ബിജെപി ഭരണത്തിലെ നെറികേടുകള്‍



കേരളത്തിനെതിരെ പ്രചാരണം നടത്താന്‍ ബിജെപി കൊണ്ടുവന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയൊരു താരതമ്യത്തിന് അവസരം സൃഷ്ടിച്ചാണ് തിരിച്ചുപോയത്. കുഞ്ഞുങ്ങള്‍ തുടരെത്തുടരെ മരിച്ചുവീഴുന്ന യുപിയിലെ ആശുപത്രികളെയും കേരളത്തിലെ പൊതുജനാരോഗ്യ പരിപാലന സംവിധാനത്തെയും വേര്‍തിരിച്ചറിയാനും കേരളത്തിന്റെ മേന്മ കൂടുതല്‍ ജനങ്ങളിലെത്തിക്കാനുമുള്ള സന്ദര്‍ഭമാണ് യോഗി ഒരുക്കിയത്. സര്‍ക്കാര്‍ വേണ്ട സൌകര്യങ്ങളൊരുക്കാത്തതുകൊണ്ടും അശ്രദ്ധകൊണ്ടും കുഞ്ഞുങ്ങള്‍ മരിക്കുന്ന ദുരനുഭവമാണ് അന്നും തുടര്‍ന്നും യുപിയിലുണ്ടാകുന്നത്. എന്നാല്‍, ഛത്തീസ്ഗഡില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍ അതിന്റെ പതിന്മടങ്ങ് ഭയാനകമാണ്. സ്വന്തം  മരുമകളുടെ പ്രസവത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രിയുടെ ഒരുനില പൂര്‍ണമായും ഒഴിപ്പിച്ച് രോഗികളെ പെരുവഴിയിലിറക്കി, പേരക്കുഞ്ഞിനെയുമെടുത്ത് ഫോട്ടോയ്ക്ക് പോസ്ചെയ്ത മുഖ്യമന്ത്രി രമണ്‍സിങ്ങിനെയാണ് അവിടെ കാണുന്നത്. ഡോ. ബി ആര്‍ അംബേദ്കറുടെപേരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് അന്നാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് ഇറങ്ങിപ്പോകേണ്ടിവന്നത്. ജനാധിപത്യസംവിധാനത്തിലെ മുഖ്യമന്ത്രി പദവി മാടമ്പിത്തം കാട്ടാനുള്ള ലൈസന്‍സാണെന്ന ധാരണയിലാണ് രമണ്‍സിങ് പെരുമാറിയത്. മരുമകള്‍ ഐശ്വര്യസിങ്ങിന്റെ പ്രസവത്തിന് സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്ത അദ്ദേഹം, 1200 രോഗികളെ നിഷ്കരുണം ഒഴിപ്പിച്ചാണ് മരുമകളെയും കുടുംബത്തെയും  തന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരെയും സുഖിച്ച് പാര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയത്.  ബിജെപി എന്ന പാര്‍ടിയുടെ യഥാര്‍ഥ മുഖം ഇതാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഇത്തരം വാര്‍ത്തകളാണ് തുടര്‍ച്ചയായി വരുന്നത്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ അഴിഞ്ഞാട്ടത്തെ സര്‍ക്കാരുകള്‍ സ്പോണ്‍സര്‍ ചെയ്യുകയാണ്. രാജസ്ഥാനിലെ അല്‍വറില്‍ നവംബര്‍ 10ന്  ക്ഷീരകര്‍ഷകന്‍ ഉമര്‍ ഖാനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. പശുവിനെ പോറ്റി ഉപജീവനം നടത്തുന്ന ക്ഷീരകര്‍ഷകനെ കന്നുകാലിക്കടത്തുകാരനാക്കി ചിത്രീകരിച്ച് വെടിവച്ചുവീഴ്ത്തിയശേഷം ശരീരം തീവണ്ടിപ്പാളത്തിലിടുകയായിരുന്നു. ഉമര്‍ ഖാന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചപ്പോള്‍മാത്രം കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഉമര്‍ ഖാനും കൂട്ടരും കന്നുകാലി കള്ളക്കടത്തുകാരാണെന്ന ഗോരക്ഷാഗുണ്ടകളുടെ ആരോപണത്തിന്റെ പ്രചാരണമാണ് പിന്നെ ഏറ്റെടുത്തത്.  