സ്വാതന്ത്ര്യം 
അർഥപൂർണമാക്കാൻ



ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‌ ഇന്ന്‌ 75 വയസ്സ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു കീഴിൽ ഞെരിഞ്ഞമർന്ന ജനത ഉയിർത്തെഴുന്നേറ്റതിന്റെ ഓർമദിനം. ലോകം കണ്ട ഇതിഹാസ സമാനമായ കോളനിവിരുദ്ധ പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. നിരവധി ധീര ദേശാഭിമാനികളുടെ രക്തവും ജീവനും നൽകി നേടിയതാണ്‌ സ്വാതന്ത്ര്യം. ഏകമാന പാതയിലൂടെയായിരുന്നില്ല ആ പോരാട്ടം മുന്നേറിയത്‌. വ്യത്യസ്‌ത ധാരകളിലൂടെ സഞ്ചരിച്ചാണ്‌ നാം സ്വാതന്ത്ര്യത്തിലേക്ക്‌ നടന്നുകയറിയത്‌. 75 വർഷം ഒരു ചെറിയ കാലയളവല്ല. സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്‌നം കണ്ട ഇന്ത്യ യാഥാർഥ്യമായോ എന്ന വിലയിരുത്തലിന്‌ ഉചിതമായ സമയം തന്നെയാണ്‌ ഇത്‌. രാജ്യം എവിടെവരെയെത്തി, എങ്ങോട്ടാണ്‌ നീങ്ങുന്നതെന്ന പരിശോധനയ്‌ക്കുള്ള സമയമാണ്‌ ഇത്‌. ബ്രിട്ടീഷുകാരിൽനിന്ന്‌ ഇന്ത്യ സ്വതന്ത്രമായപ്പോൾ ദാരിദ്ര്യമില്ലാത്ത, നിരക്ഷരതയില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പുവരുത്തുന്ന പുരോഗമന ജനാധിപത്യ ഇന്ത്യയാണ്‌ സ്വപ്‌നം കണ്ടിരുന്നത്‌. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ശരിയായി വിലയിരുത്തിയതുപോലെ ‘ജനങ്ങൾക്ക്‌ എന്ത്‌ നല്ല കാര്യങ്ങളാണ്‌ ലഭിച്ചത്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സ്വതന്ത്ര ഇന്ത്യയെ വിലയിരുത്തേണ്ടത്‌. ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാർക്ക്‌ എന്തു നേടാനായി. അവർ പുരോഗതി കൈവരിച്ചോ? ’എന്നീ ചോദ്യങ്ങളാണ്‌ ഉയർത്തേണ്ടത്‌. 1950ൽ പുതിയ ഭരണഘടന അംഗീകരിച്ചുകൊണ്ട്‌ രാജ്യം പാർലമെന്ററി ജനാധിപത്യത്തിലേക്ക്‌ വളർന്നെങ്കിലും ഭൂപരിഷ്‌കരണം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ട്‌ സാമൂഹ്യ–-സാമ്പത്തിക നീതി ഉറപ്പാക്കാൻ കഴിഞ്ഞുവോ എന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്‌. സ്വതന്ത്ര ഇന്ത്യ മുതലാളിത്ത വികസനപാത സ്വീകരിച്ചതുകൊണ്ടുതന്നെ കുത്തകകൾ തടിച്ചുകൊഴുക്കുകയും അസമത്വം കൊടികുത്തി വാഴുകയും ചെയ്‌തു. 1991ൽ നവ ഉദാരവൽക്കരണ നയംകൂടി സ്വീകരിക്കപ്പെട്ടതോടെ പണക്കാർ കൂടുതൽ പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്ന പ്രക്രിയക്ക്‌ വേഗം വർധിച്ചു. അന്താരാഷ്ട്ര മൂലധനശക്തികൾക്കും വൻകിട ബൂർഷ്വാസിക്കുമാണ്‌ കൂടുതൽ അഭിവൃദ്ധിയുണ്ടായത്‌. എട്ടു വർഷംമുമ്പ്‌ മോദിസർക്കാർ അധികാരമേറിയതോടെ നവ ഉദാരവൽക്കരണ നയത്തിന്‌ ആക്കംകൂടിയെന്ന്‌ മാത്രമല്ല, ശതകോടീശ്വരന്മാരുടെ എണ്ണം (2011 ൽ) 55 ആയിരുന്നത്‌ 140 ആയി (2021ൽ) വർധിക്കുകയും ചെയ്‌തു. ഇന്ത്യൻ ജിഡിപിയുടെ 19.6 ശതമാനവും ഇവർ വാരിക്കൂട്ടിയ സമ്പാദ്യമാണ്‌. എണ്ണമറ്റ സമരങ്ങളിലൂടെ, പാർലമെന്ററി ജനാധിപത്യത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌ ജനങ്ങൾ നേടിയെടുത്ത പൊതുവിതരണ സമ്പ്രദായം ഉൾപ്പെടെയുള്ള ക്ഷേമാശ്വാസ നടപടികൾ പോലും ഒന്നൊന്നായി ഇല്ലാതാകുന്നതാണ്‌ ഇപ്പോൾ ദൃശ്യമാകുന്നത്‌. ഇതിന്റെ ഫലമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ്‌ 35.5 ശതമാനമെന്ന ഉയർന്ന നിരക്കിലാണുള്ളത്‌. ലോകത്ത്‌ വിളർച്ച ബാധിച്ച സ്‌ത്രീകളും കുട്ടികളും ഏറെയുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്‌. