അറപ്പില്ലാതെ അഴിമതി; ഉളുപ്പില്ലാത്ത ന്യായം



അധികാരം അഴിമതിക്കുള്ള അവസരമാക്കുന്നത്‌ യുഡിഎഫിൽ അസാധാരണമായ കാര്യമല്ല. വ്യക്തികളും ചിലപ്പോൾ കൂട്ടായും നടത്തുന്ന  അഴിമതിയും ധനസമ്പാദനവും പിടിക്കപ്പെടുമ്പോൾ മാത്രമാണ്‌ ഉത്തരവാദികൾ നിയമനടപടിക്ക്‌ വിധേയരാകുന്നത്‌. ഇതുവഴി ജയിൽശിക്ഷ അനുഭവിച്ചവരും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവരുമൊക്കെ യുഡിഎഫിലുണ്ട്‌. അത്തരക്കാരെ ന്യായീകരിക്കുകയോ സംരക്ഷണമൊരുക്കുകയോ ചെയ്‌ത അനുഭവങ്ങളും യുഡിഎഫ്‌ ഭരണത്തിലുണ്ട്‌. എന്നാലിപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും മുസ്ലിംലീഗും എത്തിനിൽക്കുന്ന പതനം സമാനതകളില്ലാത്തതാണ്‌. പാലം പൊളിച്ചാലും ജ്വല്ലറി പൂട്ടിയാലും കുഴപ്പമില്ല; തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌ എന്നതാണ്‌ അവരുടെ ന്യായം. യുഡിഎഫിലെ മുഖ്യകക്ഷിയായ ലീഗിന്റെ എംഎൽഎ എം സി ഖമറുദ്ദീൻ  പൊലീസ്‌ കസ്‌റ്റഡിയിലാണിപ്പോൾ. കുറ്റാരോപണം 150 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ്‌. 2017 മുതൽ ഇതുസംബന്ധിച്ച പരാതികൾ ഉയരാൻ തുടങ്ങിയതാണ്‌. 113  പരാതിയിലാണ്‌ പൊലീസ്‌ കേസ്‌‌. പരാതി സിവിൽ സ്വഭാവമുള്ളതാണെന്നും ക്രിമിനൽ കേസ്‌ എടുക്കുന്നത്‌ തടയണമെന്നും ആവശ്യപ്പെട്ട്‌ ഖമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. രണ്ടരമാസമായി സംസ്ഥാന ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചുവരുന്ന കേസുകളാണിത്‌. എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ്‌ വെട്ടിപ്പിന്‌ നേതൃത്വം നൽകിയ ലീഗ്‌ നേതാക്കളായ ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കും ഹാജരാകാൻ നിർദേശം നൽകിയത്‌. എന്നാൽ, ഖമറുദ്ദീന്റെ അറസ്‌റ്റിനും റിമാൻഡിനുമെതിരെ  കോൺഗ്രസും ലീഗും എൽഡിഎഫ്‌ സർക്കാരിനെ പഴിക്കുന്നു‌. പരാതികൾ ശക്തിപ്പെട്ട ഘട്ടത്തിൽ മുസ്ലിംലീഗ്‌ സംസ്ഥാനനേതൃത്വം ഇടപെട്ട കേസാണിത്‌. നിക്ഷേപകർക്ക്‌ പണം തിരിച്ചുനൽകുമെന്ന ഉറപ്പും നൽകി. പണം നഷ്ടപ്പെട്ട ഭൂരിപക്ഷമാളുകളും ലീഗ്‌ പ്രവർത്തകരും അനുഭാവികളുമാണ്‌. ഖമറുദ്ദീനും തങ്ങളും ജില്ലയിൽ ലീഗിന്റെ നേതൃസ്ഥാനത്ത്‌ ഇരിക്കുമ്പോഴാണ്‌ പ്രധാനമായും നിക്ഷേപസമാഹരണം നടത്തിയത്‌. സ്ഥാപനത്തിന്റെ ആസ്തികൾ ചിലർ കൈയടക്കിയതിനാലാണ്‌ നിക്ഷേപകർ വഞ്ചിതരായത്‌. ഈ കുറ്റകൃത്യത്തിന്‌ നേതൃത്വം നൽകിയവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമ്പോൾ ലീഗും കോൺഗ്രസും ലജ്ജയില്ലാതെ സർക്കാരിനെതിരെ തിരിയുകയാണ്‌. ഒരു ബിസിനസ്‌ തകർച്ചയുടെ പേരിൽ എംഎൽഎയെ അറസ്‌റ്റ്‌ ചെയ്യുന്നതെന്തിനെന്ന്‌ ചോദിക്കുന്നത്‌ പി കെ കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയുമാണ്‌. വഞ്ചിതരായ സ്വന്തം അണികളുടെ നെഞ്ചത്തുതന്നെയാണ്‌ ഇവർ കുത്തുന്നത്‌. നിക്ഷേപകർക്ക്‌ പണം തിരിച്ചുനൽകുമെന്ന്‌ ഇവർ ഇ പ്പോഴും ആവർത്തിക്കുന്നത്‌ ആര്‌‌ വിശ്വസിക്കും‌. അന്വേഷണത്തിലൂടെ പണം പോയവഴി കണ്ടെത്തുകയും അത്‌ കണ്ടുകെട്ടുകയും ചെയ്യണമെങ്കിൽ ഈ കുറ്റവാളികളെ നിയമത്തിന്റെ കരങ്ങളിൽ കിട്ടണം. എങ്കിൽ മാത്രമേ നിക്ഷേപകർക്ക്‌ എന്തെങ്കിലും പ്രതീക്ഷിക്കാനാകൂ. അതിനുള്ള ശ്രമം പൊലീസ്‌ നടത്തുമ്പോൾ രാഷ്‌ട്രീയം മറയാക്കി കുറ്റവാളികളെ വിശുദ്ധരാക്കുകയാണ്‌ പ്രതിപക്ഷം.  