അഴിമതി അക്കമിട്ടു നിരത്തി സിഎജി



കേരള ചരിത്രത്തിലെ ഏറ്റവും കൊടിയ അഴിമതി നടമാടിയ ഭരണത്തിനാണ് ഉമ്മന്‍ചാണ്ടി നേതൃത്വം കൊടുത്തിരുന്നത്. തുടക്കംമുതല്‍ ഒടുക്കംവരെ അഴിമതിയുടെ നൈരന്തര്യമാണ് ആ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്. അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും അഴിമതിക്കേസുകളില്‍ കോടതി കയറിയിറങ്ങുകയാണ്. കേരളത്തിന് അവര്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ആ സര്‍ക്കാര്‍ അവസാനകാലത്തെടുത്ത തീരുമാനങ്ങളെല്ലാം നിയമവിരുദ്ധമായിരുന്നുവെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി ചൂണ്ടിക്കാട്ടിയ എല്ലാ വിഷയങ്ങളും ശരിയാണ് എന്നതിന്റെ ആവര്‍ത്തിച്ചുള്ള സാധൂകരണമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലടക്കം നടന്ന കൊള്ളരുതായ്മകളാണ് സിഎജി അക്കമിട്ട് നിരത്തുന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സാമ്പത്തികനില തകര്‍ക്കുന്നതും ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റില്‍പറത്തുന്നതുമായ തീരുമാനങ്ങള്‍ തുടരെത്തുടരെ എടുത്തുകൊണ്ട് തന്റെ  'മനസ്സാക്ഷി'ക്ക് തോന്നുന്നത് ചെയ്യുമെന്ന ധിക്കാരപരമായ സമീപനമാണ് ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്്. ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ഭൂമി അനുവദിച്ചതില്‍ നടന്ന ചട്ടലംഘനം ഇന്നത്തെ പ്രതിപക്ഷ നേതാവിനെത്തന്നെയാണ് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം കാറ്റില്‍പറത്തി 2015 മെയ് ആറിനാണ് കൃഷിഭൂമി ഏറ്റെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് ഈ ഉത്തരവിന് സാധുത നല്‍കിയവര്‍. കോട്ടയം ഇടനാഴി പദ്ധതിയിലും കോട്ടയം നഗരാതിര്‍ത്തിയിലുള്ള ഭൂമിയിലും മാറ്റംവരുത്താനാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. മെത്രാന്‍കായല്‍ നെല്‍വയല്‍ റെക്കിന്റോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഭൂമിയില്‍ മാറ്റംവരുത്താന്‍ അനുമതി നല്‍കിയതും കടമക്കുടി പഞ്ചായത്തിലെ മെഡി സിറ്റിക്കുവേണ്ടി ഭൂമിയില്‍മാറ്റംവരുത്തുന്നതിലും കോട്ടയം കോടിമത മൊബിലിറ്റി ഹബ്ബിലും നിയമവ്യവസ്ഥകള്‍ പാലിക്കാതെയാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ നേരിട്ടുള്ള പരാമര്‍ശങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഭൂമികൈയേറ്റക്കാര്‍ക്കൊപ്പമാണ്, അവര്‍ക്കുവേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ നിലകൊണ്ടത്. ഹൈക്കോടതി ഉത്തരവുപോലും അവഗണിച്ച് കൈയേറ്റക്കാരെ സംരക്ഷിച്ചു. പീരുമേട്, കണ്ണന്‍ദേവന്‍ മലനിരകള്‍ എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കൂട്ടാക്കിയില്ല. ഒരുവശത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കി പരിസ്ഥിതി നാശത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിച്ച മന്ത്രിമാര്‍തന്നെയാണ് മറുവശത്ത് വനംകൈയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചത്. