ഫിനാന്‍ഷ്യല്‍ പൊഖ്റാനും തീവ്രദേശീയ സ്ഥലികളും



ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ ജീവിതത്തിനുമേല്‍ വര്‍ഷിച്ച സാമ്പത്തിക അണുബോംബാണ് 'പുതുസമീപനം' എന്ന് പേരിട്ട മോഡിയുടെ സാമ്പത്തികനയത്തിന്റെ ഭാഗമായ നോട്ടുപിന്‍വലിക്കല്‍. 'ഫിനാന്‍ഷ്യല്‍ പൊഖ്റാന്‍' എന്ന് വിശേഷിപ്പിച്ച, ഒരു മുന്നൊരുക്കവും കൂടാതെ നടപ്പാക്കിയ 500ന്റെയും 1000ന്റെയും നോട്ടുപിന്‍വലിക്കല്‍ സാമ്പത്തികജീവിതം താറുമാറാക്കി. 50 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന അതിവൈകാരികതയില്‍ പൊതിഞ്ഞ മോഡിയുടെ പ്രസ്താവന ഒരു വിദൂരസാധ്യതമാത്രമാണ്. ശ്രദ്ധാപൂര്‍വം നടപ്പാക്കേണ്ട ഒരു സാമ്പത്തികനടപടി എന്നതിനപ്പുറം അതിവൈകാരികതയും തീവ്രദേശീയതയും സമം ചേര്‍ത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ഒരു ചെപ്പടിവിദ്യയായാണ് സാധാരണക്കാര്‍ക്ക് 'നോട്ടുപിന്‍വലിക്കല്‍' അനുഭവപ്പെടുന്നത്. സുപ്രധാനമായ ഒരു സാമ്പത്തികപരിഷ്കരണ നടപടി 'കക്ഷി രാഷ്ട്രീയതാല്‍പ്പര്യം' മുന്‍നിര്‍ത്തി നടപ്പാക്കിയതിന്റെ കെടുതികളാണ് നാം അനുഭവിക്കുന്നത്. പാകിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ ജിഹാദി ഭീകരശൃംഖലകള്‍ വഴി ഇന്ത്യയിലെത്തിച്ച് സ്ഥലവും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടി രാജ്യത്തെ തകര്‍ക്കാന്‍ സംഘടിത പരിശ്രമം നടക്കുന്നുവെന്നും ഇതിന് തടയിടാനാണ് പെട്ടെന്നുള്ള നോട്ടുപിന്‍വലിക്കല്‍ എന്നുമാണ് സംഘപ്രഘോഷണം. കള്ളപ്പണത്തിന്റെ 99 ശതമാനവും വിദേശബാങ്കിലാണെന്ന വസ്തുത ബോധപൂര്‍വം വിസ്മരിച്ചാണ് ഇത്തരം പ്രചാരണങ്ങള്‍. ഭീകരശൃംഖലകള്‍വഴി പ്രചരിക്കുന്ന കള്ളപ്പണവും കള്ളനോട്ടും തകര്‍ക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന്റെ പേരില്‍ 'ആഭ്യന്തരശത്രുക്കള്‍' എന്ന് സംഘികള്‍ ചാപ്പകുത്തിയ ജനകോടികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് വിഭജിതരാഷ്ട്രീയമാണ്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണനിക്ഷേപമുണ്ടെന്നും ഇതില്‍ വലിയൊരു ഭാഗം ഭീകരവാദബന്ധമുള്ള മുസ്ളിം ഗ്രൂപ്പുകളുടേതാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ചൂണ്ടിക്കാണിച്ച ആഭ്യന്തര ശത്രുക്കളില്‍ ആദ്യസ്ഥാനക്കാരായ കമ്യൂണിസ്റ്റുകാരെയും മുസ്ളിങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സംഘടിത പരിശ്രമമാണിത്. സര്‍ക്കാര്‍നടപടികളെ വിമര്‍ശിക്കുന്നവരെല്ലാം ആഭ്യന്തരശത്രുക്കളും ദേശദ്രോഹികളുമാണെന്ന ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് സര്‍ക്കാരും സംഘപരിവാറും സ്വീകരിക്കുന്നത്. 1930കളില്‍ ഹിറ്റ്ലര്‍ സമാനമായ 'തീവ്രദേശീയ സാമ്പത്തിക യുക്തി' ജൂതന്മാരെയും ട്രേഡ് യൂണിയനുകളെയും ഉന്മൂലനം ചെയ്യാന്‍ പ്രയോഗിച്ചു. 1933ല്‍ ജര്‍മന്‍ ജനസംഖ്യയുടെ 0.8 ശതമാനംമാത്രം (ഏതാണ്ട് അഞ്ചുലക്ഷം) വരുന്ന ജൂതന്മാര്‍ ബാങ്കിങ്, മറ്റു ധനസ്ഥാപനങ്ങള്‍ എന്നിവ നിയന്ത്രിച്ച് ജര്‍മന്‍കാരുടെ സമ്പത്ത് കൊള്ളയടിക്കുന്നു എന്ന വാദം നാസികള്‍ ഉയര്‍ത്തി. ട്രേഡ് യൂണിയനുകളും കമ്യൂണിസ്റ്റുകാരും ജര്‍മനിയുടെ സമ്പത്ത് സാര്‍വദേശീയതയുടെ പേരില്‍ സോവിയറ്റ് യൂണിയനിലേക്ക് കടത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. 