പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ



പശ്ചിമേഷ്യയുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതിക്കൊണ്ട്‌ ഇറാനും സൗദി അറേബ്യയും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനമായി. രണ്ടു മാസത്തിനകം ഇരു രാജ്യവും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ തുറക്കാനുമാണ്‌ ധാരണയായിട്ടുള്ളത്‌. ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ച ഇരു രാഷ്ട്രവും കൈകോർക്കാൻ തീരുമാനിച്ചത്‌ മേഖലയിലെ സംഘർഷാന്തരീക്ഷം ലഘൂകരിക്കാൻ സഹായിക്കും. അതോടൊപ്പം മേഖലയ്‌ക്ക്‌ സുസ്ഥിരതയും സമാധാനവും നൽകാനും ഈ തീരുമാനം സഹായിക്കും. തർക്കങ്ങൾ പരിഹരിച്ച്‌ നല്ല അയൽപക്കക്കാരായി ജീവിക്കാനുള്ള സൗദിയുടെയും ഇറാന്റെയും തീരുമാനത്തെ ലോകരാഷ്ട്രങ്ങൾ പൊതുവേ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. മേഖലയിലെ പ്രധാന രാഷ്ട്രങ്ങളായ ഖത്തർ, യുഎഇ, ഒമാൻ, ലബനൻ, ബഹ്‌റൈൻ തുടങ്ങിയ എല്ലാ രാഷ്ട്രവും സൗദി–- ഇറാൻ ധാരണയെ സ്വാഗതം ചെയ്‌തതിൽനിന്നും ഇതാണ്‌ വ്യക്തമാകുന്നത്‌. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ  അന്റോണിയോ ഗുട്ടെറസ്‌ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന്‌ ചൈന നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കുകയുണ്ടായി. ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ ഈമാസം ആറുമുതൽ 10 വരെ നടന്ന ചർച്ചയിലാണ്‌ ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്‌. മേഖലയിൽ അമേരിക്കയ്‌ക്ക്‌ ഉണ്ടായിരുന്ന അപ്രമാദിത്വത്തിന്‌ ഇടിച്ചിൽ തട്ടുകയാണെന്നും മേഖലയിലെ പ്രധാന ശക്തിയായി ചൈന മാറുകയാണെന്നുമുള്ള വ്യാഖ്യാനങ്ങളും ഉയരുകയാണ്‌ ഇപ്പോൾ. ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടും യുദ്ധം നടത്തിയും അട്ടിമറി സംഘടിപ്പിച്ചും മേഖലയിൽ സ്വാധീനമുറപ്പിച്ച അമേരിക്കയുടെ രീതിയിൽനിന്നും വ്യത്യസ്‌തമായി രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണവും സമാധാനവും സ്ഥാപിക്കുകയാണ്‌ ചൈനയുടെ നയതന്ത്രരീതിയെന്ന്‌ ഉദ്‌ഘോഷിക്കുന്നതുകൂടിയാണ്‌ ഈ ചരിത്രപരമായ ധാരണ. ഇരു രാഷ്ട്രത്തിനും വിശ്വസിക്കാൻ പറ്റുന്ന സുഹൃദ്‌രാഷ്ട്രമെന്ന നിലയിൽ ചൈന ഇനിയും ക്രിയാത്മകമായി പ്രവർത്തിക്കുമെന്ന ചൈനീസ്‌ വിദേശമന്ത്രാലയ ഡയറക്ടർ വാങ് യിയുടെ പ്രസ്‌താവന മേഖലയിൽ തുടർന്നും സജീവമായി പ്രവർത്തിക്കുമെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌. ഏഴുവർഷംമുമ്പാണ്‌ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളായത്‌. ഒരു ഷിയാ പുരോഹിതനെ സൗദി തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച്‌  ഇറാനിലെ സൗദി എംബസിക്കുനേരെ നടന്ന ആക്രമണമാണ്‌ ഇതിനു കാരണം. ഒമാന്റെയും ഇറാഖിന്റെയും ചൈനയുടെയും നേതൃത്വത്തിലാണ്‌ ഈ വഷളായ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്‌.  കഴിഞ്ഞവർഷം ഡിസംബറിൽ സൗദി അറേബ്യ സന്ദർശിച്ച ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻ പിങ് ചൈന–-അറബ്‌രാഷ്ട്ര ഉച്ചകോടിയിലും ചൈന–- ജിസിസി ഉച്ചകോടിയിലും പങ്കെടുത്തു. ഇതിന്റെ തുടർച്ചയെന്നോണം ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റൈസി കഴിഞ്ഞമാസം ബീജിങ്ങും സന്ദർശിച്ചു. ഇതിനുശേഷമാണ്‌ ബീജിങ്ങിൽ ചർച്ച നടന്നതും ഇരു രാജ്യവും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതും. ഗൾഫിൽ ഇറാനെ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കൻ നയതന്ത്രമാണ്‌ ഇതോടെ ദയനീയമായി പരാജയപ്പെടുന്നത്‌. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത്‌ ഇറാനുമായി ഒപ്പുവച്ച ആണവകരാറിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയതിനെത്തുടർന്ന്‌ ഇറാനെ ഒറ്റപ്പെടുത്താനാണ്‌ അമേരിക്ക ശ്രമിച്ചത്‌. എന്നാൽ, ചൈനയും റഷ്യയും ഇറാനുമായി സഹകരിക്കാൻ തയ്യാറായതോടെ അമേരിക്കൻ നയതന്ത്രം പാളി. മാത്രമല്ല, സൗദിയുമായുള്ള ബന്ധത്തിലും വിള്ളൽവീണു. ഉക്രയ്‌ൻ യുദ്ധത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയ്ക്കെതിരെ ചൈനയും  ഇറാനും റഷ്യക്കൊപ്പമാണ്‌ നിലയുറപ്പിച്ചത്‌. ഒരുവർഷമായി തുടരുന്ന ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു പകരം കീവിന്‌ വൻതോതിൽ ആയുധം നൽകി യുദ്ധം തുടരാനാണ്‌ അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്‌. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്‌തമായി ഗൾഫ്‌ മേഖലയിൽ ബദ്ധവൈരികളെ സമാധാനത്തിന്റെ പാതയിലേക്ക്‌ നയിക്കാനാണ്‌ ചൈന നേതൃത്വം നൽകുന്നത്‌. യമൻ യുദ്ധത്തിൽ ഇരുചേരിയിലായി നിൽക്കുന്ന സൗദിയെയും ഇറാനെയും സമാധാനത്തിന്റെ പാതയിലേക്ക്‌ നയിക്കാൻ ചൈനയുടെ നയതന്ത്രം സഹായിക്കുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌. ഏതായാലും സംഘർഷങ്ങൾ നിറഞ്ഞ ഗൾഫിൽ സമാധാനപ്രതീക്ഷ ഉണർത്തുന്ന നയതന്ത്ര നീക്കങ്ങൾക്കാണ്‌ ചൈന തുടക്കംകുറിച്ചിട്ടുള്ളത്‌. Read on deshabhimani.com

Related News