നിയമവാഴ്ചയും സമാധാനവും കാത്തുസൂക്ഷിക്കണം



സംഭ്രമജനകമായ ദുരൂഹജീവിതവും അടിമുടി  ക്രിമിനല്‍ പശ്ചാത്തലവുമുള്ള ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിരിക്കുന്നു. രണ്ട് ബലാത്സംഗക്കുറ്റത്തിനായി ഇരുപതുവര്‍ഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.  കുറ്റവാളിയെ നിയമത്തിന്റെ കരങ്ങളാല്‍ ബന്ധിക്കാനും സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താനുമുള്ള നീതിന്യായവ്യവസ്ഥയുടെ പരമാധികാരത്തെ ആള്‍ബലവും അക്രമവുംകൊണ്ട് തടസ്സപ്പെടുത്താന്‍ നടന്ന ശ്രമം  ആപല്‍ശങ്ക ഉണര്‍ത്തുന്നതായിരുന്നു. ബലാത്സംഗക്കേസില്‍ കുറ്റവാളിയെന്ന്  കോടതി വിധിച്ചപ്പോള്‍ത്തന്നെ  കലാപം ആളിക്കത്തിച്ച്  നാല്‍പ്പതോളം മനുഷ്യ ജീവനാണ്് കവര്‍ന്നത്. കോടികളുടെ പൊതുമുതല്‍ ചാമ്പലാക്കി. മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്ന് ആക്രമിച്ചു. വാഹനങ്ങളും സാങ്കേതികസംവിധാനങ്ങളും കത്തിച്ചു. ആള്‍ദൈവത്തിന്റെ പേപിടിച്ച അനുയായികള്‍ക്കുമുന്നില്‍ നിയമവ്യവസ്ഥ  നിശ്ചലമായിപ്പോകുന്നതിനാണ് രാജ്യം സാക്ഷിയായത്. ദേശീയ തലസ്ഥാനം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കലാപത്തീ പടര്‍ന്നു. ശിക്ഷ പ്രഖ്യാപനത്തെ തുടര്‍ന്നും കലാപശ്രമങ്ങള്‍ തലപൊക്കി.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഗുരുതര അലംഭാവമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ബിജെപി ഭരിക്കുന്ന ഹരിയാനയിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും നിയമവാഴ്ച പൂര്‍ണമായും തകര്‍ത്തെറിയപ്പെട്ടു. കലാപം ഗുര്‍മീതിന്റെ അറിവോടെ  ആസൂത്രണംചെയ്തതാണെന്ന് തെളിയിക്കുന്ന നിര്‍ണായകവിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിധിവന്ന് നിമിഷങ്ങള്‍ക്കകം തെരുവുകള്‍ യുദ്ധക്കളമായി. ശരിക്കും സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപമാണ് ഹരിയാനയില്‍ അരങ്ങേറിയത്. മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരായ ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം ഈ വസ്തുതകളിലേക്ക്  വിരല്‍ചൂണ്ടുന്നു. അപ്രതീക്ഷിതമായ എന്തെങ്കിലും ഇവിടെ  സംഭവിച്ചതായി കാണാനാകില്ല. വിവാദനായകനായ ആള്‍ദൈവത്തിന്റെ സ്വാധീനശക്തി നന്നായി അറിയാവുന്നവരാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത.് ആശ്രമജീവിതവും സിനിമയും മറ്റുപല വേലത്തരങ്ങളുംവഴി  വന്‍തോതില്‍ അനുയായിവൃന്ദത്തെ സൃഷ്ടിച്ചു പരിപാലിച്ചുപോരുന്ന ഷോമാനാണ് ഗുര്‍മീത് റാം. ഇതിനുവേണ്ടി എത്ര പണം ചെലവാക്കാനും എന്തു വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മടിയുമില്ല. സമ്പത്തും ആഡംബരങ്ങളും കുന്നുകൂടുന്നതിനനുസരിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവന്നു. 800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സിര്‍സയിലെ ദേര സച്ച സൌദ  ആസ്ഥാനത്ത് സമാന്തര ഭരണവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെടുന്ന നിരവധി സ്ത്രീകള്‍ പുറംലോകം കാണാതെ ആശ്രമ മതിലുകള്‍ക്കകത്ത് തടവിലാണ്. ഇവിടെ പുരുഷന്മാര്‍ ഷണ്ഡരാക്കപ്പെട്ടവരാണ് എന്ന ആരോപണവുമുണ്ട്. എന്തു ക്രൂരതയ്ക്കും സന്നദ്ധരായ സ്വകാര്യസേന റാം റഹിമിനുണ്ട്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവര്‍ക്ക് വധശിക്ഷയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കാട്ടുനീതിയുടെ ഇരകളായിട്ടുണ്ട്. ഇങ്ങനെയൊക്കെ  