മരണശയ്യയിൽ കോൺഗ്രസ്‌



അഞ്ച്‌ സംസ്ഥാന നിയമസഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ അടുക്കവെ കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർന്നിരിക്കുകയാണ്‌. ജമ്മുവിൽ ശനിയാഴ്‌ച ചേർന്ന ശാന്തിസമ്മേളനവും അതിൽ മുൻനിര കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തതും ഇതാണ്‌ വിളിച്ചോതുന്നത്‌. കഴിഞ്ഞ ആഗസ്‌തിലാണ്‌ ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ്‌ ശർമ എന്നിവരുടെ നേതൃത്വത്തിൽ 23 നേതാക്കൾ പാർടി അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ കത്തെഴുതിയത്‌. പാർടിയുടെ മുന്നോട്ടുപോക്കിൽ കടുത്ത അസംതൃപ്‌തി അറിയിക്കുന്നതോടൊപ്പം നിലവിലുള്ള നേതൃത്വത്തെ ചോദ്യംചെയ്യുന്നതും തെരഞ്ഞെടുപ്പിലൂടെ പുതിയ നേതാവിനെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ടുമായിരുന്നു ജി 23ന്റെ കത്ത്‌. രാജ്യത്തെ സാധാരണ കോൺഗ്രസുകാരുടെ മനസ്സിലുള്ള അതേ ചോദ്യമാണ്‌ ഈ 23 നേതാക്കളും ഉയർത്തുന്നത്‌. രാജ്യം ഭരിക്കുന്നത്‌ ആർഎസ്‌എസിനാൽ നിയന്ത്രിക്കപ്പെടുന്ന മോഡി സർക്കാരാണ്‌. ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ്‌ മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ ഓരോ കരുനീക്കവും നടത്തുന്നത്‌. പൗരത്വഭേദഗതി നിയമവും കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നതിനായി ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ എടുത്തുകളഞ്ഞതും രാമക്ഷേത്ര നിർമാണവും മറ്റും ഇതിന്റെ ഭാഗമായിരുന്നു. അതോടൊപ്പം നോട്ട്‌ നിരോധനം, ജിഎസ്‌ടി എന്നിവ നടപ്പാക്കുകയും ചെയ്‌തു. മോഡി സർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ വിഷയങ്ങൾ ഏറെയുണ്ടെന്ന്‌ അർഥം. എന്നാൽ, ബിജെപി സർക്കാരിന്റെ ഹിന്ദുത്വ അജൻഡയ്‌ക്കെതിരെ ശക്തമായി പോരാടുന്നതിന്‌ ഒരു ചെറുവിരൽപോലും അനക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. പൂണൂലിട്ട ശിവഭക്തനാണെന്നു പറഞ്ഞ്‌ ക്ഷേത്രങ്ങൾ കയറിയിറങ്ങി മുദുഹിന്ദുത്വത്തിന്റെ മേലങ്കിയണിഞ്ഞ്‌ തീവ്രഹിന്ദുത്വത്തെ നേരിടാനാണ്‌ രാഹുലും കൂട്ടരും തയ്യാറായത്‌.   കോൺഗ്രസ്‌ ഇന്ത്യയിൽ അവതരിപ്പിച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ബിജെപി അതിശക്തമായി നടപ്പാക്കിയപ്പോൾ അതിനെതിരെ ശബ്ദിക്കാനും കോൺഗ്രസിന്‌ കഴിയാതെ പോയി. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശമായപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള ഇടമാണ്‌ ശോഷിച്ചത്‌. കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ അടിസ്ഥാനവും നയങ്ങളിലെ സമാനതയാണ്‌. ജ്യോതിരാദിത്യസിന്ധ്യമാർക്കും എസ്‌ എം കൃഷ്‌ണമാർക്കും ‌ബിജെപിയിലേക്കും ഗാന്ധി ഘാതകനായ ഗോഡ്‌സേക്ക്‌ ക്ഷേത്രം പണിത ബാബുലാൽ ചൗരസ്യക്ക്‌ കോൺഗ്രസിലേക്കും ചേക്കേറാൻ ഒരു വൈമനസ്യവുമില്ലാത്തത്‌ ഇതുകൊണ്ടാണ്‌. കോൺഗ്രസിന്റെ സമുന്നത നേതാവായ അഹമ്മദുപട്ടേൽ മരിച്ചപ്പോൾ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക്‌ സ്ഥാനാർഥിയെ നിർത്താൻപോലും കഴിയാത്ത പാർടിയായി കോൺഗ്രസ്‌ അധഃപതിച്ചു. കർണാടകയിലും മധ്യപ്രദേശിലും അവസാനമായി പുതുച്ചേരിയിലും ലഭിച്ച‌ അധികാരം കോൺഗ്രസിന്‌ നഷ്ടമായതും ഇതുകൊണ്ടുതന്നെയാണ്‌. മൂന്നിൽരണ്ട്‌ ഭൂരിപക്ഷമില്ലാത്ത ഏത്‌ ജയവും കോൺഗ്രസിന്‌ പരാജയമായിരിക്കുമെന്ന്‌ രാഹുൽ ഗാന്ധിക്കുതന്നെ പറയേണ്ടിവന്നിരിക്കുന്നു. പാർടി തീർത്തും ദുർബലമായിരിക്കുന്നു. കോൺഗ്രസ്‌ മുക്ത ഭാരതമെന്ന ബിജെപിയുടെ ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യം യാഥാർഥ്യമാക്കാൻ ഏറെ ഉത്സാഹിക്കുന്നത്‌ രാഹുൽ ഗാന്ധിയുടെ പാർടി തന്നെയാണെന്നതാണ്‌ വിരോധാഭാസം. ശക്തമായ മതനിരപേക്ഷ ജനാധിപത്യ ലിബറൽ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടു മാത്രമേ കോൺഗ്രസിന്‌ നഷ്ടമായ ഇടം തിരിച്ചുപിടിക്കാൻ കഴിയൂ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത്‌ നടക്കില്ലെന്ന തിരിച്ചറിവിൽനിന്നാണ്‌ 23 നേതാക്കൾ വിമതവേഷം കെട്ടി രംഗത്തുവന്നത്‌. ഗാന്ധി കുടുംബത്തിനു പുറത്ത്‌ ഒരാൾ കോൺഗ്രസിനെ നയിക്കണമെന്നാണ്‌ ഇവർ ആവശ്യപ്പെട്ടത്‌. രാഹുൽ ഗാന്ധിക്ക്‌ ബിജെപിക്കെതിരായി പൊരുതാനുള്ള കെൽപ്പില്ലെന്ന പരസ്യ പ്രഖ്യാപനമാണ്‌ ഈ നേതാക്കൾ നടത്തിയത്‌. ജൂണിൽ പാർടി പ്രസിഡന്റ്‌‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്താമെന്നു പ്രഖ്യാപിച്ച്‌‌ വിമതപ്രവർത്തനത്തിന്‌ തടയിടാമെന്ന വ്യാമോഹമാണ്‌ രാഹുൽ ഗാന്ധിയും മറ്റും പ്രകടിപ്പിച്ചിരുന്നത്‌. എന്നാൽ, ഗുലാംനബി ആസാദിന്‌ രാജ്യസഭാ സീറ്റ്‌ നിഷേധിച്ചതും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ തോറ്റ മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കിയതും മറ്റും വിമതരെ ഒതുക്കാനുള്ള നേതൃത്വത്തിന്റെ നീക്കമായാണ്‌ വിലയിരുത്തപ്പെട്ടത്‌. 370–-ാം വകുപ്പ്‌ റദ്ദാക്കിയവേളയിൽ ജമ്മു കശ്‌മീരിനുള്ള സംസ്ഥാനപദവി എടുത്തുകളഞ്ഞിരുന്നു. സംസ്ഥാനം രണ്ട്‌ കേന്ദ്രഭരണപ്രദേശമായി മാറി. അതുകൊണ്ടുതന്നെ നിയമസഭയില്ലാതായി. സ്വാഭാവികമായും ജമ്മു കശ്‌മീരിന്‌ രാജ്യസഭയിലുള്ള പ്രാതിനിധ്യവും നഷ്ടമായി. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കുന്ന ബിജെപിയുടെ ഈ നയത്തിനെതിരെ പോരാടിയിരുന്നുവെങ്കിൽ ജമ്മു–-കശ്‌മീരിലെ ജനങ്ങൾക്ക്‌ ഈ ഗതി വരില്ലായിരുന്നു. നാഷണൽ കോൺഫറൻസും സിപിഐ എമ്മും മറ്റും ഉൾപ്പെട്ട ഗുപ്‌കാർ സഖ്യം ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയ നടപടി പിൻവലിച്ച്‌ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ സഖ്യംതന്നെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയവരാണ്‌ കോൺഗ്രസ്‌. നിർണായക വിഷയങ്ങളിൽ മോഡി സർക്കാരിന്റെ ഹിന്ദുത്വ അജൻഡയ്‌ക്ക്‌ കീഴടങ്ങുക എന്നതാണ്‌ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയം. കോൺഗ്രസ്‌ ദുർബലമാകുന്നതിനുള്ള പ്രധാന കാരണവും ഇതാണ്‌. തീർച്ചയായും കോൺഗ്രസ്‌ മരിച്ചുകൊണ്ടിരിക്കുകയാണ്‌, പതുക്കെയാണെങ്കിലും. വിമത നീക്കം അതിന്റെ പ്രതിഫലനം മാത്രമാണ്‌. Read on deshabhimani.com

Related News