപ്പിച്ചത‌്. ചതിയന്മാരിൽ അഞ്ചുപേരുണ്ടെന്ന‌് പത്മജ വേണുഗോപാലും വെളിപ്പെടുത്തി. ഇവരാരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. അന്വേഷണസംഘത്തോട് ഈ പേരുകൾ വെളിപ്പെടുത്തുമെന്നും പത്മജ വേണുഗോപാൽ അറിയിച്ചിട്ടുണ്ട്.  ഇതെല്ലാം വിരൽചൂണ്ടുന്നത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ പടലപ്പിണക്കങ്ങൾക്കും പൊട്ടിത്തെറികൾക്കും  ഈ അന്വേഷണം വഴിവയ‌്ക്കുമെന്നാണ്.  ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പ്രത്യേകിച്ചും. കരുണാകരനെ മാറ്റി മുഖ്യമന്ത്രിയായ എ കെ ആന്റണിയും ആന്റണിക്ക് പൂർണ പിന്തുണ നൽകിയിരുന്ന ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും അന്ന‌് എന്താണ് നടന്നതെന്ന് വ്യക്തമാക്കേണ്ടിവരും. അതിനുള്ള സത്യസന്ധതയെങ്കിലും അവർ കാട്ടുമോ? Read on deshabhimani.com

Related News