1965-66ല്‍ ഇന്തോനേഷ്യയില്‍ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യാനും ജനറല്‍ സുഹാര്‍ത്തോ സാമ്പത്തികവാദം ഉയര്‍ത്തുകയുണ്ടായി. 20 ലക്ഷം മെമ്പര്‍മാരും മൂന്നുലക്ഷം കേഡര്‍മാരുമുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി. 1965ലെ 'സെപ്തംബര്‍ 30 പ്രസ്ഥാന'ത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചെടുക്കാന്‍ അട്ടിമറി നടത്തിയെന്ന് സുഹാര്‍ത്തോയും സിഐഎയും പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ രാജ്യം അവരുടെ നിയന്ത്രണത്തിലാകുമെന്നും സമ്പത്ത് ചൈനയിലേക്ക് ഒഴുകുമെന്നും പ്രചരിപ്പിച്ചു. ഒമ്പതുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്താന്‍ അതിതീവ്ര സാമ്പത്തികവാദം ഉപയോഗപ്പെടുത്തി. പോപ്പുലറിസവും വംശീയതയും മണ്ണിന്റെ മക്കള്‍ വാദവും സമം ചേര്‍ത്ത് രൂപപ്പെടുത്തിയ 'ട്രംപിസം' എന്ന നവയാഥാസ്ഥിതിക തീവ്ര വലതുപക്ഷവാദവും ഇതേദിശയിലാണ് നീങ്ങുന്നത്. മുസ്ളിങ്ങള്‍, കറുത്തവര്‍ഗക്കാര്‍, മെക്സിക്കന്‍ കുടിയേറ്റക്കാര്‍, ലാറ്റിന്‍ അമേരിക്കക്കാര്‍ എന്നിവരടങ്ങുന്ന അമേരിക്കയിലെ സൂക്ഷ്മ ന്യൂനപക്ഷമാണ് ശത്രുപട്ടികയിലുള്ളത്. അമേരിക്കയുടെ തിരിച്ചുവരവിന് ഇവരെ പുറത്താക്കണമെന്നാണ് ട്രംപിന്റെ വാദം. "തങ്ങള്‍ക്ക് അവകാശപ്പെട്ടത് മറ്റുള്ളവര്‍ കൈയടക്കി അനുഭവിക്കുന്നുവെന്ന ബോധം'' ലോകത്തെല്ലായിടത്തും ജനങ്ങളില്‍ തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കോളനിവിരുദ്ധസമരം തന്നെ സാമ്പത്തിക ദേശീയതയില്‍ അധിഷ്ഠിതമായിരുന്നു. എന്നാല്‍, സാമ്പത്തിക അതിദേശീയതാവാദവും തീവ്രദേശീയതയും ചേര്‍ന്നാല്‍ സ്ഫോടനാത്മകമായ അവസ്ഥ സംജാതമാകും. ആഭ്യന്തരയുദ്ധവും സംഘര്‍ഷങ്ങളും ജനജീവിതം തകര്‍ത്തെറിയും. 'നോട്ടുപിന്‍വലിക്കല്‍' പാളുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ അതിവൈകാരികതയും തീവ്രദേശീയതയും ഉയര്‍ത്തി പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 'രാജ്യത്തിനുവേണ്ടി നാടും കുടുംബവും ഉപേക്ഷിച്ചു' എന്ന് വികാരഭരിതനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഹിറ്റ്ലറെക്കുറിച്ച് 'ജര്‍മനിക്കുവേണ്ടി സമര്‍പ്പിച്ച ജീവിതം' എന്ന ഗീബല്‍സിയന്‍ പ്രചാരണം ഓര്‍മപ്പെടുത്തുന്ന പ്രസ്താവനയാണിത്. 'രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച' മോഡി ചെയ്യുന്ന സകലകാര്യവും വിമര്‍ശമില്ലാതെ സ്വീകരിച്ചുകൊള്ളണം എന്ന ശാഠ്യം ഇവിടെ പ്രകടമാണ്. 'നോട്ടുപിന്‍വലിക്കല്‍' കള്ളപ്പണത്തിനെതിരായ സൂക്ഷ്മതല ആക്രമണമാണെന്ന പ്രചാരണത്തിന്റെ അര്‍ഥശൂന്യത വസ്തുനിഷ്ഠമായി ധനമന്ത്രി തോമസ് ഐസക് തെളിയിച്ചു. ഇതിന് ബദലായി 'കമ്യൂണിസ്റ്റ്- മുസ്ളിം' അവിശുദ്ധസഖ്യം എന്ന പ്രചാരണമുയര്‍ത്തി തീവ്ര ദേശീയവികാരം ഉണര്‍ത്തുന്ന പോസ്റ്റുകള്‍ സംഘികള്‍ നവമാധ്യമങ്ങളില്‍ നിറച്ചു. 