സ്വർണക്കടത്ത്‌ കേസിനെത്തുടർന്ന്‌ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം ചൂണ്ടിയാണ്‌ പ്രതിപക്ഷം നിക്ഷേപത്തട്ടിപ്പിനെ ന്യായീകരിക്കുന്നത്‌. എൻഐഎയും ഇതര കേന്ദ്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തോട്‌ തുറന്ന മനസ്സാണ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. യുഡിഎഫ്‌ നേതാക്കളുടെ അഴിമതിക്കേസുകളുമായി ഇതിന്‌ ഒരു താരതമ്യവുമില്ല‌.  ലൈഫ്‌ പദ്ധതിയിൽ കോഴ ആരോപണമുയർന്നപ്പോൾ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ നടപടി സ്വീകരിച്ചു. കോടിയേരിയുടെ മകനെതിരെ നടക്കുന്ന അന്വേഷണത്തിലും സർക്കാരും സിപിഐ എമ്മും തത്വാധിഷ്ഠിത നിലപാടാണ്‌ സ്വീകരിച്ചത്‌. പ്രതിപക്ഷം ഉന്നയിച്ച മറ്റ്‌ ആരോപണങ്ങൾക്ക്‌ മണിക്കൂറുകളുടെ ആയുസ്സുപോലും ഉണ്ടായില്ല.   അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും‌ അന്വേഷണം നേരിടുന്ന യുഡിഎഫ്‌ നേതാക്കളുടെ പട്ടിക നീണ്ടതാണ്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ എന്നിവർ കുറ്റാരോപിതരായ ടൈറ്റാനിയം അഴിമതി ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചെങ്കിലും തേഞ്ഞുമാഞ്ഞുപോകുമെന്ന്‌ കരുതാൻ വയ്യ. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിലാണ്‌. സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ കോഴ വാങ്ങിയതിനുപിന്നാലെ വരവിൽ കവിഞ്ഞ സ്വത്തിന്‌ ഇഡി, വിജിലൻസ്‌ അന്വേഷണം നേരിടുകയാണ്‌ ലീഗ്‌ എംഎൽഎ കെ എം ഷാജി. ആര്യാടൻ ഷൗക്കത്ത്‌, പി ടി തോമസ്‌, മുൻമന്ത്രിമാരായ വി എസ്‌ ശിവകുമാർ, കെ ബാബു, അനൂപ്‌ ജേക്കബ്‌, എ പി അനിൽകുമാർ, അടൂർ പ്രകാശ്‌ തുടങ്ങിയവരെല്ലാം വിവിധ കേസുകളിൽ അന്വേഷണം നേരിടുന്നവരാണ്‌. സോളാർ കേസ്‌ അന്വേഷണം പുരോഗമിക്കുമ്പോൾ കോൺഗ്രസ്‌ നേതാക്കളിൽ പലരുടെയും നെഞ്ചിടിപ്പ്‌ കൂടുകയാണ്‌. കേന്ദ്രഭരണത്തിന്റെ തണലിൽ അഴിമതിക്കുള്ള ഒരവസരവും പാഴാക്കാത്തവരാണ്‌  ബിജെപി നേതാക്കൾ. ഒരു വഞ്ചനാ കേസിൽ പ്രതിചേർക്കപ്പെട്ട  ബിജെപി ഉന്നത നേതാവ്‌ പണം മടക്കിനൽകി കേസ്‌ പിൻവലിപ്പിച്ചത്‌ അടുത്തിടെയാണ്‌.  ഭരണതലത്തിൽ അഴിമതിയില്ലെന്ന്‌ ഉറപ്പാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനം തുറന്ന പുസ്‌തകമാണ്‌. ഉദ്യോഗസ്ഥരിലും  മറ്റ്‌ തലങ്ങളിലും അഴിമതി കണ്ടെത്തിയാൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. എന്നിട്ടും, ദുരാരോപണങ്ങൾ ഉന്നയിച്ച്‌ വിവാദങ്ങൾ കത്തിച്ചുനിർത്താനാണ്‌ പ്രതിപക്ഷശ്രമം. രാഷ്ട്രീയപകപോക്കലിന്‌ അന്വേഷണത്തെ ദുരുപയോഗം ചെയ്യുന്ന രീതി ഒരിക്കലും എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിട്ടില്ല. തെളിയിക്കപ്പെട്ട കേസുകളിൽ നടപടിയെടുക്കുമ്പോൾ രാഷ്ട്രീയ ആരോപണങ്ങളെ ഭയപ്പെടാറുമില്ല. ഏത്‌ നെറികേടിനെയും രാഷ്ട്രീയമായി ന്യായീകരിക്കാനുള്ള തൊലിക്കട്ടി പ്രതിപക്ഷത്തിന്‌ അലങ്കാരമായിരിക്കാം. എന്നാൽ, ജനങ്ങൾക്കിത്‌ അരോചകമാണ്‌.   Read on deshabhimani.com

Related News