നവ കൊളംബിയയുടെ ഉദയം



ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ ചരിത്രം കുറിച്ചിരിക്കുന്നു. തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ അമേരിക്കയുടെ ഏറ്റവും വിശ്വസ്‌ത കൂട്ടാളിയായ ആ രാജ്യം ഇതാദ്യമായി ഒരു ഇടതുപക്ഷ വിപ്ലവകാരിയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നു. സങ്കരവംശജനായ മുൻ സായുധപോരാളി ഗുസ്‌താവോ പെത്രോ ആഗസ്‌തിൽ പ്രസിഡന്റാകുമ്പോൾ കറുത്തവംശജരിൽനിന്ന്‌ ഒരാൾ ആദ്യമായി വൈസ്‌ പ്രസിഡന്റുമാകും. അതും ഒരിക്കൽ വീട്ടുജോലിക്കാരിയായിരുന്ന ഒരു അവിവാഹിത അമ്മ. ഗുസ്‌താവോ പെത്രോയുടെയും ഫ്രാൻസിയ മാർക്വേസിന്റെയും ഉജ്വലവിജയം ‘നവ കൊളംബിയ’യുടെ ഉദയംകുറിക്കുന്നു. ലാറ്റിനമേരിക്കയിൽ ശക്തമാകുന്ന ഇടതുപക്ഷ മുന്നേറ്റത്തിലെ പുതിയ കുതിപ്പാണ്‌ ‘ഹിസ്‌റ്റോറിക്‌ പാക്ട്‌’ സഖ്യത്തിന്റെ വിജയം. എന്നാൽ, ഈ ഇടതുപക്ഷ മുന്നേറ്റം ലാറ്റിനമേരിക്കയിൽ ഒതുങ്ങുന്നില്ല എന്നാണ്‌ ഫ്രാൻസിലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്‌. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ഏക യൂറോപ്യൻ യൂണിയൻ രാജ്യത്തിന്റെ പാർലമെന്റിലെ രണ്ടാമത്തെ വലിയ സഖ്യമായി ഇടതുപക്ഷം മാറിയിരിക്കുന്നു. പ്രസിഡന്റ്‌ ഇമാനുവേൽ മാക്രോണിന്റെ മധ്യ വലതുപക്ഷ സഖ്യത്തിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ചില മന്ത്രിമാരും സ്‌പീക്കറുമടക്കം പരാജയപ്പെട്ടത്‌ രണ്ടുമാസംമുമ്പ്‌ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാക്രോണിന്‌ കനത്ത പ്രഹരമായി. അസമത്വം വർധിപ്പിക്കുന്ന നവഉദാര നയങ്ങൾക്കെതിരെ ലോകമെങ്ങും വളരുന്ന രോഷമാണ്‌ ഫ്രാൻസിലും തെളിയുന്നത്‌. ഭിന്നിപ്പിന്റെ പ്രത്യയശാസ്‌ത്രംപേറുന്ന തീവ്രവലതുപക്ഷവും ജനങ്ങളുടെ അസംതൃപ്‌തി മുതലാക്കി നേട്ടമുണ്ടാക്കുന്നുവെന്ന പാഠവും ഫ്രഞ്ച്‌ ജനവിധിയിലുണ്ട്‌. ഈ ജനവിധികളിൽ എടുത്തുപയേണ്ടതുതന്നെയാണ്‌ കൊളംബിയയിലെ ഇടതുപക്ഷ വിജയം. ഭൂഖണ്ഡത്തിലെ രാജ്യങ്ങളെ സ്‌പാനിഷ്‌ ആധിപത്യത്തിൽനിന്ന്‌ മോചിപ്പിക്കാൻ നേതൃത്വം നൽകിയ സിമോൺ ബൊളിവാർ രണ്ടു നൂറ്റാണ്ടുമുമ്പ്‌ ഭരിച്ച വിശാല കൊളംബിയയുടെ ഭാഗമാണ്‌ ഇന്നത്തെ കൊളംബിയ. എന്നിട്ടും ബൊളിവാറുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽനിന്ന്‌ ആവേശം ഉൾക്കൊണ്ട്‌ വെനസ്വേല മുൻപ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ മുൻകൈയെടുത്ത്‌ രൂപീകരിച്ച ബൊളിവാറിയൻ സഖ്യത്തിൽനിന്ന്‌ ഇക്കാലമത്രയും ഈ രാജ്യം വിട്ടുനിന്നു. മേഖലയിൽ അമേരിക്കൻ താൽപ്പര്യങ്ങളുടെ നടത്തിപ്പുകാരായിരുന്നു