ചർച്ചകളിലൂടെ തർക്കം പരിഹരിക്കണം



കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നേർക്കുനേർ വരികയും ഒരു ആർമി കമാൻഡിങ് ഓഫീസറും നിരവധി സൈനികരും വീരമൃത്യു വരിക്കുകയും ചെയ്‌തിരിക്കുന്നു. അത്യന്തം ആശങ്കയും ഭീതിയും ഉണർത്തുന്ന വാർത്തയാണ്‌ ഇത്‌. അയൽരാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലേക്ക്‌‌ നീങ്ങുന്നത്‌ എന്തുവില കൊടുത്തും തടയേണ്ടതായിരുന്നു. മെയ്‌ ആദ്യവാരം മുതലാണ്‌ ഇന്ത്യ–-ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സൈനികനീക്കം ശക്തമായത്‌. ലഡാക്കിലെ പാംഗോങ്‌ തടാകം, ഗാൽവാൻ താഴ്‌വര, ഹോട്ട്‌ സ്‌പ്രിങ്–-ഗോഗ്ര മേഖല, സിക്കിമിലെ നാക്കു ലാ എന്നീ പ്രദേശങ്ങളിലാണ്‌ സൈനികനീക്കം നടക്കുന്നതെന്നാണ്‌ റിപ്പോർട്ട്‌. ഹിമാലയൻ അതിർത്തിയിൽ ഇരുരാജ്യവും സൈനികരെ മുഖാമുഖം നിർത്തുന്നത്‌ സ്വാഭാവികമായും വലിയ സംഘർഷത്തിലേക്ക്‌ പോകാനുള്ള സാധ്യതയുണ്ടായിരുന്നു. അത്‌ തടയാൻ സൈനികവും നയതന്ത്രപരവുമായ ശ്രമങ്ങൾ നടക്കുകയും അതിൽ പുരോഗതി കൈവരിക്കുകയും ചെയ്‌തിരുന്നു. ലെഫ്‌റ്റനന്റ്‌ തലംമുതൽ ബ്രിഗേഡിയർ തലംവരെ ചർച്ച നടക്കുകയും സൈനികരെ പിൻവലിക്കാൻ ജൂൺ ഒമ്പതിനു ധാരണയാകുകയും ചെയ്‌തിരുന്നു. ആശ്വാസത്തോടെയാണ്‌‌ ഈ വാർത്ത ഇരുരാഷ്ട്രത്തിലെയും ജനങ്ങൾ ശ്രവിച്ചത്‌. സൈനിക പിന്മാറ്റത്തിന്‌ ധാരണയായതായും എല്ലാം നിയന്ത്രണവിധേയമായെന്നും സൈനികമേധാവി എം എം നരവാനെ അറിയിക്കുകയും ചെയ്‌തു. എന്നാൽ, സൈനിക പിന്മാറ്റമെന്നത്‌ ഔദ്യോഗികമായ പല്ലവി മാത്രമാണെന്നും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ലെന്നും തിങ്കളാഴ്‌ച രാത്രിയിലെ ഏറ്റുമുട്ടൽ വ്യക്തമാക്കുന്നു.   കോവിഡ്‌ മഹാമാരി രാജ്യമാകെ പടർന്നുപിടിക്കുമ്പോൾ തന്നെയാണ്‌ അതിർത്തികൾ അശാന്തമാകുന്നത്‌.  പാകിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടലും ഷെൽ വർഷവും സാധാരണമാണ്‌. അതിർത്തി കടന്നുള്ള ഭീകരാക്രമണവും നടക്കാറുണ്ട്‌. എന്നാൽ, എന്നും ശാന്തമായിരുന്ന നേപ്പാൾ അതിർത്തിയും ഇപ്പോൾ സംഘർഷഭരിതമാണ്‌. നേപ്പാളുമായുള്ള അതിർത്തിത്തർക്കവും മൂർച്ഛിക്കുകയാണ്‌. അതിനിടെയാണ്‌ ചൈനീസ്‌ അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായതും നിരവധി സൈനികരുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതും. 1975നു ശേഷം ആദ്യമായാണ്‌ ഇത്തരമൊരു സംഭവം എൽഎസിയിൽ നടക്കുന്നത്‌. എന്നാൽ, വെടിവയ്‌പിൽ അല്ല മരണം സംഭവിച്ചതെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ചൈനയുടെയും സൈനികർ കൊല്ലപ്പെട്ടെന്ന വാർത്തയും പരക്കുന്നുണ്ട്‌.  ഇന്ത്യയാണ്‌ അനധികൃതമായി ചൈനീസ്‌ അതിർത്തിയിൽ പ്രവേശിച്ചതെന്നാണ്‌ ചൈനയുടെ ഭാഷ്യം. എന്നാൽ, ഇത്‌ തെറ്റാണെന്നും നേർവിപരീതമാണ്‌ സംഭവിച്ചതെന്നുമാണ്‌ ഇന്ത്യൻ വിദേശമന്ത്രാലത്തിന്റെ വിശദീകരണം. വസ്‌തുതകൾ ജനങ്ങളെ അറിയിക്കാനും വിശ്വാസത്തിലെടുക്കാനുമുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്‌. അത്‌ നിർവഹിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നിലവിലെ ലോക സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നത്‌ ആശാസ്യമല്ല. അതിനു പരിഹാരം കാണാനുള്ള ആർജവവും ക്ഷമയും ഇരുരാഷ്ട്രത്തിന്റെയും രാഷ്ട്രീയനേതൃത്വം കാണിക്കണം. യഥാർഥ നിയന്ത്രണരേഖയെന്നു പറയുന്നത്‌ വ്യക്തമായി അടയാളപ്പെടുത്തിയ അതിർത്തിയല്ല. അതിനാൽ എൽഎസിയിൽ ഉണ്ടാകുന്ന സംഘർഷം ഇതാദ്യമല്ല, അവസാനത്തേതുമായിരിക്കില്ല. അതുകൊണ്ടുതന്നെ സംയമനത്തോടെ ഈ വിഷയത്തെ സമീപിക്കാനും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വതപരിഹാരം കാണാനുള്ള ശ്രമങ്ങളുമുണ്ടാകണം. നേരത്തെ ആരംഭിച്ച പരസ്‌പരവിശ്വാസം വളർത്താനുള്ള ചർച്ചകളും  പ്രത്യേക പ്രതിനിധിതലത്തിലുള്ള സംഭാഷണങ്ങളും പുനരാരംഭിക്കാൻ ഇരുരാഷ്ട്രവും തയ്യാറാകണം. 1962 ആവർത്തിച്ചൂകൂടാ. Read on deshabhimani.com

Related News