മാപ്പില്ലാത്ത അരുംകൊല



കേരളത്തെ നടുക്കിയ അരുംകൊലയാണ്‌ ഇടുക്കി പൈനാവ്‌ ഗവ. എൻജിനിയറിങ് കോളേജിൽ തിങ്കളാഴ്‌ച കെഎസ്‌യു–-യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനൽ സംഘം നടത്തിയത്‌. വലിയ സ്വപ്നങ്ങളുമായി കണ്ണൂരിൽനിന്ന്‌ എത്തിയ നാലാംവർഷ കംപ്യൂട്ടർ സയൻസ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രനെ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയ കോൺഗ്രസ്‌ ക്രിമിനലുകൾ ആസൂത്രിതമായി കുത്തിക്കൊല്ലുകയായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി അംഗമായിരുന്ന ധീരജിനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ നെഞ്ചിലാണ്‌ കത്തി കുത്തിയിറക്കിയത്‌. ഹൃദയത്തിന്റെ അറ തകർന്നതായാണ്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. ധീരജിനൊപ്പം എൻജിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരായ അഭിജിത്‌ ടി സുനിൽ, എ എസ്‌ അമൽ എന്നിവരെയും കൊല്ലാൻ നെഞ്ചിൽത്തന്നെ കുത്തിയെങ്കിലും അവർ പരിക്കോടെ അതിജീവിച്ചു. കേരള സാങ്കേതികശാസ്‌ത്ര സർവകലാശാലയുടെ കീഴിലെ എൻജിനിയറിങ് കോളേജുകളിൽ തിങ്കളാഴ്‌ച വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. പൈനാവ്‌ എൻജിനിയറിങ് കോളേജിൽ തുടർച്ചയായി എസ്‌എഫ്‌ഐ വിജയിച്ചുവരുന്നതാണ്‌ അക്രമികളെ പ്രകോപിപ്പിച്ചത്‌. പരസ്യമായ ക്രിമിനൽ പശ്ചാത്തലമുള്ളവർ സംസ്ഥാനത്തും ജില്ലയിലും കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതോടെ ഇവർക്ക്‌ എന്ത്‌ കുടിലപ്രവൃത്തിയും ചെയ്യാൻ പിന്തുണയുമായി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു എന്നിവരുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്‌ അക്രമിസംഘത്തിലെ പ്രധാനി നിഖിൽ പൈലി. യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റായ ഇയാൾ ഗുണ്ടാ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളുമടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്നാണ്‌ റിപ്പോർട്ട്‌. വിദ്യാർഥികളല്ലാത്ത ഇയാളും സംഘവും ഏതാനും ദിവസമായി പതിവായി കോളേജിൽ വരുമായിരുന്നുവെന്നതും അരയിൽ കത്തി കരുതിയിരുന്നുവെന്നതും ആസൂത്രിതമായിരുന്നു കൊലപാതകം എന്നതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ‘സി പി എത്തി; ഇനി സീൻ മാറും’ എന്നായിരുന്നു സുധാകരന്റെ വിശ്വസ്‌തൻ ഡിസിസി പ്രസിഡന്റായപ്പോൾ ജില്ലയിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്റർ. വിദ്യാർഥികൾ തിരസ്‌കരിച്ച കെഎസ്‌യു, കോൺഗ്രസിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും ഒത്താശയോടെ ക്യാമ്പസുകളെ കുരുതിക്കളമാക്കാൻ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ടിലേറെയായി. 1971 ൽ തിരുവനന്തപുരം എംജി കോളേജിലെ ദേവപാലൻമുതൽ ധീരജ്‌ വരെ നീളുന്ന പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ 35 ധീര രക്തസാക്ഷികളിൽ ഏറെ പേരെയും കൊലപ്പെടുത്തിയത്‌ കോൺഗ്രസ്‌–-കെഎസ്‌യു സംഘങ്ങളാണ്‌. ജനാധിപത്യ അവകാശപ്പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി വിദ്യാർഥികളുടെ ഇടയിൽ എസ്‌എഫ്‌ഐയുടെ യശസ്സ്‌ ഉയർത്തിയതാണ്‌ ഈ ധീരന്മാരെ തെമ്മാടിക്കൂട്ടത്തിന്റെ പകയ്‌ക്ക്‌ ഇരയാക്കിയത്‌. പ്രിയസഖാക്കൾ പിടഞ്ഞുവീണപ്പോഴും സംയമനം പാലിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനത്തിൽ വീണുപോലും ഒരു ജീവൻ എടുത്തതായി ശത്രുക്കൾക്ക്‌ പറയാനില്ല. എങ്കിലും സമാധാനപ്രേമികളായി നടിക്കുന്ന കോൺഗ്രസിന്റെ കേരളത്തിൽനിന്നുള്ള ദേശീയ നേതാക്കൾ പോലുംപതിവായി എസ്‌എഫ്‌ഐയെ അക്രമികളായി മുദ്രകുത്താറുണ്ട്‌. ഇത്തരം നേതാക്കളുടെ വാചകമടിയെ വലിയ വാർത്തകളാക്കി ക്യാമ്പസ്‌ അക്രമം സമം എസ്‌എഫ്‌ഐ എന്ന പൊതുബോധമാണ്‌ നമ്മുടെ മാധ്യമരംഗത്ത്‌ ആധിപത്യമുള്ള വലതുപക്ഷം സൃഷ്ടിച്ചിട്ടുള്ളത്‌. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ എസ്‌എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കാനും അക്രമികളെ മാന്യരാക്കാനും ഇടതുപക്ഷവിരോധത്തിൽനിന്ന്‌ മോചനമില്ലാത്ത മാധ്യമങ്ങൾ ഉത്സാഹിക്കാറുണ്ട്‌. എന്നാൽ, കോൺഗ്രസിന്റെ അനൗദ്യോഗിക മുഖപത്രമായി അധഃപതിച്ചിട്ടുള്ള ഞങ്ങളുടെ ഒരു സഹജീവി ആഹ്വാനം ചെയ്‌തതുപോലെ ‘മാതൃകാപരവും നവീനവുമായ പ്രവർത്തനങ്ങളിലൂടെയാണ്‌’എസ്‌എഫ്‌ഐ വിദ്യാർഥികളുടെ സ്‌നേഹവും വിശ്വാസവും ആർജിച്ചത്‌. ധീരജ്‌ അടക്കമുള്ള രക്തസാക്ഷികളുടെ പ്രസ്ഥാനം പ്രതിയോഗികളുടെ കടന്നാക്രമണങ്ങളിൽ പതറാതെ മുന്നേറുക തന്നെയാണ്‌. സാങ്കേതികശാസ്‌ത്ര സർവകലാശാലാ തെരഞ്ഞെടുപ്പിൽ 45 എൻജിനിയറിങ് കോളേജുകളിൽ 38 ഇടത്തും എസ്‌എഫ്‌ഐയാണ്‌ വിജയിച്ചത്‌. 34 കോളേജിൽ മുഴുവൻ സീറ്റും നേടി. മാനവികതയുടെ പ്രത്യയശാസ്‌ത്രമുയർത്തി വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരാടുന്ന എസ്‌എഫ്‌ഐയുടെ പിന്നിൽ അണിനിരന്നിട്ടുള്ള വിദ്യാർഥിസമൂഹം ധീരജിന്റെ ഘാതകരോട്‌ ഒരിക്കലും പൊറുക്കില്ല. അക്രമികളുടെ സംഘടനയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽത്തന്നെയായിരിക്കും. Read on deshabhimani.com

Related News