ഇവിടെ ഇതുവരെ ഭരിച്ചത്‌. അതിന്‌ മാറ്റമുണ്ടാകുന്നുവെന്നതാണ്‌ ഈ ജനവിധിയുടെ പ്രധാന ഫലം. ക്യൂബൻ വിപ്ലവത്തെത്തുടർന്ന്‌ ഭൂഖണ്ഡത്തിൽ വളരാനാരംഭിച്ച ജനപക്ഷ രാഷ്‌ട്രീയത്തെ അമേരിക്കൻ ഭരണകൂടം എന്നും ഭയത്തോടെയാണ്‌ കണ്ടത്‌. അതുകൊണ്ടുതന്നെ ക്യൂബയെ ഒറ്റപ്പെടുത്താനും മറ്റു രാജ്യങ്ങൾ ക്യുബയുടെ പാത തെരഞ്ഞെടുക്കുന്നത്‌ തടയാനും ശതകോടിക്കണക്കിന്‌ ഡോളറാണ്‌ അമേരിക്ക ചെലവഴിച്ചത്‌. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ഭരണാധികാരികളെ അട്ടിമറിക്കുകയും വധിക്കുകയും ചെയ്‌തു. ഫിദൽ കാസ്‌ട്രോയ്‌ക്കെതിരെ അറുന്നൂറിലധികം വധശ്രമം സിഐഎ ആസൂത്രണം ചെയ്‌തെങ്കിലും അതെല്ലാം പരാജയപ്പെട്ടു. പക്ഷേ, ക്യൂബയെ അമേരിക്കൻ രാഷ്‌ട്രസംഘടനയിൽ (ഒഎഎസ്‌)നിന്ന്‌ പുറത്താക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അമേരിക്ക ദീർഘകാലം വിജയിച്ചു. 1999ൽ വെനസ്വേലയിൽ ഷാവേസ്‌ അധികാരത്തിൽ എത്തിയതോടെയാണ്‌ ഈ സ്ഥിതിക്ക്‌ അൽപ്പം മാറ്റമുണ്ടായത്‌. ഷാവേസിനെതിരെയും അട്ടിമറിയുണ്ടായെങ്കിലും ദിവസങ്ങൾക്കകം അത്‌ പരാജയപ്പെട്ടു. കൂടുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഇടതുപക്ഷത്തേക്ക്‌ തിരിയുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അമേരിക്കയുടെ കാൽച്ചുവട്ടിലെ മണ്ണിളകുന്നതനുസരിച്ച്‌ ക്യൂബയുടെ സ്വാധീനം വളരുകയും ചെയ്‌തു. അപ്പോഴും വലതുപക്ഷത്തു നിന്ന കൊളംബിയയിലും സമാധാനത്തിന്‌ ക്യൂബയാണ്‌ മുൻകൈയെടുത്തത്‌. അങ്ങനെയാണ്‌ അരനൂറ്റാണ്ടിലധികം നീണ്ട, രണ്ടേകാൽ ലക്ഷത്തോളം ആളുകളുടെ മരണത്തിനും 30 ലക്ഷംപേർ ഭവനരഹിതരാകുന്നതിനും ഇടയാക്കിയ ആഭ്യന്തരസംഘർഷത്തിനു വിരാമമായത്‌. ഇടതുപക്ഷ സായുധസംഘമായിരുന്ന ഫാർക്കും കൊളംബിയൻ സർക്കാരും തമ്മിൽ ക്യൂബയിൽ സമാധാനക്കരാർ ഒപ്പിട്ടത്‌ ആറു വർഷംമുമ്പാണ്‌. മിതവാദിയായ ഹുവാൻ മാനുവേൽ സാന്തോസ്‌ ആയിരുന്നു അന്ന്‌ കൊളംബിയൻ പ്രസിഡന്റ്‌. ഇപ്പോഴും സജീവമായ ഇഎൽഎൻ പോരാളികളുമായും പിന്നീട്‌ സമാധാനചർച്ച ആരംഭിച്ചെങ്കിലും തീവ്രവലതുപക്ഷക്കാരൻ ഇവാൻ ദൂഖെ പ്രസിഡന്റായതോടെ ചർച്ചകൾ അട്ടിമറിക്കുകയായിരുന്നു. നവ കൊളംബിയയിലേക്കുള്ള മുന്നേറ്റത്തിൽ പുതിയ സർക്കാരിന്റെ പ്രധാന വെല്ലുവിളി രാജ്യത്ത്‌ ശാശ്വതസമാധാനം സ്ഥാപിക്കുന്നതു  തന്നെയായിരിക്കും. മേഖലയിൽ തങ്ങളുടെ പ്രധാന ശിങ്കിടിയായിരുന്ന രാജ്യത്തെ രാഷ്‌ട്രീയമാറ്റം അമേരിക്കയ്‌ക്ക്‌ ഉൾക്കൊള്ളാനാകില്ല. സമീപ വർഷങ്ങളിൽ ബ്രസീലിലും ബൊളീവിയയിലും അമേരിക്ക സംഘടിപ്പിച്ച അട്ടിമറികൾ കൊളംബിയക്ക്‌ പാഠമാകണം.     Read on deshabhimani.com

Related News