കാലാവസ്ഥാ ഉച്ചകോടി : പ്രഖ്യാപനങ്ങളും യാഥാർഥ്യവും



ഈജിപ്‌തിൽ രണ്ടാഴ്‌ചയായി നടന്നുവന്ന വാർഷിക യുഎൻ കാലാവസ്ഥാ ഉച്ചകോടി (കോപ്‌ 27) പതിവുപോലെ മാധ്യമ ശീർഷകങ്ങൾക്ക്‌ ഉപയുക്തമായ പ്രഖ്യാപനത്തോടെ സമാപിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷമുണ്ടാക്കിയ ദരിദ്ര–-വികസ്വര രാജ്യങ്ങൾക്ക്‌ അതുമൂലമുണ്ടായ കഷ്‌ടനഷ്‌ടങ്ങൾക്ക്‌ പരിഹാരമായി ഒരു ആഗോളനിധി രൂപീകരിക്കാൻ തീരുമാനിച്ചാണ്‌ ഷാം എൽ ഷെയ്‌ഖിൽനിന്ന്‌ സമ്മേളനപ്രതിനിധികൾ പിരിഞ്ഞത്‌. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന അതിഗൗരവമുള്ള പരിസ്ഥിതിപ്രശ്‌നങ്ങൾ നേരിടുന്നതിൽ സമ്പന്ന വികസിത രാജ്യങ്ങളുടെ ചേരിയും വികസ്വര രാജ്യങ്ങളുടെ ചേരിയും തമ്മിലുള്ള ഭിന്നത ഷാം എൽ ഷെയ്‌ഖ്‌ സമ്മേളനത്തിലും പ്രകടമായി. ഇരുപക്ഷവും സമവായത്തിലെത്താത്തതിനാൽ ഒരുദിവസം നീട്ടേണ്ടിവന്ന ഉച്ചകോടി ഒടുവിൽ മുഖംരക്ഷിക്കാൻ ആഗോളനിധി തീരുമാനിക്കുകയായിരുന്നു. അപ്പോഴും ഇതുസംബന്ധിച്ച്‌ സുപ്രധാന ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ്‌ സമ്മേളനം അവസാനിപ്പിച്ചത്‌. ഈ നിധി ആര്‌ കൈകാര്യം ചെയ്യും, ഇന്ത്യയടക്കമുള്ള വലിയ വികസ്വര രാജ്യങ്ങൾ ഇതിലേക്ക്‌ സംഭാവന ചെയ്യേണ്ടതുണ്ടോ, സംഭാവന ചെയ്യേണ്ടവരുടെ വിഹിതം എത്രയായിരിക്കും തുടങ്ങിയ കീറാമുട്ടി പ്രശ്‌നങ്ങൾ ഒരു പരിവർത്തനകാല സമിതിയുടെ പരിഗണനയ്‌ക്ക്‌ വിട്ടിരിക്കുകയാണ്‌. നിധി നടപ്പാക്കുന്നതിനുള്ള ശുപാർശകൾ ഈ സമിതി നിർദേശിക്കും. അവ യുഎഇയിൽ അടുത്തവർഷം ചേരുന്ന ‘കോപ്‌ 28’ ഉച്ചകോടിയിൽ പരിഗണിക്കും. ഫലത്തിൽ, മുൻ കാലാവസ്ഥാ ഉച്ചകോടികളിലെ പല തീരുമാനങ്ങളുംപോലെ ഇതും ഏട്ടിലെ പശുവായി തീരാനാണ്‌ സാധ്യത. പടിഞ്ഞാറൻ വികസിത മുതലാളിത്ത രാജ്യങ്ങൾ, വിശേഷിച്ച്‌ അമേരിക്ക ഈ നിധിരൂപീകരണത്തെ എതിർത്തുവരികയായിരുന്നു എന്നോർക്കണം. ഇതിന്‌ സമ്മതിച്ചാൽ കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വലിയ നാശങ്ങൾക്ക്‌ തങ്ങൾ നിയമപരമായി ഉത്തരവാദികളായിമാറും എന്നതാണത്രെ അവയുടെ ഭീതി. മുതലാളിത്തം സൃഷ്‌ടിച്ച അടങ്ങാത്ത ദുരയും ഉപഭോഗാസക്തിയും അതിനനുസൃതമായി ഈ രാജ്യങ്ങൾ അത്യാർത്തിയോടെ ലോകമെങ്ങുമുള്ള, മനുഷ്യരാശിക്കാകെ അവകാശപ്പെട്ട വിഭവങ്ങൾ തട്ടിയെടുത്തുപയോഗിച്ച്‌ കെട്ടിപ്പൊക്കിയ ധൂർത്ത ജീവിതശൈലിയുമാണ്‌ ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിക്ക്‌ പ്രധാനകാരണം. ഈ അനിഷേധ്യ വസ്‌തുത ഈ രാജ്യങ്ങളും അംഗീകരിക്കുന്നതുകൊണ്ടാണ്‌ 2009ലെ കോപൻഹേഗൻ ഉച്ചകോടിയിൽ പ്രതിവർഷം 10,000 കോടി ഡോളർ കാലാവസ്ഥാ ദുരിതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക്‌ നൽകാൻ അവർ സമ്മതിച്ചത്‌. പക്ഷേ, അതും പൂർണമായി നടപ്പാക്കിയിട്ടില്ല എന്നാണ്‌ എല്ലാവർഷത്തെയും കണക്കുകൾ കാണിക്കുന്നത്‌. റിയോ ഡി ജനീറോയിൽ 1992ൽ നടന്ന, ഭൗമ ഉച്ചകോടി എന്നറിയപ്പെട്ട യുഎൻ പരിസ്ഥിതി സമ്മേളനത്തോടെയാണ്‌ കാലാവസ്ഥ പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നത്‌. ആ വർഷംമുതൽ 2013വരെ കാലാവസ്ഥാ വ്യതിയാനംമൂലം ആഗോള സമ്പദ്‌ഘടനയ്‌ക്കുണ്ടായ നഷ്‌ടം അഞ്ചു ലക്ഷം കോടി ഡോളറിനും (ഉദ്ദേശം 40,000,000 കോടി രൂപ) 29.3 ലക്ഷം കോടി ഡോളറിനും ഇടയിൽ വരുമെന്നാണ്‌ സമീപകാലത്തെ ഒരു കാലാവസ്ഥാ പഠനത്തിൽ പറയുന്നത്‌. ഇതിൽ വലിയ പങ്കും സഹിക്കേണ്ടിവന്നത്‌ ഉഷ്‌ണമേഖലകളിലെ ദരിദ്ര രാജ്യങ്ങളാണ്‌. കാലാവസ്ഥാ ദുരിതങ്ങൾക്ക്‌ ഏറ്റവും ഇരയാകുന്ന 55 രാജ്യത്തിന്റേതായ ഒരു റിപ്പോർട്ടനുസരിച്ച്‌ കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിനിടയിൽ അവയ്‌ക്കെല്ലാംകൂടി 52,500 കോടി ഡോളറിന്റെ  നാശനഷ്‌ടങ്ങളാണുണ്ടായത്‌. ഇത്‌ അവയുടെ ആകെ ജിഡിപിയുടെ 20 ശതമാനം വരും. ഈ സാഹചര്യത്തിലാണ്‌ ഇക്കാര്യത്തിൽ സമ്പന്നരാഷ്‌ട്രങ്ങൾ പുലർത്തുന്ന നിഷേധാത്മക നിലപാട്‌ എത്ര ക്രൂരമായ അനീതിയാണെന്ന്‌ വ്യക്തമാകുന്നത്‌. ഇപ്പോൾ പ്രഖ്യാപിച്ച നാശനഷ്‌ട നിധി തുടക്കത്തിൽ ഏതാണ്ട്‌ 50,000 കോടി ഡോളറിന്റേതായിരിക്കും എന്നാണ്‌ ഉച്ചകോടിയുടെ അധ്യക്ഷകാര്യാലയം കണക്കാക്കുന്നത്‌. പിന്നീട്‌ 20,000 കോടി ഡോളറിന്റെ വാർഷിക വർധനയും ഉണ്ടാകാം. അതെന്തായാലും ഇത്‌ നടപ്പാകാൻ ഇനിയും കാലമെടുക്കും. ആഗോള താപനില വ്യവസായവൽക്കരണത്തിനു മുമ്പുണ്ടായിരുന്നതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുകയെന്ന മുൻതീരുമാനം യാഥാർഥ്യമാകുന്നതിനും തലമുറകൾ കാത്തിരിക്കേണ്ടിവരും. അതിനിടയിൽ ഇതെല്ലാം അട്ടിമറിക്കാൻ വികസിത രാജ്യങ്ങളുടെ സമ്മർദങ്ങളുമുണ്ടാകും. കാലാവസ്ഥാ വ്യതിയാനം കള്ളക്കഥയാണെന്ന്‌ വാദിക്കുന്ന ഡോണൾഡ്‌ ട്രംപിനെപ്പോലുള്ളവർ വികസിതരാജ്യങ്ങളിൽ അധികാരത്തിലെത്തിയാൽ പറയുകയുംവേണ്ട. ഇത്‌ ഒരു പ്രധാന രാഷ്‌ട്രീയപ്രശ്‌നംതന്നെയാണെന്ന തിരിച്ചറിവാണ്‌ ലോകത്തിനാകെ വേണ്ടത്‌. Read on deshabhimani.com

Related News