കുപ്രസിദ്ധിയാര്‍ജിച്ചിട്ടും കോണ്‍ഗ്രസും  ബിജെപിയും ഗുര്‍മിതിനെ അകറ്റിനിര്‍ത്താന്‍ തയ്യാറായില്ലെന്നു മാത്രമല്ല, സഹയാത്രികനാക്കുകയുംചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ആദ്യം കോണ്‍ഗ്രസിനും പിന്നീട് ബിജെപിക്കും പരസ്യപിന്തുണയുമായി സ്വാമി ഇറങ്ങി. ഇതിനുള്ള പ്രത്യുപകാരമായിരുന്നു സെഡ് കാറ്റഗറി വിവിഐപി സുരക്ഷ. ആശ്രമശൃംഖല രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നത ബിജെപി, കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പലതവണ കേരളം സന്ദര്‍ശിച്ച ഗുര്‍മീത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സൌഹൃദം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായതോടെ വലിയ പ്രോത്സാഹനമാണ് ഇദ്ദേഹത്തിന്  ലഭിച്ചത്. സ്വഛ് ഭാരത് മിഷന്റെ  ബ്രാന്‍ഡ് അംബസഡറായിപോലും മോഡി ഈ ബാബയെ ഉയര്‍ത്തിക്കാട്ടി.  ബലാത്സംഗം,  കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്  കോടതിയില്‍ വിചാരണ നേരിടുന്ന ഘട്ടത്തിലാണ് ഭരണത്തലപ്പത്തുള്ളവരില്‍നിന്ന് ബാബയ്ക്ക് പരിലാളനം ലഭിക്കുന്നത്.  കേസ് വിധിപറയുന്ന ദിവസം നൂറുകണക്കിന് ആഡംബരവാഹനങ്ങളുടെ അകമ്പടിയോടെ കോടതിയില്‍ എത്തുകയും  കോടതിപരിസരത്ത് പതിനായിരക്കണക്കിന് അനുയായികളെ അണിനിരത്തുകയും ചെയ്യുകവഴി കോടതിയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ഗുര്‍മിതിന്റെ ഉദ്ദേശ്യം. ക്രമസമാധാനപാലനത്തിന് ഒരു മുന്‍കരുതലും എടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഏതായാലും നീതിയെ മുറകെപ്പിടിച്ച പഞ്ച്കുല സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ് നിയമവ്യവസ്ഥയുടെ കാവലാളായി. നിയമത്തിന് മുന്നില്‍ വലുപ്പച്ചെറുപ്പമില്ലെന്ന വിധിയുടെ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനായില്ല. ബിജെപി പിന്തുടരുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ ദുരന്തഫലമാണിത്.  പ്രതി കുറ്റക്കാരനാണെന്ന  കണ്ടെത്തല്‍ പുറത്തുവന്നതോടെ അനിയന്ത്രിതമായ ആക്രമണങ്ങളാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായത്. രാജസ്ഥാന്‍, യുപി, ഡല്‍ഹി സംസ്ഥാനങ്ങളിലേക്കും അക്രമം പടര്‍ന്നു. ഇത്ര ആസൂത്രിതമായി അക്രമങ്ങള്‍ നടന്നിട്ടും കേന്ദ്ര, സംസ്ഥാന ഭരണസംവിധാനങ്ങള്‍ ചലിക്കാതെപോയത് എന്തുകൊണ്ടെന്നത് ചിന്തനീയമാണ്. കോടിക്കണക്കിന് ആരാധകരുള്ള ബാബയെ ശിക്ഷിക്കാന്‍ കോടതിക്ക് എന്ത് അധികാരമെന്ന മട്ടിലുള്ള  ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രതികരണം നിയമവ്യവസ്ഥയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. കലാപാന്തരീക്ഷം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ജഡ്ജിയെ വ്യോമമാര്‍ഗം റോത്തക്കിലെ ജയിലില്‍ എത്തിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. ജില്ലാജയില്‍ സ്ഥിതിചെയ്യുന്ന റോത്തക്കില്‍ പതിനയ്യായിരത്തിലേറെ അനുയായികള്‍ തമ്പടിച്ചിരുന്നു. ദേര സച്ച സൌദയുടെ ആസ്ഥാനത്ത് കേന്ദ്രീകരിച്ച മുപ്പതിനായിരത്തിലേറെ  അനുയായികളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം നിര്‍ദേശിച്ചെങ്കിലും ഫലം ഉണ്ടായില്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥ വെല്ലുവളിക്കപ്പെടുന്ന ആപല്‍ക്കരമായ ഈ സ്ഥിതിവിശേഷത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൌരവപൂര്‍വം കാണേണ്ടതുണ്ട് Read on deshabhimani.com

Related News