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യം ഏറെ പിറകിലാണ്‌. സ്വാതന്ത്ര്യംനേടി മുക്കാൽ നൂറ്റാണ്ട്‌ പൂർത്തിയാകുമ്പോഴും പൊതുജനാരോഗ്യത്തിന്‌ നീക്കിവയ്‌ക്കുന്നത്‌ ജിഡിപിയുടെ ഒരു ശതമാനം തുക മാത്രമാണ്‌. ലോകത്ത്‌ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന്‌ അഭിമാനിക്കുമ്പോഴും മനുഷ്യവികസന സൂചികയിൽ 131 –-ാം (188 രാജ്യത്തിൽ) സ്ഥാനത്താണ്‌ ഇന്ത്യ. തെരഞ്ഞെടുപ്പ്‌ ജനാധിപത്യംപോലും മോദി ഭരണത്തിൽ അട്ടിമറിക്കപ്പെടുകയാണ്‌. ഹിന്ദുത്വ–-കോർപറേറ്റ്‌ സഖ്യത്തിനു കീഴിൽ രാഷ്ട്രീയ സംവിധാനം അപ്പാടെ പണച്ചാക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇലക്ടറൽ ബോണ്ട്‌ ഒരുദാഹരണം മാത്രം. പ്രതിപക്ഷമുക്ത ഭാരതം എന്നതായിരിക്കുന്നു ഹിന്ദുത്വ–-കോർപറേറ്റ്‌ അജൻഡ. പ്രതിപക്ഷത്തെ അടിച്ചമർത്താൻ യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും വിനീതവിധേയരാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്‌ത്രം രാഷ്ട്രത്തിന്റെ പ്രത്യയശാസ്‌ത്രമായി അടിച്ചേൽപ്പിക്കപ്പെട്ടതോടെ സ്വാതന്ത്ര്യസമരകാലത്ത്‌ രൂപപ്പെട്ട മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും പിച്ചിച്ചീന്തപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യൻ ജനങ്ങളുടെ യോജിച്ച സമരത്തെ തുരങ്കംവയ്‌ക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ്‌ ഇന്ന്‌ രാജ്യഭരണം കൈയാളുന്ന ആർഎസ്‌എസ്‌–-ബിജെപി പ്രഭൃതികൾ. സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച എല്ലാ ആശയത്തെയും മൂല്യബോധത്തെയും തകർത്തെറിഞ്ഞുകൊണ്ടാണ്‌ മോദി ഭരണം മുന്നേറുന്നത്‌. മോദിയുടെ പുതിയ ഇന്ത്യയിൽ ജനാധിപത്യം സ്വേച്ഛാധിപത്യമായും മതനിരപേക്ഷത ഭൂരിപക്ഷ മതവാദമായും രൂപാന്തരം സംഭവിച്ചിരിക്കുകയാണ്‌. ഒരു രാഷ്ട്രം ഒരു നേതാവ്‌, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ഫാസിസ്റ്റ്‌ മുദ്രാവാക്യം ഉയർത്തിയാണ്‌ സ്വാതന്ത്ര്യാനന്തര സമൂഹത്തെ മോദി ഭരണം ബുൾഡോസ്‌ ചെയ്യുന്നത്‌. അതിനാൽ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും വിശ്വാസമർപ്പിക്കുന്ന എല്ലാ സംഘടനയും വ്യക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ഹിന്ദുത്വ–-കോർപറേറ്റ്‌ സഖ്യത്തിനെതിരെ അണിനിരക്കാൻ മുന്നോട്ടുവരണം. എങ്കിൽ മാത്രമേ സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച വിമോചന സ്വപ്നങ്ങൾ യാഥാർഥ്യമക്കാൻ കഴിയൂ.   Read on deshabhimani.com

Related News