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, തങ്ങളുടെ മദ്യനയത്തിന്റെ മേന്മ പറഞ്ഞുകൊണ്ടാണ്. ആ മദ്യനയം അബ്കാരികളില്‍നിന്ന് വന്‍തോതില്‍ പണം തട്ടാനുറച്ച് ആര്‍ത്തിയോടെ എടുത്തുചാടിയതിന്റെ ഫലമായിരുന്നു എന്നതില്‍ ഇന്ന് ആരും തര്‍ക്കം പറയില്ല. യുഡിഎഫ് കാലത്ത് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 166 ബാറിന്  ഒരു തുടര്‍പരിശോധനയും നടത്താതെയാണ് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിലെ വീഴ്ചയാണ്, ജനങ്ങള്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നീങ്ങിയതിന്റെ മറ്റൊരു തെളിവായി സിഎജി ചൂണ്ടിക്കാട്ടുന്നത്.  ഇതിനെല്ലാം പുറമെയാണ് നികുതിപിരിവിലെ അപാകം. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷത്തില്‍ നികുതിനിര്‍ണയത്തിലെ അപാകംമൂലം 3000 കോടിയോളം രൂപയുടെ വരുമാനനഷ്ടമുണ്ടായതായി സിഎജി വിലയിരുത്തുന്നു. സ്വര്‍ണം, വജ്രം, പ്ളാറ്റിനം ഉള്‍പ്പെടെയുള്ളവയുടെ നികുതിനിര്‍ണയത്തില്‍ ഗുരുതരവീഴ്ചയുണ്ടായി. സ്വര്‍ണക്കച്ചവടക്കാരില്‍നിന്നും ബേക്കറിയുടമകളില്‍നിന്നുമടക്കം ബജറ്റിലെ നികുതിനിര്‍ദേശവുമായി ബന്ധപ്പെടുത്തി വിലപേശിയ യുഡിഎഫ് നാണക്കേട് നേരത്തെതന്നെ പുറത്തുവന്നതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളിലെ കടുംവെട്ട് തീരുമാനങ്ങളുടെ പരിശോധന പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. അത് പൂര്‍ത്തിയാകുമ്പോള്‍ വരാനിരിക്കുന്ന വിവരങ്ങളുടെ സൂചനമാത്രമാണ് സിഎജി റിപ്പോര്‍ട്ടില്‍ കാണാനാകുന്നത്. സിഎജി റിപ്പോര്‍ട്ട് കുറ്റാന്വേഷണ റിപ്പോര്‍ട്ടോ കുറ്റപത്രമോ അല്ല. എന്നാല്‍, അതില്‍ ചൂണ്ടിക്കാട്ടിയ ഓരോ വിഷയവും കേരളം ഇതിനകം ചര്‍ച്ചചെയ്തിട്ടുള്ളതും അഴിമതിക്ക് ശക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതുമാണ്. പലതും കോടതിയുടെ പരിഗണനയിലുണ്ട്. അഞ്ചുകൊല്ലത്തെ ഭരണംകൊണ്ട് ഉമ്മന്‍ചാണ്ടി സംഘം കേരളത്തെ എവിടെയാണ് എത്തിച്ചത് എന്നതിന്റെ ഭീകരചിത്രമാണ് തെളിയുന്നത്. അലംഘനീയമായ ഈ തെളിവുകളോട് മുഖംതിരിഞ്ഞുനില്‍ക്കാതെ അഴിമതിയുടെയും കൊള്ളരുതായ്മകളുടെയും മൂര്‍ത്തരൂപങ്ങളായ സഹപ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. യുഡിഎഫ് ഘടക കക്ഷികളും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതുണ്ട്. അഴിമതിരാജാക്കന്മാരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന ഏത് കടുത്ത നടപടിക്കും ജനങ്ങളുടെ മനസ്സുതുറന്ന പിന്തുണയുണ്ടാകും. യുഡിഎഫിന്റെ അഴിമതിക്ക് ജനങ്ങള്‍ നല്‍കിയ രാഷ്ട്രീയ ശിക്ഷയാണ് തെരഞ്ഞെടുപ്പു ഫലമെങ്കില്‍, അഴിമതിക്കാരായ ഓരോരുത്തരെയും വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് ഇനി എല്‍ഡിഎഫ് സര്‍ക്കാരിന് നിറവേറ്റാനുള്ളത് Read on deshabhimani.com

Related News