ഗുജറാത്തിന്റെ മനസ്സ്‌ ബിജെപിക്കൊപ്പമല്ല



അടുത്തമാസം ആദ്യവാരം ഗുജറാത്ത് നിയമസഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കും. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി കടുത്ത പോരാട്ടമായിരിക്കും ഇക്കുറി നടക്കുകയെന്നാണ്‌ ലഭിക്കുന്ന സൂചനകൾ. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോര്‌ എന്ന പതിവുരീതിയല്ല ഇക്കുറിയുള്ളത്‌. ആംആദ്‌മി പാർടിയുടെ രംഗപ്രവേശം ഒരുപോലെ ബിജെപിക്കും കോൺഗ്രസിനും ഭീഷണി ഉയർത്തുന്നുണ്ട്‌. രാഷ്ട്രീയ നിലപാടുകളിൽ ബിജെപിയുടെ മറ്റൊരു മുഖമായി മാറിക്കൊണ്ടിരിക്കുന്ന ആം ആദ്‌മി പാർടി ആരുടെ വോട്ട്‌ ബാങ്കിലായിരിക്കും വിള്ളലുണ്ടാക്കുക എന്നതാണ്‌ പ്രധാനമായും ഉയരുന്ന ചോദ്യം. കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം വേണമെന്നും ഏക സിവിൽകോഡ്‌ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന ആം ആദ്‌മി പാർടി ബിജെപിയുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കുമോ എന്ന ഭയം അവരെ വേട്ടയാടുകയാണ്‌. വിമതശല്യമാണ്‌ ബിജെപിയെ അലട്ടുന്ന മറ്റൊരു പ്രധാനപ്രശ്‌നം. 182 അംഗ നിയമസഭയിലേക്കുള്ള 166 സീറ്റിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ ഒരുഡസനോളം സീറ്റിൽ വിമതർ രംഗത്തെത്തിക്കഴിഞ്ഞു. ഗുജറാത്ത്‌ വംശഹത്യക്കേസിലെ പ്രതിയുടെ മകൾക്കും ബിൽക്കീസ്‌ ബാനു ബലാത്സംഗക്കേസിലെ  പ്രതികളെ അനുമോദിച്ചവർക്കും സീറ്റ്‌ നൽകി വർഗീയധ്രുവീകരണം ശക്തമാക്കാൻ നീക്കം നടത്തിയ ബിജെപി ഏക സിവിൽകോഡ്‌ നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഒരു സമിതിക്കും രൂപം നൽകി. കോൺഗ്രസിൽനിന്നു കാലുമാറി വന്നവർക്ക്‌ ഭൂരിപക്ഷവും സീറ്റ്‌ നൽകിയപ്പോൾ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, പാർടി നേതാക്കൾ എന്നിവരെ തഴയാൻ ബിജെപി നിർബന്ധിതമായി. കാലുമാറി വന്ന 38 പേർക്കാണ്‌ ബിജെപി സീറ്റ്‌ നൽകിയിട്ടുള്ളത്‌. സ്വാഭാവികമായും പ്രതിഷേധം അണപൊട്ടി. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്തേക്ക്‌ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്ന സ്ഥിതിവരെയുണ്ടായി. അരഡസനിലധികം  വിമതസ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ബിജെപി എംഎൽഎയും സംസ്ഥാനത്തെ പ്രധാന ആദിവാസിവിഭാഗം നേതാക്കളിൽ ഒരാളുമായ ഹർഷദ്‌ വാസവയടക്കം വിമതനായി നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞു. മൂന്നു ദശാബ്ദത്തോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ജനവികാരം ശക്തമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും മറ്റും പ്രധാന ചർച്ചാവിഷയമാകുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്‌. അടുത്തിടെ സിഎസ്‌ഡിഎസും ലോക്‌നീതിയും നടത്തിയ അഭിപ്രായ സർവേയിൽ 51 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത്‌ അവരെ അലട്ടുന്ന ഏറ്റവും പ്രധാന വിഷയം വിലക്കയറ്റമാണെന്നാണ്‌. 87 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത്‌ രാഷ്ട്രീയ വിഷയങ്ങളേക്കാൾ ഇക്കുറി കണക്കിലെടുക്കുന്നത്‌ സാമ്പത്തിക വിഷയങ്ങളാണെന്നാണ്‌. മൊർബിയിലെ തൂക്കുപാലത്തിന്റെ തകർച്ചയും നരേന്ദ്രമോദി കെട്ടിപ്പൊക്കിയ ഗുജറാത്ത്‌ മോഡലിന്റെ പാപ്പരത്തം ജനങ്ങളെ ബോധ്യപ്പെടുത്തി. പ്രധാനമന്ത്രി മോദിയെ രംഗത്തിറക്കി എങ്ങനെയും വിജയിക്കാനുള്ള തന്ത്രങ്ങളാണ്‌ ബിജെപി മെനയുന്നത്‌. ആറുമാസത്തിനിടെ 10 തവണയാണ്‌ മോദി ഗുജറാത്ത്‌ സന്ദർശിച്ചത്‌. 1.18 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌. റോഡ്‌ ഷോകളിലും പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും മോദി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്‌.  എന്നാൽ, പഴയ ജനക്കൂട്ടം മോദിയെ കാണാനെത്താത്തതിൽ ബിജെപിക്ക്‌ പരിഭ്രാന്തിയുണ്ട്‌. അമിത് ഷായാകട്ടെ  ഗുജറാത്തിൽത്തന്നെ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുകയാണ്‌ ഇപ്പോൾ. ‘ഞാനാണ്‌ ഈ ഗുജറാത്ത്‌ നിർമിച്ചത്’ എന്നത് ഉൾപ്പെടെയുള്ള പ്രസ്‌താവനകൾ നടത്തി ഗുജറാത്തിവികാരം ആളിക്കത്തിക്കാനുള്ള ശ്രമവും മോദി നടത്തുകയാണ്‌.  ഈ പ്രസ്‌താവന വഴി ഗാന്ധിജിയെയും സർദാർ പട്ടേലിനെയുമാണ്‌ മോദി അവഹേളിച്ചത്‌ എന്ന ചർച്ചയും ഗുജറാത്തിൽ നടക്കുന്നുണ്ട്‌. പതിവിൽനിന്നു വ്യത്യസ്തമായ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെയാണ്‌ ബിജെപി ഇക്കുറി ഗുജറാത്തിൽ നേരിടുന്നത്‌. Read on deshabhimani.com

Related News