'ഭീകരതയെ തകര്‍ക്കാന്‍ സാമ്പത്തിക പൊഖ്റാന്‍' എന്ന വാദം കൃത്യമായും പാകിസ്ഥാനെയും ജിഹാദികളെയും അവരുടെ കൂട്ടാളികള്‍ എന്ന പേരില്‍ സാധാരണ മുസ്ളിങ്ങളെയും ലക്ഷ്യംവയ്ക്കുന്നുണ്ട്. ചുരുക്കത്തില്‍ പാളിപ്പോയ പരിഷ്കാരത്തിന്റെ പേരില്‍ വിഭജിതരാഷ്ട്രീയത്തിന്റെ കാഹളമാണ് അത്യുച്ചത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടം വര്‍ഗീയരാഷ്ട്രീയത്തിന്റെയും തീവ്ര ദേശീയതയുടെയും ഭൂമികയില്‍ വിരാജിക്കുന്നത് അനഭിലഷണീയമാണ്. കള്ളപ്പണക്കാരുടെ പേരില്‍ ഒരു ജനതയെ മുഴുവനും ശിക്ഷിക്കുന്നത് വിവേകശൂന്യവും ജനവിരുദ്ധവുമാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ ധീരമായ നടപടികള്‍ രാജ്യങ്ങളും ഭരണാധികാരികളും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കറന്‍സി പിന്‍വലിക്കുന്നത് ആദ്യമായല്ല. 1946 ജനുവരിയില്‍ ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു. 1954ല്‍ ആയിരം, അയ്യായിരം, പതിനായിരം നോട്ടുകള്‍ വീണ്ടും പുറത്തിറക്കി. 1978ല്‍ ജനതാ സര്‍ക്കാര്‍ ഇവ പിന്‍വലിച്ചു. ഇന്നത്തേതുപോലുള്ള കുഴപ്പങ്ങളില്ലാതെ നോട്ടുപരിഷ്കാരം അന്ന് നടപ്പാക്കാന്‍ കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഏകീകൃത കറന്‍സിയായ 'യൂറോ'യിലേക്ക് മാറിയതാണ് (1998-2000) ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും വിപുലമായ നോട്ടുപിന്‍വലിക്കല്‍. ആവശ്യമായ മുന്നൊരുക്കങ്ങളോടെ ശാസ്ത്രീയമായി നടപ്പാക്കിയതിനാല്‍ ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകാതെ കറന്‍സിമാറ്റം നടപ്പാക്കാന്‍ കഴിഞ്ഞു. ലോകത്തില്‍ ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. രാഷ്ട്രീയ അഴിമതി, ഭീകരപ്രവര്‍ത്തനം, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന അവിശുദ്ധസഖ്യം ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശതകോടികള്‍ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൌണ്ടില്‍ 15 ലക്ഷംവീതം നിക്ഷേപിക്കുമെന്ന് 2014ല്‍ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ മോഡി പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സാധാരണക്കാരന്റെ ജീവിതമാകട്ടെ കൂടുതല്‍ ദുരിതമയമായി. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായ അണുവിസ്ഫോടനംപോലെ 'നോട്ടുപിന്‍വലിക്കല്‍' അരങ്ങേറിയത്. തികഞ്ഞ കൈയടക്കവും അതീവജാഗ്രതയും ആവശ്യമായ നോട്ടുപരിഷ്കാരം തികഞ്ഞ അശ്രദ്ധയോടെ നടപ്പാക്കിയതിന്റെ കെടുതികളാണ് ഭാരതജനത ഇപ്പോള്‍ അനുഭവിക്കുന്നത്. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഭീകരതയും സംഘടിത കുറ്റകൃത്യങ്ങളും ഇന്ന് ഒരു മുന്നണിയാണ്. ഗീര്‍വാണങ്ങളുടെ പെരുമഴകൊണ്ടോ ഒറ്റമൂലിപ്രയോഗംകൊണ്ടോ ഒറ്റയടിക്ക് ഇല്ലാതാക്കാനാകുന്ന ഒരു സാമൂഹ്യതിന്മയല്ല ഇത്. മുഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്തും രാജ്യത്തെ ഒന്നായി കൂടെനിര്‍ത്തിയും ആത്മാര്‍ഥവും ശാസ്ത്രീയവുമായ നടപടികള്‍കൊണ്ടും വേണം ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍. ഭാരതത്തിലും ലോകത്തിലെ മറ്റു രാജ്യങ്ങളിലും ഇതിനുമുമ്പ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പഠിക്കാനും പരിശോധിക്കാനുമുള്ള വിവേകമെങ്കിലും ഭരണാധികാരികള്‍ കാണിക്കേണ്ടിയിരിക്കുന്നു   Read on deshabhimani.com

Related News