ഗോരക്ഷയുടെപേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. ഇതിനായി ജില്ലകളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നും  ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവുണ്ട്. ഇതെല്ലാം തൃണവല്‍ഗണിച്ച്  ഗോരക്ഷാഗുണ്ടകളുടെ സംരക്ഷകരായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് മാറുന്നു. മുഹമ്മദ് അഖ്ലാക്കിന്റെ  കൊലപാതകികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ബഹുമതിയുമാണ് നല്‍കിയതെങ്കില്‍ പെഹ്ലു ഖാന്റെ കൊലപാതകികളെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നഗ്നമായ ഇടപെടലാണുണ്ടായത്. ഉമര്‍ ഖാന്‍ വധക്കേസിലും അതുതന്നെ ആവര്‍ത്തിക്കുന്നു. യുപിയില്‍നിന്നും ജാര്‍ഖണ്ഡില്‍നിന്നും പട്ടിണിമരണത്തിന്റെ വാര്‍ത്തകളാണ് വരുന്നത്്. ഉത്തര്‍പ്രദേശില്‍ ആധാറില്ലാത്തതിനെതുടര്‍ന്ന് റേഷന്‍ നിഷേധിച്ച കുടുംബത്തിലെ വീട്ടമ്മ ബറേലി സ്വദേശി ഷാക്കിന അഷ്ഫാഖ് അഞ്ചുദിവസമായി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ്് മരിച്ചത്. പട്ടിണിയിലാണെന്ന് പറഞ്ഞിട്ടും അവര്‍ക്ക് റേഷന്‍ നല്‍കിയിട്ടില്ല. സെപ്തംബറില്‍ ജാര്‍ഖണ്ഡില്‍ പട്ടിണിമൂലം സന്തോഷികുമാരിയെന്ന 11 വയസ്സുകാരിയാണ് മരിച്ചത്. ഒരുഭാഗത്ത് സാധാരണ ജനങ്ങളെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്ന നടപടികള്‍; മറുഭാഗത്ത് കായിക ആക്രമണങ്ങള്‍ - ബിജെപി ഭരണത്തില്‍ ഇതാണ് സംഭവിക്കുന്നത്.  തങ്ങള്‍ എത്രതന്നെ ആക്രമണം നടത്തിയാലും സബ്സിഡികള്‍ ഇല്ലാതാക്കിയാലും ജനങ്ങളെ ദ്രോഹിച്ചാലും വര്‍ഗീയതയുടെ ഇന്ധനത്തില്‍  രക്ഷപ്പെടാം എന്ന അഹന്തയാണ് ബിജെപിയെയും അതിന്റെ തലപ്പത്തുള്ള ആര്‍എസ്എസിനെയും നയിക്കുന്നത്.  സ്വന്തം നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും തള്ളിപ്പറഞ്ഞിട്ടും വന്‍ ദുരന്തമാണ് ആ തീരുമാനമെന്ന് ജനങ്ങള്‍ കൂട്ടത്തോടെ വിളിച്ചുപറഞ്ഞിട്ടും  നോട്ടുനിരോധത്തിന്റെ അപദാനം വാഴ്ത്താന്‍ ബിജെപി നേതൃത്വം മടിക്കാത്തതിന്റെ സാഹചര്യവും മറ്റൊന്നല്ല. സ്വന്തം കുടുംബാംഗത്തിന്റെ പ്രസവത്തിനായി സര്‍ക്കാരാശുപത്രികളിലെ രോഗികളെ ഒഴിപ്പിച്ചുവിടുന്ന ഭരണാധികാരിയെ തള്ളിപ്പറയാന്‍പോലും തയ്യാറാകാത്ത വികല ബോധമാണ് ബിജെപിയുടേത്. അത് ജനാധിപത്യത്തിന്റേതല്ല- വെറുക്കപ്പെടേണ്ട സ്വേച്ഛാധിപത്യത്തിന്റേതാണ്; ജനവിരുദ്ധതയുടേതാണ് Read on deshabhimani.com

Related News