ഐഎസിന്റെ ഹില്ല ആക്രമണം



ഇറാഖിലെ ബാബിലോണ്‍ പ്രവിശ്യാ തലസ്ഥാനമായ ഹില്ലയില്‍ ഇസ്ളാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറുപേര്‍ കൊല്ലപ്പെട്ടു. ഷിയാകള്‍ വന്‍തോതില്‍ കര്‍ബലയിലേക്ക് തീര്‍ഥാടനം നടത്തുന്ന വേളയിലാണ് നജഫിനും കര്‍ബലയ്ക്കും ഇടയിലുള്ള യൂഫ്രട്ടീസ് നദീതീരനഗരമായ ഹില്ലയില്‍ ഐഎസ് ആക്രമണം നടന്നത്. ഇറാഖില്‍ തലസ്ഥാനമായ ബാഗ്ദാദ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരമായ മൊസൂള്‍ ഐഎസിന്റെ കൈയില്‍നിന്ന് തിരിച്ചുപിടിക്കാനായി ഇറാഖി ഗവണ്‍മെന്റ് സേനയും ഇറാന്‍ പിന്തുണയുള്ള ഷിയാ സൈന്യവും കുര്‍ദിഷ് സേനയും നടത്തുന്ന നീക്കം ഒച്ചിഴയുന്ന വേഗത്തില്‍ പുരോഗമിക്കവെയാണ് ഹില്ല ആക്രമണം നടന്നത്. സഖ്യസേനയ്ക്ക് ഐഎസിനുമേലുള്ള വിജയം എളുപ്പമാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ ആക്രമണം നല്‍കുന്നത്. രണ്ടുവര്‍ഷംമുമ്പ് ജൂണിലാണ് മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചെടുക്കുന്നത്. പത്തുലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ഭൂരിപക്ഷവും സുന്നികളാണെന്നത് ഐഎസിന്റെ വിജയത്തിന് വേഗംപകര്‍ന്നു. റമാദി, ഫലൂജ എന്നീ നഗരങ്ങള്‍ ഐഎസില്‍നിന്ന് തിരിച്ചുപിടിച്ച ഇറാഖി സേന, ഒന്നരമാസംമുമ്പാണ് മൊസൂള്‍ നഗരം പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ പിന്തുണയോടെയാണ് ഹൈദര്‍-അല്‍-അബാദി സര്‍ക്കാരിന്റെ സേന മൊസൂളിലേക്ക് നീങ്ങിയത്. ആദ്യ രണ്ടാഴ്ച വന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഐഎസിന്റെ കടുത്ത ചെറുത്തുനില്‍പ്പ് കാരണം ഇറാഖി സേനയുടെ മുന്നേറ്റം തടയപ്പെട്ടു. അമേരിക്കന്‍ വ്യോമസേനയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പിന്തുണ ഇറാഖി സൈന്യത്തിനുണ്ടായിരുന്നു. കുര്‍ദിഷ് പെഷ്മെര്‍ഗ സേനയുടെയും ഇറാന്‍ പിന്തുണയുള്ള ഷിയാ സേനയുടെയും അല്‍ ഹഷ്ദ് അല്‍ ഷാബി (പിഎംഎഫ്)ന്റെയും പിന്തുണയും ഇറാഖി സൈന്യത്തിന് ലഭിച്ചു. എന്നിട്ടും മൊസൂള്‍ നഗരം പിടിക്കാന്‍ അവര്‍ക്കായില്ല. ഐഎസ് വിരുദ്ധ സഖ്യത്തിന്റെ ദൌര്‍ബല്യങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സിറിയയിലെ അലപ്പോയില്‍ റഷ്യന്‍ സേന നടത്തുന്നതുപോലുള്ള കനത്ത ബോംബാക്രമണം മൊസൂളില്‍ നടത്താനാകില്ലെന്നതാണ് പ്രധാന പ്രശ്നം. സുന്നികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ ഷിയാകള്‍ നേതൃത്വം നല്‍കുന്ന ഇറാഖി ഗവണ്‍മെന്റ്  സേന തുറന്ന ആക്രമണം നടത്തിയാല്‍ മരണസംഖ്യ വന്‍തോതില്‍ വര്‍ധിക്കും. സ്വാഭാവികമായും ഷിയ- സുന്നി തര്‍ക്കമായി ഇതിനെ പര്‍വതീകരിച്ച് മൊസൂളിലെ സുന്നിജനതയുടെ പിന്തുണ നേടാന്‍ ഐഎസിന് കഴിയും. ഇതിനാലാണ് ഇറാന്‍ പിന്തുണയുള്ള പിഎംഎഫിനോട് മുന്നേറ്റനിരയില്‍ അണിനിരക്കരുതെന്ന് ഇറാഖി ഗവണ്‍മെന്റ് പറയുന്നത്. സിറിയ വഴി ഐഎസിന് ലഭിക്കുന്ന സഹായം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനമാണ് പ്രധാനമായും പിഎംഎഫിനെ ഏല്‍പ്പിച്ചിട്ടുള്ളത്. മൊസൂളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഷിയാ സേനയായ പിഎംഎഫ് നിലയുറപ്പിച്ചിട്ടുള്ളത്. കിഴക്കന്‍ അതിര്‍ത്തിയില്‍ ഇറാഖി സേനയും പെഷ്മര്‍ഗയും. ഒന്നരമാസക്കാലത്തെ യുദ്ധം തെളിയിക്കുന്നത് ഷിയാ സേന മുന്‍നിരയിലില്ലെങ്കില്‍ ഇറാഖി സേനയുടെ പോരാട്ടവീറ് കുറയുന്നുവെന്നതാണ്. ഷിയാ സേനയെ മുന്നണിയില്‍ നിര്‍ത്തിയാല്‍ വിഭാഗീയ കാര്‍ഡിറക്കി ഐഎസ് മുതലെടുക്കുകയും ചെയ്യും. ഇതുകൊണ്ട് മൊസൂളിലേക്കുള്ള മുന്നേറ്റത്തിന് വേഗം കുറയ്ക്കാന്‍ ഇറാഖി സേന നിര്‍ബന്ധിതമായിരിക്കുകയാണ്. ഐഎസിനെ പരാജയപ്പെടുത്തിയതിനുശേഷമുള്ള മൊസൂളിനെക്കുറിച്ചും ഇറാഖിനെക്കുറിച്ചും സഖ്യസേനയിലെ അംഗങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. പെഷ്മര്‍ഗ സേനയുടെ ലക്ഷ്യം വിപുലീകരിക്കപ്പെട്ട കുര്‍ദിസ്ഥാനാണ്. എര്‍ബില്‍ നഗരം കേന്ദ്രമാക്കിയുള്ള കുര്‍ദിഷ് പ്രാദേശിക സര്‍ക്കാര്‍ ഇതിനകംതന്നെ കുര്‍ദിസ്ഥാന്റെ ഭാഗമല്ലാത്ത പ്രദേശങ്ങളും കീഴടക്കിയിട്ടുണ്ട്. അതിനാല്‍ മൊസൂള്‍ ഐഎസില്‍നിന്ന് മോചിപ്പിച്ചാലുടന്‍ പെഷ്മര്‍ഗ സേന പിന്മാറണമെന്നാണ് ഇറാഖ് ഗവണ്‍മെന്റിന്റെ ആവശ്യം. എന്നാല്‍, മൊസൂളിന്റെ പതനത്തില്‍ പെഷ്മര്‍ഗയ്ക്ക് കാര്യമായ പങ്കാളിത്തമുണ്ടാകുമെന്ന കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രി നെച്ചിര്‍ബാന്‍ ബറസാനിയുടെ പ്രസ്താവന അവര്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നു. അതുകൊണ്ട് ഐഎസ് വിരുദ്ധ നീക്കത്തിന്റെ നായകത്വം ഷിയാ സേനയ്ക്കോ കുര്‍ദിഷ് സേനയ്ക്കോ നല്‍കാതെ ഇറാഖി സേനതന്നെ സ്വയം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഈവര്‍ഷം അവസാനമോടെ മൊസൂള്‍ മോചിപ്പിക്കുകയെന്ന ഹൈദര്‍-അല്‍-അബാദിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന് കരുതാനാകില്ല. മൊസൂളിനെ രണ്ടായി വിഭജിക്കുന്ന ടൈഗ്രിസ് നദിയുടെ കിഴക്കന്‍ മേഖലയില്‍പ്പോലും എത്താന്‍ ഇറാഖിസേനയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇനിയും മാസങ്ങള്‍തന്നെ വേണ്ടിവരും. മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ഇറാഖി സേനയ്ക്ക് നേടാനായാല്‍ അത് ഐഎസിനുമേലുള്ള വന്‍ വിജയമായിരിക്കും. അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഐഎസ് സേനയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയുമായിരിക്കും ഇത്. സിറിയയിലെ റാഖ നഗരമാണ് ഐഎസ് തലസ്ഥാനമെങ്കില്‍ അവരുടെ രണ്ടാംതലസ്ഥാനമാണ് മൊസൂള്‍. എന്നാല്‍, മൊസൂള്‍ വീഴുന്നതോടെ ഐഎസിന്റെ സാന്നിധ്യം അവസാനിക്കുമെന്നു പറയുന്നത് മൌഢ്യമായിരിക്കും. സ്വന്തം താവളങ്ങള്‍ കനത്ത ആക്രമണത്തിന് വിധേയമാകുമ്പോഴും ഹില്ലപോലുള്ള ജനവാസകേന്ദ്രങ്ങള്‍ ആക്രമിച്ച് ശ്രദ്ധ തിരിച്ചുവിടാന്‍ ഐഎസിന് കഴിയും. ഏതായാലും മൊസൂളിനുവേണ്ടിയുള്ള പോരാട്ടം അടുത്തവര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഉറപ്പാണ് Read on deshabhimani.com

Related News